കുന്നമംഗലം അഗസ്ത്യൻമൂഴി റോഡ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
പ്രവൃത്തി പൂർത്തീകരിച്ച കുന്നമംഗലം അഗസ്ത്യൻമൂഴി റോഡ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിൻ്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി നവീകരിച്ച 51 റോഡുകളിൽ ഉൾപ്പെടുത്തിയാണ് ഈ റോഡിൻ്റെ ഉദ്ഘാടനം നിർവഹിച്ചത്.
ഏഴ് മീറ്റർ വീതിയിൽ ബി.എം & ബി.സി ടാറിങ് ചെയ്യുകയും പുതുതായി 4 കലുങ്കുകൾ നിർമ്മിക്കുകയും, നിലവിലുള്ള അഞ്ചു കലുങ്കുകൾ വീതി കൂട്ടി സുരക്ഷിതമാക്കുകയും മഴക്കാലത്ത് വെള്ളം കയറിയിരുന്ന ചാത്തമംഗലം, ചെത്തുകടവ് എന്നീ സ്ഥലങ്ങളിൽ സംരക്ഷണ ഭിത്തികൾ നിർമിച്ച് റോഡ് ഉയർത്തുകയും അത്യാവശ്യ സ്ഥലങ്ങളിൽ ഡ്രെയിനേജ്, ഐറിഷ് ഡ്രയിൻ എന്നിവയും, റോഡ് മാർക്കിംഗ്, സ്റ്റഡ്സ് എന്നിവയും സ്ഥാപിക്കുകയും ചെയ്ത ഈ റോഡിനുവേണ്ടി 14 കോടി രൂപയായിരുന്നു അനുവദിച്ചിരുന്നത്.
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. ലിൻഡോ ജോസഫ് എം.എൽ.എ, കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി, മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു, ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ അബ്ദുൽ ഗഫൂർ, മുക്കം നഗരസഭ വൈസ് ചെയർപേഴ്സൺ കെ.പി ചാന്ദ്നി, ചാത്തമംഗലം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം സുഷമ, ഇ വിനോദ് കുമാർ, ചൂലൂർ നാരായണൻ, ഷെരീഫ് മലയമ്മ, കെ അബ്ദുറഹിമാൻ ഹാജി, മംഗലശ്ശേരി ശിവദാസൻ, കെ.കെ അബൂബക്കർ, സി.കെ ഷമീം സംസാരിച്ചു. നാഷനൽ ഹൈവേ വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ പി ഗോകുൽദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ ഐഎഎസ് സ്വാഗതവും ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ പി.കെ ജമാൽ മുഹമ്മദ് നന്ദിയും പറഞ്ഞു.
