Showing posts with label Kozhikode News special Story. Show all posts
Showing posts with label Kozhikode News special Story. Show all posts

ലോക പൈതൃകങ്ങൾ കാത്തു സൂക്ഷിക്കാൻ മ്യൂസിയങ്ങൾ........

No comments
ലോക പൈതൃകങ്ങൾ കാത്തു സൂക്ഷിക്കാൻ മ്യൂസിയങ്ങൾ.....
ഖത്തർ മ്യൂസിയങ്ങൾ ഒരു ഖത്തർ ഗവണ്മെന്റ് സ്ഥാപനമാണ്. മ്യൂസിയം ഓഫ് ഇസ്ലാമിക്‌ ആർട്ട്‌ (MIA), മത്താഫ് :അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്ട്‌, MIA പാർക്ക്, ഖത്താറയിലെ ഖത്തർ മ്യൂസിയം ഗാലറി, ALRIWAQ DOHA എക്സിബിഷൻ സ്പേസ്, അൽ സുബാറ വേൾഡ് ഹെറിറ്റേജ് സൈറ്റ് വിസിറ്റർ സെന്റർ തുടങ്ങിയ മ്യൂസിയങ്ങൾ ഖത്തറിൽ ഉടനീളമുള്ള പുരാവസ്തു പദ്ധതികൾ, ഓറിയന്റലിസ്റ്റ് കല, ഫോട്ടോഗ്രാഫി, സ്പോർട്സ്, കുട്ടികളുടെ വിദ്യാഭ്യാസം, വന്യജീവി സംരക്ഷണം എന്നിവയുൾപ്പെടെ വിവിധ പ്രവർത്തന മേഖലകളിൽ അതിന്റെ ശേഖരങ്ങൾ ഉയർത്തിക്കാട്ടുന്നു.
QM ടവർ - ഖത്തറിലെ ദോഹയിലെ ഖത്തർ മ്യൂസിയം 2005 ലാണ് സ്ഥാപിച്ചത്. ട്രസ്റ്റി ബോർഡാണ് ഖത്തർ മ്യൂസിയത്തിന്റെ മേൽനോട്ടം വഹിക്കുന്നത്. സാംസ്‌കാരിക -കല -പൈതൃക മന്ത്രാലയവുമായി സഹകരിച്ചു ഖത്തരി സാംസ്‌കാരിക നയങ്ങൾ നടപ്പിലാക്കുന്ന പ്രധാന സ്ഥാപനമാണ് ഖത്തർ മ്യൂസിയം.ഖത്തറിന്റെ സമഗ്ര വികസനം, പുരോഗതി, സമൃദ്ധി എന്നിവക്കായി ഖത്തറിന്റെ നാഷണൽ വിഷൻ 2030 പ്രോഗ്രാം നടപ്പിലാക്കുന്ന സംഘടനകളിലൊന്നാണ് ഖത്തർ മ്യൂസിയംസ്. പ്രാദേശിക സംസ്കാരത്തിന്നും പാരമ്പര്യത്തിന്നും ചുറ്റും ആധുനിക വൽക്കരണം, അറബ്, ഇസ്ലാമിക ഐഡന്റിറ്റി നിലനിർത്തുക, മറ്റ് സംസ്കാരങ്ങളോട് തുറന്ന മനസ് കാണിക്കുക എന്നിവയാണ് ലക്ഷ്യം. ഖത്തറിനെ ഒരു സാംസ്‌കാരിക ശക്തി കേന്ദ്രമാക്കി മാറ്റുക എന്നതാണ് ആത്യന്തിക ലക്ഷ്യം. എല്ലാറ്റിനുമുപരിയായി, ലോകമെമ്പാടുമുള്ള കലാ പദ്ധതികളുടെ ഒരു ഉത്തേജകമായ സാംസ്‌കാരിക പ്രേരകമായി QMA മാറണമെന്ന് ഖത്തർ ഗവണ്മെന്റ് ആഗ്രഹിക്കുന്നു. ഇത് യുനെസ്കോയുടെ കീഴിലുള്ള അറബ് ലീഗ് ഏറ്റെടുത്തതാണ്. യുനെസ്കോ വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയിൽ 2011ൽ ഖത്തർ മ്യൂസിയം അതോറിറ്റി ചേർന്നിട്ടുണ്ട്.
