Peruvayal News

Peruvayal News

ഇരുവഴിഞ്ഞി പുഴ ശുചീകരണത്തിന് വിപുലമായ പദ്ധതികളുമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്

ഇരുവഴിഞ്ഞി പുഴ ശുചീകരണത്തിന് വിപുലമായ പദ്ധതികളുമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്


കൊടിയത്തൂർ: 
മാലിന്യ നിക്ഷേപം മൂലം അനുദിനം മലിനമായി കൊണ്ടിരിക്കുന്ന ഇരുവഴിഞ്ഞി പുഴ ശുചീകരണത്തിന് വിപുലമായ കർമ്മ പദ്ധതികളുമായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്. തെളിനീർ ഒഴുകും നവകേരളം; എൻ്റെ നദി എൻ്റെ ജീവൻ എന്ന മുദ്രാവാക്യവുമായാണ് മാർച്ച് 26ന് പുഴ ശുചീകരിക്കുന്നത്. രാവിലെ 7 മണി മുതൽ ആരംഭിക്കുന്ന ശുചീകരണ പ്രവൃത്തിയിൽ വിവിധ രാഷ്ട്രീയ, മത, സാംസ്കാരിക സംഘടനകളും ക്ലബുകളും പങ്കെടുക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസി: വി. ഷംലൂലത്ത് പറഞ്ഞു.പുതിയോട്ടിൽ കടവ് മുതൽ ഇടവഴിക്കടവ് വരെ ഒരു ടീമും തെയ്യത്തും കടവ് മുതൽ കാരാട്ട് കടവ് വരെ മറ്റൊരു ടീമും ശുചീകരണത്തിന് നേതൃത്വം നൽകും. പദ്ധതിയുടെ ഭാഗമായി ഞായറാഴ്ച ചെറുവാടിയിലെ ചാലിത്തോട് പ്രദേശത്തെ സന്നദ്ധ സംഘടനകളുടെ നേതൃത്യത്തിലും ശുചീകരിക്കുമെന്ന് പദ്ധതി കൺവീനർ എം.ടി റിയാസ് പറഞ്ഞു.

രണ്ട് തവണകളിലായെത്തിയ വെള്ളപ്പൊക്കത്തിൽ ചെളിനിറഞ്ഞ ഈ തോട് സമീപത്തെ വീടുകളിലേക്ക് എളുപ്പത്തിൽ വെള്ളം കയറുന്നതിന് കാരണമായിരുന്നു. പുഴയും തോടും ശുചികരിക്കുന്നതോടെ കൂടുതലാളുകൾ പുഴയിലേക്ക് തന്നെ തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്തധികൃതർ. ശുചീകരണത്തിൻ്റെ ഉദ്ഘാടനം തെയ്യത്തും കടവിൽ കുന്ദമംഗലം ബ്ലേക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു നെല്ലൂളി നിർവഹിക്കും. 
വെള്ളരിമലയിൽ നിന്ന് ഉദ്ഭവിക്കുന്ന ഇരുവിഴിഞ്ഞി പുഴക്ക് മാലിന്യ നിക്ഷേപമാണ് ഏറ്റവും വലിയ വെല്ലുവിളി. ഊർക്കടവിൽ റഗുലേറ്റർ കം ബ്രിഡ്ജിൻ്റെ ഷട്ടറുകൾ താഴ്ത്തിയതിനാൽ ഒഴുക്ക് നിലച്ച് മാലിന്യം പല സ്ഥലങ്ങളിലായി അടിഞ്ഞ് കൂടിയ അവസ്ഥയാണ്. ഒരു കാലത്ത് നിരവധിയാളുകൾ കുളിക്കാനും കുടിക്കാനുമുൾപ്പെടെ ഉപയോഗിച്ചിരുന്ന പുഴ ഇന്ന് മാലിന്യ നിക്ഷേപം രൂക്ഷമായതോടെ പലരും ഉപേക്ഷിച്ച അവസ്ഥയാണ്. നീർ നായ ശല്യവും പുഴയിൽ നിന്ന് ആളുകൾ അകലാൻ കാരണമായി. ഈ പ്രശ്നങ്ങൾക്കെല്ലാം ഒരു പരിധി വരെ പരിഹാരം കാണുകയാണ് ശുചീകരണത്തിലൂടെ ലക്ഷ്യയമിടുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലുലത്ത് പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live