മൂഴാപാലം, ചെട്ടിക്കടവ് പാലങ്ങളുടെ പ്രവൃത്തി
വേഗത്തില്‍ പൂര്‍ത്തിയാക്കും: പി.ടി.എ റഹീം എം.എല്‍.എ
മൂഴാപാലം, ചെട്ടിക്കടവ് പാലങ്ങളുടെ പ്രവൃത്തി അടിയന്തിര പ്രാധാന്യത്തോടെ പൂര്‍ത്തീകരിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചതായി പി.ടി.എ റഹീം എം.എല്‍.എ പറഞ്ഞു. പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം ഉദ്യോഗസ്ഥര്‍ക്കൊപ്പം രണ്ട് പാലങ്ങളുടേയും നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിന് സൈറ്റ് സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ചാത്തമംഗലം, പെരുവയല്‍ ഗ്രാമപഞ്ചായത്തുകളെ ചെറുപുഴക്ക് കുറുകെ ബന്ധിപ്പിക്കുന്ന ചെട്ടിക്കടവില്‍ ഏറെ പഴക്കം ചെന്നതും വീതി കുറഞ്ഞതുമായ ഒരു പാലമായിരുന്നു നിലവിലുണ്ടായിരുന്നത്. ഇവിടെ 11 കോടി രൂപ ചെലവിലാണ് പുതിയ പാലത്തിന്‍റേയും അപ്രോച്ച് റോഡിന്‍റേയും പ്രവൃത്തി ദ്രുതഗതിയില്‍ പുരോഗമിച്ചു വരുന്നത്. 32 മീറ്റര്‍ നീളത്തിലുള്ള 3 സ്പാനും 12.5 മീറ്റര്‍ നീളത്തിലുള്ള 2 ലാന്‍റ് സ്പാനും ഉള്‍പ്പെടെ 121 മീറ്റര്‍ നീളത്തില്‍ ഡിസൈന്‍ ചെയ്തിട്ടുള്ള ചെട്ടികടവ് പാലത്തിന് ഇരുവശങ്ങളിലും 1.5 മീറ്റര്‍ വീതിയില്‍ ഫുട്പാത്തും 7.5 മീറ്റര്‍ കാരേജ് വേയും ഉള്‍പ്പെടെ 11 മീറ്റര്‍ വീതിയാണുളളത്.
1.4 കോടി രൂപ ചെലവില്‍ നിര്‍മ്മാണം ആരംഭിച്ച മൂഴാപാലത്തിന്‍റെ പ്രവൃത്തി ആരംഭിച്ച കരാറുകാരന്‍ ആയത് ഉപേക്ഷിച്ചു പോവുകയും പിന്നീട് പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കി റീ ടെണ്ടര്‍ ചെയ്യുകയുമായിരുന്നു. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 1.64 കോടി രൂപയാണ് പാലത്തിന് ചെലവാകുന്നത്.
ചാത്തമംഗലം, മാവൂര്‍ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് ചൂലൂര്‍ തോടിന് കുറുകെയാണ് മൂഴാപാലം നിര്‍മ്മിക്കുന്നത്. കാലപ്പഴക്കം കാരണം തകര്‍ച്ച നേരിട്ടിരുന്ന ഈ പാലം പുനര്‍ നിര്‍മ്മിക്കണമെന്ന നാട്ടുകാരുടെ ഏറെക്കാലമായുള്ള ആവശ്യത്തെ തുടര്‍ന്ന് പുതുതായി നിര്‍മ്മിക്കുന്ന പാലത്തിന് 17.5 മീറ്ററാണ് നീളമുള്ളത്. ഒരു വശത്ത് 1.2 മീറ്റര്‍ വീതിയില്‍ ഫുട്പാത്തും 6.5 മീറ്റര്‍ വീതിയില്‍ കാരേജ് വേയും ഉള്‍പ്പെടെ 8.45 മീറ്റര്‍ വീതിയിലാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്. പാലത്തിന്‍റെ ഇരുവശങ്ങളിലായി നിലവിലുള്ള റോഡ് നവീകരിക്കുന്നതിനുള്ള പ്രവൃത്തിയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം സുഷമ, പാലങ്ങള്‍ വിഭാഗം അസി. എക്സി. എഞ്ചിനീയര്‍ എന്‍.വി ഷിനി, അസി. എഞ്ചിനീയര്‍ എന്‍ ബൈജു, ഓവര്‍സിയര്‍മാരായ കെ റജുല, വി.കെ അഞ്ചു, പി മുഹമ്മദ് ജസില്‍, കെ ബിജു എന്നിവരും പി ഷൈപു, സുരേഷ് പുതുക്കുടി, കെ ഭരതന്‍ മാസ്റ്റര്‍, കെ.പി അനൂപ്, എം.എം പ്രസാദ്, ടി.എം ചന്ദ്രശേഖരന്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
