എല്ലാവർക്കും വാക്സിൻ :
ലക്ഷ്യം കൈവരിച്ച് പെരുവയൽ പഞ്ചായത്ത്
എല്ലാവർക്കും വാക്സിൻ :
ലക്ഷ്യം കൈവരിച്ച് പെരുവയൽ പഞ്ചായത്ത്
പെരുവയൽ ഗ്രാമ പഞ്ചായത്തിൽ 18 വയസ് കഴിഞ്ഞ എല്ലാവർക്കും ആദ്യ ഡോസ് വാക്സിൻ ഉറപ്പാക്കാൻ സാധിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കെ. സുഹറാബി അറിയിച്ചു. രോഗികൾ, ക്വാറന്റീൻ കാലയളവ് കഴിയാത്തവർ എന്നിവർ മാത്രമാണ് അവശേഷിക്കുന്നത്. ഇവർക്കും സന്നദ്ധമാകുന്ന ഘട്ടത്തിൽ വാക്സിൻ ലഭ്യമാക്കുന്നതാണ്.
ജില്ലയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുളള പഞ്ചായത്തുകളിലൊന്നാണ് പെരുവയൽ. പരിമിതമായ ജീവനക്കാരോടെ പ്രവർത്തിക്കുന്ന ഒരു പ്രൈമറി ഹെൽത്ത് സെന്റർ മാത്രമാണ് പഞ്ചായത്തിലുള്ളത്. ഈ പരിമിതികളെ മറികടന്നാണ് അമ്പത്തി ആറായിരത്തോളം ജനസംഖ്യയുള്ള പഞ്ചായത്ത് വാക്സിൻ വിതരണത്തിൽ മറ്റ് വലിയ പഞ്ചായത്തുകൾക്ക് മുമ്പെ 100% നേട്ടം കൈവരിച്ചത്. പി.എച്ച് സി ജീവനക്കാർക്ക് പുറമെ പഞ്ചായത്ത് നേതൃത്വത്തിൽ വാക്സിൻ പ്രവർത്തനങ്ങൾക്കായി പ്രത്യേകം ആരോഗ്യ പ്രവർത്തകരെ നിയോഗിച്ചിരുന്നു. മെഗാ വാക്സിനേഷൻ ക്യാമ്പുകളും സംഘടിപ്പിച്ചു. 22,315 പേർക്ക് സ്പോട്ട് രജിസ്ട്രേഷനിലൂടെ വാക്സിൻ നൽകിയിട്ടുണ്ട്. ആദ്യം 60 കഴിഞ്ഞവർക്കും പിന്നീട് 45 കഴിഞ്ഞവർക്കും ശേഷം 18 കഴിഞ്ഞ എല്ലാവർക്കും വാക്സിൻ ഉറപ്പാക്കുന്നതിൽ വാർഡ് തലത്തിൽ പ്രത്യേക ക്രമീകരണം ഒരുക്കിയിരുന്നു. മെഡിക്കൽ ഓഫീസർ ഡോ.ജയരാജന്റെ നേതൃത്വത്തിലുളള ആരോഗ്യ പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും കഠിനാധ്വാനമാണ് വാക്സിൻ വിതരണം കാര്യക്ഷമമായി പൂർത്തികരിക്കാൻ സാധിച്ചതെന്ന് പ്രസിഡണ്ട് വ്യക്തമാക്കി. നിലവിൽ ആദ്യ ഡോസ് എടുത്ത് 84 ദിവസം കഴിഞ്ഞ എല്ലാവർക്കും സെക്കന്റ് ഡോസും നൽകിയിട്ടുണ്ട്. ഏറ്റവും കൂടുതൽ ടെസ്റ്റ് ക്യാമ്പുകളും വാക്സിൻ ക്യാമ്പുകളും സംഘടിപ്പിച്ചു വരുന്ന പഞ്ചായത്താണ് പെരുവയൽ.
