രാമനാട്ടുകര അണിഞ്ഞൊരുങ്ങി;
നഗര സൗന്ദര്യ വത്കരണ പദ്ധതി 27 ന് ഉദ്ഘാടനം ചെയ്യും
രാമനാട്ടുകര :
നിർമാണം പൂർത്തിയായിക്കഴിഞ്ഞ രാമനാട്ടുകര നഗര സൗന്ദര്യവത്കരണപദ്ധതിയുടെ ഉദ്ഘാടനം മാർച്ച് 27 ന് .6.66 കോടി രൂപയുടെ പദ്ധതിയിൽ എല്ലാ പണികളും ഫെബ്രുവരിയിൽ പൂർത്തിയായിട്ടുണ്ട്.
അങ്ങാടിയുടെ ഹൃദയഭാഗത്തു പോലീസ് എയ്ഡ് പോസ്റ്റിനോട് അനുബന്ധിച്ചു മിനി ഉദ്യാനം നിർമിച്ചു. പാർക്കിൽ ഇരിപ്പിടങ്ങൾ സ്ഥാപിക്കുകയും ലൈറ്റുകൾ ഏർപ്പെടുത്തുകയും ചെയ്തു. ഈ പാർക്ക് വന്നതോടെ അങ്ങാടിയുടെ മുഖച്ഛായതന്നെ മാറിയിരിക്കുകയാണ്. രാത്രികാലത്ത് അങ്ങാടി കൂടുതൽ മനോഹരമാക്കുന്നതിന് നാല് ഉയരവിളക്കും 39 പുതിയ തെരുവു വിളക്കുകളും നിർമിച്ചു.
വാഹനപാർക്കിങ് ക്രമീകരിക്കുന്നതിനു നഗരസഭ, പോലീസ്,മോട്ടോർവാഹനവകുപ്പ്, പൊതുമരാമത്തുവകുപ്പ് എന്നിവ ചേർന്നു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. നഗര സൗന്ദര്യവത്കരണ പദ്ധതി ഉദ്ഘാടനംചെയ്യുന്നതോടെ ഇവ നടപ്പാക്കാനാണ് തീരുമാനം.
അങ്ങാടി സി.സി.ടി.വി. വലയത്തിലാക്കുന്നതിന്റെ ഭാഗമായി ഒന്നാംഘട്ടമായി ഏഴ് സി.സി.ടി.വി.
ക്യാമറകൾ ഉടനെ സ്ഥാപിക്കും
അങ്ങാടിയിൽ പൊതുജനത്തിന് ഏറ്റവും ദുരിതമായിരുന്നത് ശരിയായ ഓടയും നടപ്പാതയും ഇല്ലാത്തതായിരുന്നു. അങ്ങാടിയുടെ പടിഞ്ഞാറുഭാഗത്തു ചെത്തുപാലം തോട് മുതൽ ദേശീയപാതയിൽ തോട്ടുങ്ങൽ വരെ ഓടനിർമിച്ചു.
ദേശീയപാതയുടെ അരികിലുള്ള ഒഴിഞ്ഞസ്ഥലം പൂട്ടു കട്ട പാകി സുരക്ഷിതമാക്കിയതിനാൽ രാമനാട്ടുകര അങ്ങാടിയിൽ വാഹനപാർക്കിങ്ങിനു കൂടുതൽ സ്ഥലം ലഭിച്ചു. നടപ്പാതയിൽ സ്റ്റീൽ പൈപ്പ് കൊണ്ട് കൈവരികൾ സ്ഥാപിച്ചതിനാൽ പലസ്ഥലങ്ങളിലും റോഡിലൂടെയുള്ള കാൽനടയാത്ര കുറഞ്ഞു.
2003-ൽ രാമനാട്ടുകരയിലെ സ്വകാര്യ ബസ് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്തത് മുതൽ ദേശീയപാതയിൽ ബസ് സ്റ്റാൻഡിനു മുന്നിൽ ഡിവൈഡറില്ലാത്തതിനാൽ അപകടം പതിവായിരുന്നു. 19 വർഷത്തിനുള്ളിൽ ഒട്ടേറെപ്പേരാണ് ഇവിടെ അപകടത്തിൽ മരിച്ചത്. സൗന്ദര്യവത്കരണപദ്ധതിയിൽ ബസ് സ്റ്റാൻഡിനു മുന്നിൽ സ്ഥിരം ഡിവൈഡർ നിർമിച്ച് തെരുവുവിളക്കുകൾ സ്ഥാപിച്ചു അലങ്കാരച്ചെടികളുംവെച്ച് മനോഹരമാക്കിയിട്ടുണ്ട്. ഈ മാസം 27 ന് പൊതുമരാമത്ത്- ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും
