സ്കൂള്‍ തുറക്കല്‍
കുന്ദമംഗലം മണ്ഡലംതല യജ്ഞത്തിന് തീരുമാനം
സ്കൂള്‍ തുറക്കല്‍
കുന്ദമംഗലം മണ്ഡലംതല യജ്ഞത്തിന് തീരുമാനം
കുന്ദമംഗലം മണ്ഡലത്തിലെ സ്കൂളുകളുടെ ശുചീകരണയജ്ഞം ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2 ന് ആരംഭിക്കുന്നതിന് തീരുമാനമായി. നവംബര്‍ 1 മുതല്‍ സംസ്ഥാനത്തെ സ്കൂളുകൾ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടായ സാഹചര്യത്തില്‍ കുന്ദമംഗലം മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പി.ടി.എ റഹീം എം.എല്‍.എ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും അധ്യാപക സംഘടനാ പ്രതിനിധികളുടേയുംയോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്.
സ്കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ശുചീകരണം, സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കല്‍, അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമുളള ആരോഗ്യ ബോധവല്‍കരണം, യാത്രാ സൗകര്യം, വിവിധ തലങ്ങളിലുള്ള സംവിധാനങ്ങളുടെ ഏകോപനം തുടങ്ങിയവയ്ക്കായി ഒക്ടോബര്‍ 5 നകം പഞ്ചായത്ത് തലത്തിലും 10 നകം സ്കൂള്‍ തലത്തിലും ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേര്‍ക്കും. ഒക്ടോബര്‍ 20 നകം ശുചീകരണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരുടെ നേതൃത്വത്തിലുള്ള മോണിറ്ററിംഗ് കമ്മറ്റി ഓരോ സ്കൂളും സന്ദര്‍ശിച്ച് മുന്‍കരുതലുകള്‍ വിലയിരുത്തുന്നതിനും തീരുമാനിച്ചു.
പി.ടി.എ റഹീം എം.എല്‍.എ ചെയര്‍മാനും കുന്ദമംഗലം എ.ഇ.ഒ കെ.ജെ പോള്‍ കണ്‍വീനറും കെ.പി അശ്റഫ് കോ-ഓര്‍ഡിനേറ്ററും റൂറല്‍ എ.ഇ.ഒ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, അധ്യാപക സംഘടനാ പ്രതിനിധികള്‍ അംഗങ്ങളുമായി മണ്ഡലംതല കമ്മറ്റി രൂപീകരിച്ചു.
പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ഷാജി പുത്തലത്ത്, ലിജി പുല്‍ക്കുന്നുമ്മല്‍, എം.കെ സുഹറാബി, ഓളിക്കല്‍ ഗഫൂര്‍, പി ശാരുതി, പുലപ്പാടി ഉമ്മര്‍, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ.എന്‍ സജീഷ് നാരായണ്‍, അധ്യാപക സംഘടനാ പ്രതിനിധികളായ എന്‍ സന്തോഷ്കുമാര്‍, എം.പി മുഹമ്മദ് ഇസ്ഹാഖ്, എ.കെ മുഹമ്മദ് അശ്റഫ് സംസാരിച്ചു. കുന്ദമംഗലം എ.ഇ.ഒ കെ.ജെ പോള്‍ സ്വാഗതവും റൂറല്‍ എ.ഇ.ഒ പി.സി ഗീത നന്ദിയും പറഞ്ഞു.
