കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ മാവൂർ യൂനിറ്റ് കുടുംബസംഗമം 26ന്
മാവൂർ:
കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ (കെ.എസ്.എസ്.പി.യു) മാവൂർ യൂനിറ്റ് കുടുംബ സംഗമം ഒക്ടോബർ 26 ന് ബുധനാഴ്ച രാവിലെ 9.30ന് കൂളിമാട് താഴെ പി.എച്ച്.ഇ.ഡി റൗളത്തുൽ ഉലൂം മദ്റസ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ജില്ല പ്രസിഡൻറ് എം.പി. അസയിൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. ജില്ലാ കമ്മിറ്റി അംഗം എം. രാഘവൻ മാസ്റ്റർ, േബ്ലാക്ക് സെക്രട്ടറി വീരാൻകുട്ടി വളപ്പൻ, ജില്ല കൗൺസിലർ അസ്സൻ വായോളി, യൂനിറ്റ് വൈസ് പ്രസിഡൻറ് എം. ഇസ്മായിൽ മാസ്റ്റർ, എൻ.എം. ഹുസൈൻ വെസ്റ്റ് പാഴൂർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് അബ്ദുല്ല മാനൊടുകയിൽ എന്നിവർ സംസാരിക്കും. അബ്ദു ചാലിൽ മോട്ടിവേഷൻ ക്ലാസും ഹെൽത്ത് ഇൻസ്പെക്ടർ ഇ. അബ്ദുൽ റഷീദ് ആരോഗ്യ ബോധവത്കരണ ക്ലാസും എടുക്കും. പ്രമേഹം, രക്തസമ്മർദ്ദം എന്നിവ പരിശോധിക്കാനുള്ള സൗകര്യവും മേളയിൽ ഉണ്ടാകും. രോഗികളും അവശരുമായ ആളുകൾക്ക് മാസംതോറും 500 രൂപ നൽകുന്ന ‘കൈത്താങ്ങ്’ പദ്ധതിയിൽ മൂന്ന് പേർക്കുള്ള തുക വിതരണവും നടക്കും. ഇതോടെ കൈത്താങ്ങ് പദ്ധതിയിൽ തുക നൽകുന്നവരുടെ എണ്ണം അഞ്ചാകും. മാവൂർ പ്രസ്ഫോറത്തിൽ നടന്ന വാർത്ത സമ്മേളനത്തിൽ യൂനിറ്റ് പ്രസിഡന്റ് കെ.സി. ദിലീപ് കുമാർ, സെക്രട്ടറി ഇ.എൻ. ദേവദാസ്, ട്രഷറർ എൻ. രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.
