Peruvayal News

Peruvayal News

ലോറിയിലെ വൈക്കോല്‍ കെട്ടിന് തീപിടിച്ചു, ഡ്രൈവര്‍ ഇറങ്ങിയോടി; സിനിമാസ്റ്റൈലിൽ രക്ഷകനായി നാട്ടുകാരന്‍


ലോറിയിലെ വൈക്കോല്‍ കെട്ടിന് തീപിടിച്ചു, ഡ്രൈവര്‍ ഇറങ്ങിയോടി; സിനിമാസ്റ്റൈലിൽ രക്ഷകനായി നാട്ടുകാരന്‍


കോടഞ്ചേരി: കോടഞ്ചേരിയിൽ ലോറിയിൽ കയറ്റിയ വൈക്കോൽ കെട്ടിന് തീപിടിച്ചു. തീപടർന്നത് ശ്രദ്ധയിൽ പെട്ടതോടെ ലോറി തൊട്ടടുത്ത ഗ്രൗണ്ടിലേക്ക് കയറ്റി ചുറ്റിക്കറങ്ങി. ഇതോടെ വൈക്കോൽ കെട്ടുകൾ താഴെ വീണ് അപകടം ഒഴിവായി. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീയണച്ചു.

ഞായറാഴ്ച്ച ഉച്ചയോടെയാണ് സംഭവം. വയനാട്ടിൽ നിന്ന് നിറയെ വൈക്കോലുമായി വന്ന ലോറിയാണ് അപകടത്തിൽപെട്ടത്. കോടഞ്ചേരി ടൗണിനോട് 200 മീറ്റർ അടുത്ത് എത്തിയപ്പോൾ വൈക്കോലിന് തീപിടിച്ചത് ഡ്രൈവറുടെ ശ്രദ്ധയിൽപെടുകയായിരുന്നു. പരിഭ്രാന്തനായ ഡ്രൈവർ കോടഞ്ചേരി ടൗണിൽ വണ്ടിനിർത്തി ഓടിരക്ഷപ്പെട്ടു.

ഇതോടെ നാട്ടുകാരാനായ ഷാജി വർഗീസ് ലോറിയിൽ പാഞ്ഞുകയറുകയും വാഹനം എടുത്ത് തൊട്ടടുത്ത സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ ഗ്രൗണ്ടിലേക്ക് ഓടിച്ച് കയറ്റുകയും ചെയ്തു. ഗ്രൗണ്ടിൽ ലോറി ചുറ്റിക്കറക്കിയതോടെ തീപിടിച്ച കെട്ടുകളെല്ലാം ഗ്രൗണ്ടിൽ വീണു വൻ അപകടം ഒഴിവായി.

നാട്ടുകാരെത്തി തീപിടിക്കാത്ത വൈക്കോൽ കെട്ടുകൾ മാറ്റി. മുക്കത്ത് നിന്ന് ഫയർഫോഴ്സ് കൂടി എത്തിയതോടെ കാര്യങ്ങൾ വരുതിയിലായി. തീ പെട്ടെന്ന് തന്നെ അണച്ചു. ഇതോടെ ലോറിയിലേക്ക് തീപടർന്നില്ല. ഇലക്ട്രിക് കമ്പികൾ തട്ടി ഷോർട്ട് സർക്യൂട്ട് മൂലം വൈക്കോൽ കെട്ടിന് തീപിടിച്ചതാകാമെന്നാണ് സൂചന.

കോടഞ്ചേരി ടൗണിലെ വ്യാപാരിയും, ഡ്രൈവറുമാണ്  നാട്ടുകാർ ഷാജി പാപ്പൻ എന്ന് വിളിക്കുന്ന ഷാജി വർഗീസ്.ഷാജി വർഗീസ് കാണിച്ച മനോധൈര്യം വലിയ ദുരന്തമാണ് ഒഴിവാക്കിയത്.
Don't Miss
© all rights reserved and made with by pkv24live