പട്ടികജാതി കോളനി പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ തീരുമാനമായി
കുന്നമംഗലം നിയോജക മണ്ഡലത്തിലെ പട്ടികജാതി കോളനി പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ നടപടികൾ സ്വീകരിക്കുന്നതിന് പി.ടി.എ റഹീം എം.എൽ.എ നിർദേശം നൽകി. ഭരണാനുമതി ലഭിച്ച വിവിധ കോളനി പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ ആമ്പ്രമ്മൽ കോളനിയിൽ താമസക്കാർ പുതുതായി ആവശ്യപ്പെട്ട പ്രവൃത്തികൾ കോർപ്പസ് ഫണ്ടിൽ ഉൾപ്പെടുത്തി നടത്തുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കും. ചാത്തമംഗലം പഞ്ചായത്തിലെ എ.കെ.ജി കോളനിയിലെ പ്രവൃത്തിയുടെ എസ്റ്റിമേറ്റിൽ പ്രാദേശികമായ ആവശ്യങ്ങൾ പരിഗണിച്ച് മാറ്റം വരുത്തുന്നതിന് പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ സാന്നിധ്യത്തിൽ യോഗം ചേർന്ന് തീരുമാനമെടുക്കാൻ എം.എൽ.എ നിർദ്ദേശിച്ചു.
പെരുവയൽ പഞ്ചായത്തിലെ ഭൂദാനം കോളനി റോഡിൽ ജലജീവൻ പദ്ധതിയിൽ പൈപ്പിടുന്നതിന് കീറിയ ഭാഗം പുനരുദ്ധരിക്കുന്നതിന് കെ. ഡബ്ല്യു.എയോട് ആവശ്യപ്പെടുന്നതിനും തയാറാക്കിയ എസ്റ്റിമേറ്റിൽ ബാക്കി വരുന്ന തുക ഉപയോഗപ്പെടുത്തി മറ്റു പ്രവൃത്തികൾ നടത്തുന്നതിനും തീരുമാനിച്ചു.
ഗോശാലിക്കുന്ന് കോളനിയിൽ ഒരു കോടി രൂപ ചെലവിൽ നടത്തുന്ന പ്രവർത്തിക്ക് വേണ്ടി സമർപ്പിച്ച എസ്റ്റിമേറ്റിന് അംഗീകാരം നൽകി. കള്ളാടിച്ചോല കോളനി പ്രവൃത്തി അടുത്തമാസം ഉദ്ഘാടനം ചെയ്ത് ആരംഭിക്കുന്നതിനും തീരുമാനിച്ചു.
പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സുബിത തോട്ടാഞ്ചേരി, ശബ്ന റഷീദ്, രേഷ്മ തെക്കേടത്ത്, നിർമിതി അസി. എഞ്ചിനീയർ ഇ സീന, എം.എം ഷാജു, എം റിജേഷ്, എ നീലകണ്ഠൻ, പി.പി റംല സംസാരിച്ചു. പട്ടികജാതി വികസന ഓഫീസർ ടി.എം മുകേഷ് സ്വാഗതവും എസ്.സി പ്രമോട്ടർ കെ.എം സിന്ധു നന്ദിയും പറഞ്ഞു.
