കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് കടവ് പാലം പ്രവൃത്തി അന്തിമഘട്ടത്തിലെത്തി. പാലത്തിന്‍റെ മപ്രം ഭാഗത്ത് നടക്കുന്ന അവസാന ഘട്ട കോണ്‍ക്രീറ്റ് സൈറ്റ് പി.ടി.എ റഹീം എം.എല്‍.എ സന്ദര്‍ശിച്ചു.

പ്രതിസന്ധികള്‍ പഴങ്കഥയാക്കി
കൂളിമാട്പാലം പൂര്‍ത്തീകരണത്തിലേക്ക്

കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് കടവ് പാലം പ്രവൃത്തി അന്തിമഘട്ടത്തിലെത്തി. പാലത്തിന്‍റെ മപ്രം ഭാഗത്ത് നടക്കുന്ന അവസാന ഘട്ട കോണ്‍ക്രീറ്റ് സൈറ്റ് പി.ടി.എ റഹീം എം.എല്‍.എ സന്ദര്‍ശിച്ചു. 
2016-17 ബഡ്ജറ്റില്‍ പ്രഖ്യാപിച്ച കൂളിമാട് പാലത്തിന്‍റെ പ്രവൃത്തി 2019 മാര്‍ച്ച് 09 ന് 
അന്നത്തെ എക്സൈസും തൊഴിലും വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത് ആരംഭിച്ചിരുന്നു. തുടര്‍ന്ന് വന്ന പ്രളയത്തില്‍ പാലത്തിന്‍റെ പ്രവൃത്തിക്കായി നാട്ടിയ സംവിധാനങ്ങള്‍ ഒലിച്ചുപോവുകയും നിര്‍മ്മാണ സാമഗ്രികള്‍ നശിക്കുകയും ചെയ്തതോടെ പ്രവൃത്തി നിര്‍ത്തിവെക്കുകയായിരുന്നു. പ്രളയത്തെ പ്രതിരോധിക്കുന്ന രീതിയില്‍ പാലത്തിന്‍റെ ഡിസൈനും എസ്റ്റിമേറ്റും പുതുക്കിയശേഷമാണ് പിന്നീട് പ്രവൃത്തി പുനരാരംഭിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റി കരാർ എടുത്ത കൂളിമാട് പാലത്തിന് കിഫ്ബി മുഖേന 25 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭ്യമാക്കിയിരുന്നത്.
പാലത്തിന് 35 മീറ്റര്‍ നീളത്തിലുള്ള 7 സ്പാനുകളും  12 മീറ്റര്‍ നീളത്തിലുള്ള 5 സ്പാനുകളും ഉള്‍പ്പെടെ 309 മീറ്റര്‍ നീളമുണ്ട്. കൂളിമാട് ഭാഗത്ത് 160 മീറ്റര്‍ നീളത്തിലും മപ്രം ഭാഗത്ത് 80 മീറ്റര്‍ നീളത്തിലും അപ്രോച്ച് റോഡും നിര്‍മ്മിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.  ആകെ 13 തൂണുകളും രണ്ട് വശങ്ങളിലും അബട്ട്മെന്റുകളും  ഉള്ള ഈ പാലം പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതോടെ കോഴിക്കോട് ജില്ലയിലെ  മലയോര പ്രദേശങ്ങളിലുള്ളവര്‍ക്കടക്കം കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്കും തിരിച്ചും എളുപ്പത്തില്‍ എത്തിച്ചേരാന്‍ ഇത് സഹായകമാവും.

ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ, കെ.ആര്‍.എഫ്.ബി എക്സി. എഞ്ചിനീയര്‍ കെ അബ്ദുല്‍ അസീസ്, അസി. എക്സി. എഞ്ചിനീയര്‍ പി.ബി ബൈജു, അസി. എഞ്ചിനീയര്‍ എം അബ്ദുല്‍ വഹാബ്, ഓവര്‍സിയര്‍ എല്‍ ഹാരിസ് , ടി.വി ബഷീര്‍, എ റസാഖ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.