ഖത്തർ മ്യൂസിയങ്ങൾ ലോകമെമ്പാടും ശ്രദ്ധ നേടിയിട്ടുണ്ട്. സമകാലിക മിഡിൽ ഈസ്റ്റേൺ മോഡൽ എങ്ങനെ വികസിപ്പിക്കാം എന്നത് പ്രവർത്തികമാക്കുന്നതിൽ ഖത്തർ ഏറ്റവും മുന്നിലാണ്. ഖത്തർ മ്യൂസിയങ്ങൾ വികസിപ്പിച്ചെടുത്ത എല്ലാ മ്യൂസിയങ്ങളും അവയുടെ വാസ്തു വിദ്യാ രൂപകല്പനയിലോ മൊത്തത്തിലുള്ള ആശയത്തിലോ ഇസ്ലാമിക അല്ലെങ്കിൽ ഖത്തരി ഘടകങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വിധത്തിൽ അത് സ്വന്തം ബ്രാൻഡ് സൃഷ്ടിക്കാൻ ശ്രമിക്കുന്നു. ഖത്തർ ഫൗണ്ടേഷന്റെ കമ്മ്യൂണിറ്റി ഡവലോപ്മെന്റ് പ്രതിഫലനമാണിത്. ഇത് ഒരു പുരോഗമന സമൂഹത്തെ സൃഷ്ഠിക്കുകയും സാംസ്‌കാരിക ജീവിതം മെച്ചപ്പെടുത്തുകയും, ഖത്തറിന്റെ പൈതൃകം സംരക്ഷിക്കുകയും സമൂഹത്തിലെ അടിയന്തിര സാമൂഹിക ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുന്നു.
MIA പാർക്കിൽ സിനിമ പ്രദർശനങ്ങൾ, കായിക ഇവന്റുകൾ, സംഗീത പരിപാടികൾ, പൊതു പരിപാടികൾ എന്നിങ്ങനെയുള്ള പൊതു പ്രവർത്തനങ്ങൾ നടത്തുന്നു. പുതിയ നാഷണൽ മ്യൂസിയം ഓഫ് ഖത്തർ 2019മാർച്ച്‌ 28ന് പൊതു ജനങ്ങൾക്കായി തുറന്നു കൊടുത്തു.
ദോഹ കോർണിഷിന്റെ തെക്കേ അറ്റത്ത് 1.5ദശ ലക്ഷം ചതുരശ്ര അടി സ്ഥലത്തു സ്ഥിതി ചെയ്യുന്ന നാഷണൽ മ്യൂസിയം ഓഫ് ഖത്തർ കെട്ടിടം കടലിൽ നിന്ന് ഉയരുന്നു. രണ്ടു കാൽനട പാലങ്ങളും ഒരു റോഡ് പാലവും കരയുമായി ബന്ധിപ്പിച്ചിരിക്കുന്നു.
ഖത്തർ ഒളിമ്പിക്സ് ആൻഡ് സ്പോർട്സ് മ്യൂസിയം കായിക ചരിത്രം, പൈതൃകം, വീജ്ഞാനം എന്നിവക്കായി ആസൂത്രണം ചെയ്ത ദേശീയ അന്തർ ദേശീയ കേന്ദ്രമാണ്. സ്പോർട്സ്, സ്പോർട്സ് വസ്തുക്കൾ സംരക്ഷിക്കാനും സംഭരിക്കാനും അന്വേഷിക്കാനും പ്രദർശിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നു. ഓറിയന്റലിസ്റ്റ് കലക്കായി മാത്രം സമർപ്പിക്കപ്പെട്ട ലോകത്തിലെ ഏക സ്ഥാപനമാണ് ഓറിയന്റലിസ്റ്റ് ശേഖരം. പെയിന്റിംഗുകൾ, വാട്ടർ കളറുകൾ, ശില്പങ്ങൾ,ഡ്രോയിങ്ങുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഖത്തർ മ്യൂസിയങ്ങൾ സംഘടിപ്പിക്കുന്ന താൽക്കാലിക പ്രദർശനങ്ങൾക്കായുള്ള ഇടമയാണ് 2010ൽ QM ഗാലറി സ്ഥാപിച്ചത്. കത്താറ (സാംസ്‌കാരിക ഗ്രാമം )ബിൽഡിംഗ്‌ 10ൽ സ്ഥിതി ചെയ്യുന്ന ഗാലറി, മ്യൂസിയങ്ങൾക്ക് അവരുടെ ശേഖരങ്ങളും പദ്ധതികളും ദർശനങ്ങളും അവതരിപ്പിക്കുന്നതിന്നുള്ള ഒരു വേദിയാണ്.
