പാഠ്യപദ്ധതി പരിഷ്കരണത്തിൽ എല്ലാവരുടെയും അഭിപ്രായം പരിഗണിക്കും; മുഖ്യമന്ത്രി പിണറായി വിജയൻ

പാഠ്യപദ്ധതി പരിഷ്കരണത്തിൽ എല്ലാവരുടെയും അഭിപ്രായം പരിഗണിക്കും; മുഖ്യമന്ത്രി പിണറായി വിജയൻ

മേമുണ്ട ഹയർസെക്കന്ററി സ്കൂളിലെ വജ്രജൂബിലി കെട്ടിടവും ഇൻഡോർ ഗ്രൗണ്ടും ഓപ്പൺ സ്റ്റേജും നാടിന് സമർപ്പിച്ചു 

പാഠ്യപദ്ധതി പരിഷ്കരണത്തിൽ എല്ലാവരുടെയും അഭിപ്രായം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മേമുണ്ട ഹയർസെക്കന്ററി സ്കൂളിലെ വജ്രജൂബിലി കെട്ടിടത്തിന്റെയും ഇൻഡോർ ഗ്രൗണ്ടിന്റെയും ഓപ്പൺ സ്റ്റേജിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ പഠനം നടത്തിയും തുടർന്ന് ചർച്ചയുടെയും അടിസ്ഥാനത്തിലാണ് പാഠ്യപദ്ധതി പരിഷ്കരണം നടപ്പാക്കുന്നത്. ഇതിൽ എല്ലാവരുടെയും അഭിപ്രായം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിജയിച്ചുകഴിഞ്ഞു. ഇന്ന് പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളുടെ ഒഴുക്കാണ്. 2,546 കോടി രൂപയാണ് പൊതുവിദ്യാഭ്യാസ മേഖലക്കായി സർക്കാർ മാറ്റിവെച്ചത്. ഒരു കുട്ടിക്കും വിദ്യാഭ്യാസം ലഭിക്കാതിരിക്കരുതെന്നാണ് സർക്കാർ ലക്ഷ്യം.

ലഹരി വസ്തുക്കളുടെയും മയക്കുമരുന്നിന്റെയും ഉപയോഗം കുട്ടികളിൽ വർധിച്ചുവരികയാണ്. മയക്കുമരുന്ന് മാഫിയ കുട്ടികളെയാണ് ലക്ഷ്യമിടുന്നത്. ഇതിനെ ഗൗരവമായി കണ്ട്, സ്കൂൾ അധികൃതരും നാട്ടുകാരും വീട്ടുകാരും ജാഗ്രത കാണിക്കണം. ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ എക്സ്സൈസ് വകുപ്പും പോലീസും കർശന നടപടികളാണ് സ്വീകരിക്കുന്നത്. ഇക്കാര്യത്തിൽ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ അധ്യക്ഷനായി. യുഎൽസിസിഎസ് ചെയർമാൻ പാലേരി രമേശനെ മുൻ മന്ത്രി സി കെ നാണു ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം ശ്രീലത, പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ ബിജുള, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ വി റീന, ഡിഇഒ ഹെലൻ ഹൈസന്ത് മെൻ്റോസ്, സ്കൂൾ മാനേജ്മെൻ്റ് പ്രസിഡൻ്റ് ആർ ബാലറാം, പിടിഎ പ്രസിഡന്റ് ഡോ.എം വി തോമസ് എന്നിവർ ജില്ലാ കലോത്സവത്തിൽ പ്രതിഭകളായവർക്ക് ഉപഹാര സമർപ്പണം നടത്തി. പഞ്ചായത്ത് പ്രസിഡൻ്റുമാരായ സബിത മണക്കുനി, കാട്ടിൽ മൊയ്തു, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ കെ സിമി,മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പാൾ പി കെ കൃഷ്ണദാസ്, പി പി പ്രഭാകരൻ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു.  സ്വാഗതസംഘം ജന. കൺവീനർ എം നാരായണൻ സ്വാഗതവും പ്രധാനാധ്യാപകൻ പി കെ ജിതേഷ് നന്ദിയും പറഞ്ഞു. വിദ്യാർഥികൾ അവതരിപ്പിച്ച സംഗീത നിശ കലാപരിപാടികളും റാസയും ബീഗവും അവതരിപ്പിച്ച ഗസൽ നൈറ്റും പരിപാടിയുടെ ഭാഗമായി നടന്നു.