കലാ മൃതം ഉദ്ഘാടനം ചെയ്തു.
കലാലയങ്ങൾക്ക് ദിശാബോധം നൽകുന്നതിൽ സമസ്തയുടെ മാതൃക നിസ്തുലം : അബ്ദുസ്സമദ് പൂക്കോട്ടൂർ
പെരുമണ്ണ:
ശാന്തിയുടെ വിളനിലങ്ങളാവേണ്ട കലാലയങ്ങൾ ഭീതിയുടെയും അസമാധാനത്തിന്റെയും ഇടങ്ങളായി മാറിയ വർത്തമാന കാലത്ത് മത- ഭൗതിക വിദ്യകൾ സമന്വയിപ്പിച്ചു നൽകുന്ന ഫാളില പോലോത്ത കോഴ്സുകൾ ആവിഷ്കരിച്ച് സമസ്ത കേരളാ ജംഇയ്യത്തുൽ ഉലമാ തുല്യതയില്ലാത്ത മാതൃക സൃഷ്ടിച്ചിരിക്കയാണെന്നും ഭാവി തലമുറയെ സംസ്ഥാപിക്കേണ്ട പെൺകുട്ടികൾക്ക് അച്ചടക്കത്തിന്റേയും അക്രമ രാഹിത്യത്തിന്റേയും ധർമ പാഠം നൽകുന്ന ഇത്തരം കോളജുകളെ പ്രോത്സാഹിപ്പിക്കേണ്ടത് ഇന്നിന്റെ ആവശ്യമാണെന്നും ഫാളില സംസ്ഥാന കൺവീനർ അബ്ദുസ്സമദ് പൂക്കോട്ടൂർ പറഞ്ഞു. ബദ് രിയ്യ വിമൺസ് കോളേജിലെ ബസ്മ സ്റ്റുഡന്റ്സ് യൂണിയൻ സംഘടിപ്പിച്ച ആർട്സ് ഫെസ്റ്റ് 'കലാ മൃതം " പെരുമണ്ണ ജാമിഅ ബദ് രിയ്യയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് ദിവസങ്ങളിലായി , സ്റ്റേജ്, ഓഫ് സ്റ്റേജ് വിഭാഗത്തിൽ വിവിധ ഇനങ്ങളിലായി വിദ്യാർഥികൾ നടത്തിയ ഫെസ്റ്റ് ഏറെ ശ്രദ്ധേയമായി. കോളജ് കമ്മിറ്റി ചെയർമാൻ ടി.എ ഹുസൈൻ ബാഖവി അദ്ധ്യക്ഷനായി. മാനേജ്മെന്റ് ഭാരവാഹികളായ സി. ആലിഹാജി, വി.പി മുഹമ്മദ് മാസ്റ്റർ, കോളേജ് കൺവീനർ എം.പി അബ്ദുൽ മജീദ്, പി.ടി.എ സലാം, എൻ. ബാവ, അബ്ദുൽ അസീസ് സംസാരിച്ചു. അധ്യാപകരായ ശമീറലി വാഫി , തശ് രിഫ സൈനിയ്യ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. പ്രിൻസിപ്പാൾ ഹാരിസ് ബാഖവി കമ്പളക്കാട് സ്വാഗതവും മാനേജർ അശ്റഫ് ഫൈസിനന്ദിയും പറഞ്ഞു.
