കോവിഡാനന്തരം കുരുന്നുകളെ ആത്മവിശ്വാസത്തിലേക്ക് വഴി നടത്തി വേറിട്ട ക്യാമ്പ്
കോവിഡ് കാലം വിദ്യാർത്ഥികൾക്കുണ്ടാക്കിയ മാനസിക ആഘാതം പരിഹരിക്കുന്നതിന് വ്യക്തിത്വ വികസന പരിശീല പരിപാടിയുമായി വാർഡ് വികസന സമിതി. പെരുവയൽ ഗ്രാമ പഞ്ചായത്ത് പത്തൊമ്പതാം വാർഡ് വികസന സമിതിയും യൂഫ്യൂസ് അക്കാദമിയും ചേർന്നാണ് സപ്തദിന പരിശീലന പരിപാടി ഒരുക്കിയത്.
കോവിഡ് കാലത്തെ മരവിപ്പ് പഠന വൈകല്യത്തിനും ഉന്മേഷക്കുറവിനും മാത്രമല്ല, ലഹരിയിലേക്ക് അടുപ്പിക്കുന്നതിനും ഇടയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വ്യക്തിത്വ വികാസത്തിലൂടെ കുട്ടികളെ കരുത്തരാക്കാനുള്ള പ്രായോഗിക ഇടപെടലായാണ് ക്യാമ്പ് ഒരുക്കിയത്.
വെള്ളിപറമ്പ് എ എം.എൽ.പി സ്ക്കൂളിൽ നടന്ന ക്യാമ്പ് അഡ്വ. പിടിഎ റഹീം എം.എൽ എ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബിജു ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പരീക്ഷ ബോർഡ് ജോയിന്റ് ഡയരക്ടർ ഗിരീഷ് ചോലയിൽ , ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.ഷറഫുദ്ദീൻ, മെമ്പർമായ കെ.ടി. മിനി, സൈദത്ത് സംസാരിച്ചു. വി.അഷ്റഫ് സ്വാഗതവും കെ.പി.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. ഫർഹാൻ സെയ്ദ് , റിയാസ് എസ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
