Peruvayal News

Peruvayal News

ഗൂഗിള്‍ ക്ലൗഡിന്റെ തലപ്പത്ത് ഇനി മലയാളി സാന്നിധ്യം; ഓറക്കിളിലെ 22 വര്‍ഷത്തെ സേവനത്തിന് ശേഷം ഗൂഗിള്‍ ക്ലൗഡിന്റെ സിഇഒ സ്ഥാനത്തേക്കെത്തുന്നത് കോട്ടയം പാമ്പാടി സ്വദേശി തോമസ് കുര്യന്‍

ന്യുഡൽഹി ∙ രാജ്യാന്തര ഇന്റർനെറ്റ് കമ്പനി ഗൂഗിളിന്റെ നേതൃനിരയിലേക്ക് മലയാളി. ഗൂഗിൾ ക്ലൗഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി(സിഇഒ) കോട്ടയം പാമ്പാടി കോത്തല സ്വദേശി തോമസ് കുര്യനെ (51) നിയമിച്ചു. 26നു ഗൂഗിളിൽ പ്രവേശിക്കുന്ന തോമസ് കുര്യൻ ജനുവരിയിൽ സിഇഒയായി ചുമതലയേൽക്കും. സ്ഥാനമൊഴിയുന്ന സിഇഒ ഡയാൻ ഗ്രീൻ, ഗൂഗിളിന്റെ മാതൃകമ്പനി ആൽഫബെറ്റിന്റെ ഡയറക്ടർ സ്ഥാനത്തു തുടരും.

22 വർഷം ഓറക്കിളിൽ പ്രവർത്തിച്ച പരിചയവുമായാണു പുള്ളോലിക്കൽ തോമസ് കുര്യൻ ഗൂഗിളിലെത്തുന്നത്. യുഎസിലെ പ്രിൻസ്‌റ്റൺ സർവകലാശാലയിൽനിന്ന് ഇലക്‌ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും സ്‌റ്റാൻഫോഡ് സർവകലാശാലയിൽനിന്ന് എംബിഎയും നേടി. 1996ൽ ഓറക്കിളിലെത്തിയ തോമസ് കുര്യൻ 2015ൽ പ്രസിഡന്റ് പദവിയിലെത്തി. പ്രോഡക്ട് ഡവലപ്മെന്റ് വിഭാഗം മേധാവിയായിരിക്കെ സെപ്റ്റംബറിലാണു സ്ഥാനമൊഴിഞ്ഞത്.

ക്ലൗഡ് ഇടപാടു രംഗത്തു ആമസോണിനും മൈക്രോസോഫ്റ്റിനും ഐബിഎമ്മിനും പിന്നിലുള്ള ഗൂഗിളിനെ പുതിയ ഉയരങ്ങളിലെത്തിക്കുക എന്ന ദൗത്യമാണു തോമസ് കുര്യനെ കാത്തിരിക്കുന്നത്. ഗൂഗിൾ ക്ലൗഡ് കംപ്യൂട്ടിംഗ് ബിസിനസ് പടുത്തുയര്‍ത്തുക എന്നതാണ് തോമസ് കുര്യനു മുന്നിലുള്ള വെല്ലുവിളി. ക്ലൗഡ് മേഖലയിൽ വന്‍ മുന്നേറ്റം നടത്തുന്ന ആമസോൺ പോലുള്ള കമ്പനികളുടെ വെല്ലുവിളി നേരിടുകയാണ് ഗൂഗിൾ ക്ലൗഡ്.

ഗൂഗിൾ ക്ലൗഡിന്റെ നേതൃസ്ഥാനത്ത് കഴിഞ്ഞ മൂന്നു വർഷമായി ഡയാന ഗ്രീൻ സജീവമായിരുന്നു. അതേസമയം, ഗ്രീന്‍ 2012 മുതല്‍ ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ ബോര്‍ഡില്‍ ഡയറക്റ്ററായും പ്രവർത്തിക്കുന്നുണ്ട്.

Don't Miss
© all rights reserved and made with by pkv24live