ഗാലറിയിൽ ഖത്തരി കലാകാരന്മാരുടെ പ്രദർശനങ്ങളും അന്താരാഷ്ട്ര പ്രദർശനങ്ങളും സംഘടിപ്പിക്കുന്നു. ഫോട്ടോഗ്രാഫി, പുരാവസ്തു ശാസ്ത്രം, കല, കായികം, വാസ്തു വിദ്യ, ശില്പം എന്നിങ്ങനെയുള്ള പ്രദർശനങ്ങളുടെ വിപുലമായ ശ്രേണി അനുവാചകരെ സംതൃപ്തരാക്കുന്നു.
ഇസ്‌ലാമിക് ആർട്ട്‌ മ്യൂസിയത്തിന്ന് അടുത്തായി സ്ഥിതി ചെയ്യുന്ന അൽരിവാബ് ദോഹ എക്സിബിഷൻ സ്പേസ്, ഖത്തർ മ്യൂസിയത്തിന്റെ മറ്റൊരു താൽക്കാലിക പ്രദർശന സ്ഥലമാണ്. മൊത്തം 5000ചതുരശ്ര മീറ്റർ വിസ്തീർണമുണ്ട്.
കലാകാരന്മാർ താമസിക്കുന്ന ഫയർ സ്റ്റേഷൻ സർഗാത്മകതക്കുള്ള ഒരു തുറന്ന ഇടമാണ്. ഖത്തരി ആർക്കിടെക്ട് ഇബ്രാഹിം അൽ ജെയ്ദ രൂപകല്പന ചെയ്ത ഫയർ സ്റ്റേഷനിൽ 24സ്റ്റുഡിയോകളും 700ചതുരശ്ര മീറ്റർ ഗാലറിയും പഴയ ഗാരെജിൽ ഉണ്ട്. ഇത് പ്രോഗ്രാമിൽ പങ്കെടുക്കുന്ന കലാകാരന്മാർക്കും പ്രാദേശിക വാസികൾക്കും ഉപയോഗിക്കാം.
ഖത്തർ മ്യൂസിയം സ്ഥാപിതമായതു മുതൽ സർവേകൾ, ഉൽഖനനങ്ങൾ, പുനരുദ്ധാരണം, പുനരധിവാസ പദ്ധതികൾ തുടങ്ങി നിരവധി വാസ്തു വിദ്യാ സംരക്ഷണ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. ഈ ശ്രമങ്ങൾ ഖത്തറിൽ ഉടനീളമുള്ള നിരവധി പുരാവസ്തു സ്ഥലങ്ങൾ, കൊട്ടകൾ, ടവറുകൾ, പള്ളികൾ, പഴയ കെട്ടിടങ്ങൾ എന്നിവ കണ്ടെത്താനും രേഖപ്പെടുത്താനും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും സഹായിച്ചു. ഇങ്ങനെ രാജ്യത്തിന്റെ സംസ്കാരവും പൈതൃകവും സംരക്ഷിക്കുന്നു.
UNESCO യുടെ ലോക പൈതൃക കേന്ദ്രമാണ് അൽ സുബാറ. ദോഹയിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ വടക്ക് പടിഞ്ഞാറായാണ് അൽ സുബാറ സ്ഥിതി ചെയ്യുന്നത്. അൽ സുബാറയിലും അതിന്റെ ഉൾപ്രദേശങ്ങളിലും വലിയ തോതിലുള്ള ഖനനങ്ങളും പുനരുദ്ധാരണങ്ങളും നടന്നു.
പബ്ലിക് ആർട്ട്‌ ഡിപ്പാർട്മെന്റ് കലാ പ്രദർശനങ്ങൾ സംഘടിപ്പിക്കുകയും പ്രശസ്തരായ കലാകാരന്മാരുടെ കലാ സൃഷ്ടികൾ സ്ഥാപിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. പൊതു ഇടങ്ങളിൽ വിവിധ കലാരൂപങ്ങൾ പ്രദർശിപ്പിക്കുന്നതിലൂടെ പ്രാദേശിക പ്രതിഭകളെ പ്രചോദിപ്പിക്കുകയും കലയും പ്രാദേശിക സമൂഹവും തമ്മിലുള്ള ബന്ധം രൂഢമൂലമാക്കുകയും ചെയ്യുന്നു.
