ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ കള്ളിക്കുന്ന് പാണ്ട്യാലത്തൊടി റോഡ് ഉദ്ഘാടനം ഉത്സവച്ഛായയിൽ പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു. ചെണ്ടവാദ്യങ്ങളുടെയും കരിമരുന്ന് പ്രയോഗങ്ങളുടെയും അകമ്പടിയോടെ നാട്ടുകാർ ഉദ്ഘാടകനായ എം.എൽ.എയെയും ജനപ്രതിനിധികളെയും വരവേറ്റു.
എം.എൽ,എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 36 ലക്ഷം രൂപ ചെലവിലാണ് ഈ റോഡിന്റെ നവീകരണം നടത്തിയത്. ചെങ്കുത്തായ കയറ്റവും ഇടിഞ്ഞുവീണ അതിരുകളുമായി നേരത്തെയുണ്ടായിരുന്ന ഇടവഴിയാണ് കോൺഗ്രീറ്റ് ചെയ്ത് മികച്ച സൗകര്യങ്ങളുള്ള റോഡാക്കി മാറ്റിയത്.
വശങ്ങളിൽ കൈവരികയും താഴെ ഭാഗങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ സ്റ്റെപ്പുകളും വാഹന പാർക്കിങ്ങിന് പ്രത്യേക ലാൻഡിങ്ങും ഉൾപ്പെടെ സംവിധാനിച്ച ഈ റോഡിന്റെ നവീകരണത്തോടെ കള്ളിക്കുന്ന് പ്രദേശത്തെ പാണ്ട്യാലത്തൊടി ഭാഗത്തുള്ള താമസക്കാരുടെ ഏറെ നാളുകളായുള്ള സ്വപ്നമാണ് പൂവണിഞ്ഞത്.
