ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ
പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിലൂടെ ട്രാക്കിലേക്ക് വീഴാൻ പോയ മകനെയും അച്ഛനെയും രക്ഷപ്പെടുത്തി ആർ. പി. എഫ് ഉദ്യോഗസ്ഥൻ.
വൈറലായ വീഡിയോയിലെ ഉദ്യോഗസ്ഥൻ മാവൂർ ചെറൂപ്പ സ്വദേശി.
12617 എറണാകുളം - നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് എക്സ്പ്രസ്സ് കോഴിക്കോട് നാലാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നും വൈകിട്ട് 5:20 ന് പുറപ്പെട്ട ഉടനെ പ്ലാറ്റ്ഫോമിലേക്ക് വൈകിയെത്തിയ അച്ഛനും അമ്മയും മകനും അടങ്ങുന്ന കുടുംബം ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുകയായിരുന്നു . അമ്മ ആദ്യം ട്രെയിനിൽ കയറി. അച്ഛൻ ലഗേജുകൾ ഓരോന്നായി കമ്പാർട്ട്മെൻ്റിന് അകത്തേക്ക് എറിഞ്ഞ് പിന്നീട് മകനുമായി ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിലൂടെ രണ്ടുപേരും ട്രാക്കിലേക്ക് വീഴാൻ തുടങ്ങിയത്. പ്ലാറ്റ്ഫോം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന RPF ഉദ്യോഗസ്ഥൻ മുഹമ്മദ് ഇല്ല്യാസ് ഓടിയെത്തി മകനെയും അച്ഛനെയും പ്ലാറ്റ്ഫോമിലേക്ക് വലിച്ചിട്ടത് കൊണ്ട് വൻ അപകടം ഒഴിവായി. ഈ ഉദ്യോഗസ്ഥൻ്റെ സമയോചിതമായ ഇടപെടൽ കാരണം രണ്ടു ജീവനുകളാണ് രക്ഷപ്പെട്ടത്. ഉടനെ അമ്മ ട്രെയിനിലാണെന്ന് ഈ ഉദ്യോഗസ്ഥൻ തന്നെ ട്രെയിൻ മാനേജറെ (ഗാർഡിനെ) ധരിപ്പിച്ചതോടെ സംഭവം മനസ്സിലാക്കിയ അദ്ദേഹം ട്രെയിൻ നിർത്താൻ സന്മനസ്സ് കാണിച്ചു. മകനെയും അച്ഛനെയും കയറ്റിയ ഉടനെ ട്രെയിൻ പുറപ്പെടുകയും ചെയ്തു.
ഈ ഉദ്യോഗസ്ഥൻ പറയുന്നു:
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ കയറുന്നത് അതുവഴി അപകടം വരുത്തി വെക്കുന്നതും ഇന്ന് സർവ്വ സാധാരണമാണ് . റെയിൽവേ ഇതെക്കുറിച്ചെല്ലാം ബോധവൽക്കരണം നടത്തുന്നുണ്ടെങ്കിലും അതൊന്നും ആരും വേണ്ടത്ര ശ്രദ്ധിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഓടിക്കയറാൻ വരുന്നവരെ അരുതെന്ന് പറഞ്ഞാലോ തടുത്ത് നിർത്തിയാലോ RPF കാരണം ട്രെയിൻ മിസ്സ് ആയി എന്നും പറഞ്ഞു തർക്കിക്കുകയാണ് പതിവ്. മാത്രമല്ല രക്ഷിക്കാൻ ശ്രമിക്കുമ്പോൾ ആർ പി എഫോ പോലീസോ പിടിച്ചിട്ടും കിട്ടാതെ ട്രെയിനിനു അടിയിലേക്ക് തന്നെ വീഴാനും സാധ്യത ഏറെയാണ്. ആർ പി. എഫ് പിടിച്ചത് കൊണ്ടാണ് അല്ലെങ്കിൽ അപകടം പറ്റില്ലായിരുന്നു, അല്ലെങ്കിൽ അവർ കയറിയേനെ എന്നൊക്കെ പറയാനും ആളുകൾ ഉണ്ടാകും. റിസ്ക് ഉണ്ട്, ഭയമാണ് എങ്കിലും ഇത് പോലെ അപകട സാധ്യത കൺമുന്നിൽ നടക്കുമ്പോൾ രക്ഷിക്കാൻ കഴിയുമെന്നുള്ള ശുഭപ്രതീക്ഷയിൽ ഇറങ്ങിത്തിരിക്കുന്നു. തൻ്റെ സഹപ്രവർത്തകരും ഇതേപോലെ രക്ഷാപ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. സിസിടിവിയിൽ ഉൾപ്പെടുന്നത് വിരലിൽ എണ്ണാവുന്നത് മാത്രമാണ് എന്നത് കൊണ്ടാണ് ശ്രദ്ധിക്കപ്പെടാതെ പോകുന്നത്.
18 വർഷമായി ആർ. പി. എഫിൽ ജോലി ചെയ്യുന്ന ഇല്ല്യാസ് ആർ. പി. എഫിൻ്റെ ദേശീയ ഫുട്ബോൾ താരം കൂടിയാണ്. സതേൺ റെയിൽവേക്ക് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്.
കോഴിക്കോട് മാവൂർ ചെറൂപ്പയിലെ എം. പി. മുഹമ്മദിൻ്റെയും സുബൈദയുടെയും മകനാണ്. ഭാര്യ സുംന.വി.പി. മകൾ ഫാത്തിമ.