കലകൾ, പുരാവസ്തു ശാസ്ത്രം, ഇസ്ലാമിക ചരിത്രം, പൗരസ്ത്യ പഠനങ്ങൾ എന്നിവയെക്കുറിച്ച് ഖത്തർ മ്യൂസിയങ്ങൾ പതിവായി ഇംഗ്ളീഷിലും അറബിയിലും പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കുന്നു.
ഞങ്ങൾ ഖത്തറിൽ എത്തിയത് റംസാൻ മാസത്തിലെ അവസാനത്തിലാണ്. ഈദുൽ ഫിത്തർ ഖത്തറിൽ വെച്ച് ആഘോഷിക്കുവാനുള്ള ഭാഗ്യം ലഭിച്ചു. ഈദ് ആഘോഷത്തോടനുബന്ധിച്ചു കോർണിഷ് മേഖല ഗതാഗത നിയന്ത്രണത്തിലായിരുന്നു. ബലൂൺ പരേഡും മാജിക് ഷോയും ഗാനമേളയുമൊക്കെ ആസ്വദിക്കാൻ ഞങ്ങൾക്ക് അവസരമുണ്ടായി. വലിയ ബലമുള്ള ബലൂൺ കൊണ്ട് വ്യത്യസ്ത രൂപങ്ങളുണ്ടാക്കി പരേഡ് നടത്തുന്നു. അത്യാകർഷകമായ ഈ പരിപാടിയിൽ ഞങ്ങൾക്ക് VIP സീറ്റായിരുന്നു ലഭിച്ചിരുന്നത് എന്നത് എടുത്തു പറയേണ്ട കാര്യമാണ്. ഖത്തറിൽ നിന്നും നാട്ടിൽ തിരിച്ചെത്തിയിട്ടും ഖത്തർ ഓർമ്മകൾ മനസ്സിൽ കൂടുതൽ തിളക്കത്തോടെ പ്രശോഭിക്കുന്നു.

വഴിതെറ്റിപ്പോകുന്ന യുവതലമുറ...

No comments
വഴിതെറ്റിപ്പോകുന്ന യുവതലമുറ
ഈ കാലഘട്ടത്തിൽ വഴിതെറ്റി പോവാതെ ജീവിക്കാൻ കഴിയുക എന്നത് വലിയ ഒരു സംഭവം തന്നെയാണ്.
പല പല വിദ്യാർത്ഥികളും വഴിതെറ്റി പോകുന്നത് നാം കാണാറില്ലേ.??
ഒരുപാട് പത്ര മാധ്യമ ദൃശ്യ ഓൺലൈൻ ചാനലിലൂടെ നാം ദൈനംദിനമായി വായിച്ചു കേൾക്കാൻ കഴിയുന്നത് വിദ്യാർഥികൾ വഴിതെറ്റിപ്പോകുന്ന വാർത്തയല്ലേ....
എന്തുകൊണ്ടാണ്  വിദ്യാർത്ഥികൾ വഴി തെറ്റി പോകുന്നത്..?
വിദ്യാർത്ഥികൾ അവരുടെ കൂട്ടുകെട്ട് ശരിയല്ലാത്തതു കൊണ്ടാണോ,
അതല്ലെങ്കിൽ മാതാപിതാക്കളുടെ ശ്രദ്ധക്കുറവു കൊണ്ടോ അതുമല്ലെങ്കിൽ  ഗുരുനാഥൻമാരുടെ കഴിവുകേട് കൊണ്ടോ...?
ഉത്തരങ്ങൾ കിട്ടാത്ത ചോദ്യങ്ങൾ ബാക്കി നിൽക്കുന്നു...
സ്വന്തം വീടുകളിൽ നിന്നും സ്നേഹം കിട്ടാത്തതുകൊണ്ട് ഒരുപാട് വിദ്യാർഥികൾ വഴിതെറ്റി പോകുന്നതായി നാം കാണാറില്ലേ....
