സംഘടിത ശക്തി സമുദായത്തെ അവഗണനയിൽ നിന്നും രക്ഷപ്പെടുത്തി : സാദിഖലി ശിഹാബ് തങ്ങൾ
പെരുവയൽ:
കേരളത്തിലെ മുസ്ലിം സംഘടിത ശക്തിയും ഉലമ ഉമറാ ബന്ധവുമാണ് സമുദായത്തെ അവഗണയിൽ നിന്ന് രക്ഷപ്പെടുത്തിയതെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഇതര സംസ്ഥാനങ്ങളിൽ മുസ്ലിം സമുദായം അവഗണിക്കപ്പെടാൻ കാരണം ജനസംഖ്യാ കുറവല്ല സംഘടിത ശക്തിയില്ലാത്തതും പാരമ്പര്യത്തെ മുറുകെ പിടിക്കാത്തതുമാണെന്നും അദ്ധേഹം പറഞ്ഞു.
കുന്ദമംഗലം മണ്ഡലത്തിലെ 30 മഹല്ലുകളിലെ ഖാസിയായി സാദിഖലി തങ്ങളെ ബൈഅത്ത് ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുന്ദമംഗലം മണ്ഡലത്തിലെ കുന്ദമംഗലം, ചാത്തമംഗലം, മാവൂർ, പെരുവയൽ, പെരുമണ്ണ പഞ്ചായത്തുകളിലെ 30 മഹല്ലുകളിലാണ് ഖാസിയായി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളെ ബൈഅത്ത് ചെയ്തത്. കുറ്റിക്കാട്ടൂർ ജാമിഅ യമാനിയ്യ യിൽ നടന്ന പരിപാടി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ. മൂസ മൗലവി അധ്യക്ഷനായി. ഒളവണ്ണ അബൂബക്കർ ദാരിമി സ്വാദിഖലി ശിഹാബ് തങ്ങൾക്ക് കിരീടം അണിയിച്ചു. അബൂബക്കർ ഫൈസി മലയമ്മ, ആർ.വി കുട്ടിഹസൻ ദാരിമി, കെ.എ ഖാദർ, സയ്യിദ് മഹ്ശൂഖ് തങ്ങൾ, ദീവാർ അസൈൻ ഹാജി, എ.കെ മുഹമ്മദലി, എൻ.കെ യൂസഫ് ഹാജി, കെ. മുഹമ്മദ് ബാഖവി, കെ.പി കോയ ഹാജി, പൊതാത് മുഹമ്മദ്, എം.കെ റസാഖ്, എൻ.പി അഹ്മദ്, പി.പി ജാഫർ സംസാരിച്ചു.