സ്വന്തം മതസ്ഥരെ അല്ലാതെ തന്നെ മറ്റു മതത്തിൽ പെട്ടവരെ സ്നേഹിക്കുകയും അവരെ കൂടെ ചാടി പോകുന്നതും സർവ്വസാധാരണമായി കാണുന്ന ഈ ഒരു കാലഘട്ടത്തിൽ മദ്യത്തിനും മയക്കുമരുന്നിനും അടിമയാകുന്ന വിദ്യാർഥികൾ വേറെയും....
എന്നാണ് നമ്മുടെ സമൂഹം നന്നാവുന്നത്...
ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്ന് പറഞ്ഞതുപോലെ
കൂടെ നടക്കുന്നവരുടെ കുഴപ്പമാണോ അതോ മറ്റെന്തെങ്കിലും ആണോ..?
മദ്യത്തിനും മയക്കുമരുന്നിനും അടിമയാകുന്ന വിദ്യാർത്ഥികൾ വീട്ടിലെ സാഹചര്യം നോക്കാറില്ല...
ഏതൊരു രക്ഷിതാവും തൻറെ കുട്ടിക്ക് വിദ്യാഭ്യാസം നൽകുന്നതിനുവേണ്ടി രാപകൽ കഷ്ടപെടുന്നതും
മറ്റുള്ളവരെ അടിമപ്പണി ചെയ്തുകൊണ്ട് കുടുംബത്തെ ബദ്രത യോടു കൂടി യാതൊരു പോറലുമേൽക്കാതെ തൻറെ മകളെ സുരക്ഷിതമായി യഥാസ്ഥാനത്ത് എത്തിക്കുവാൻ ഓരോ രക്ഷിതാവും പാടുപെടുന്നത് നാം കാണാറില്ലേ...
വിദ്യാർത്ഥികൾ എന്തുകൊണ്ട് ഇത്തരം കാര്യങ്ങൾ ചിന്തിക്കുന്നില്ല....
ചിന്തിക്കാനുള്ള ശേഷി നഷ്ടപ്പെട്ടവരാണോ ഈ തലമുറ...
എവിടെയെത്തും എന്നറിയാതെ ദിവസങ്ങൾ മാസങ്ങൾ വർഷങ്ങൾ ആയി മുന്നോട്ടു പോകുന്നു....
രക്ഷിതാക്കളുടെയും ഗുരുനാഥൻ മാരുടെയും അനുസരണയുള്ള ഒരു വിദ്യാർത്ഥിയായി മാറാൻ സാധിക്കുന്നുവെങ്കിൽ അവനാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വിജയിനമുക്ക് കൈകോർക്കാം...മരങ്ങൾ വെച്ചു പിടിപ്പിക്കാൻ....

No comments
നമുക്ക് കൈകോർക്കാം...
മരങ്ങൾ വെച്ചു പിടിപ്പിക്കാൻ....

ലോക പരിസ്ഥിതി ദിനം വന്നെത്തുമ്പോൾ മരങ്ങളെ പറ്റി ഓർമ വരുമ്പോൾ, അവിടെയും ഇവിടെയുമായി കുറേ മരങ്ങൾ നട്ടു പിടിപ്പിക്കുന്നു. പിന്നെ അതിന്റെ അടുത്ത് പോയി നോക്കുകയോ പരിചരിക്കുകയോ ചെയ്യുന്നില്ല. ചിലരൊക്കെ സംരക്ഷിക്കുന്നുണ്ട് എന്ന കാര്യം മറക്കുന്നില്ല. അത് കൊണ്ട് തന്നെ, കേരള വനം വകുപ്പ് ഈ വർഷം തൈകൾ വിതരണം നടത്തേണ്ട എന്നാണ് തീരുമാനിച്ചത്. അധ്വാനം വെറുതെ പാഴാക്കുന്നത് എന്തിനാണ്.
മരം വെച്ചു പഠിപ്പിച്ചാൽ, അതിനു വെള്ളവും വളവും നൽകണം. ഇടക്ക് അതിന്റെ അടുത്ത് പോകണം, എന്നാൽ അത് വളരും, തളിർക്കും, പുഷ്പിക്കും, കായ്ക്കും.
നമ്മുടെ സാമീപ്യം സസ്യങ്ങളുടെ വളർച്ചയെ ത്വരിതഗതിയിലാക്കുന്നു. നെൽകൃഷി നടക്കുന്ന വയലുകളിൽ ആൾക്കാർക്ക് നടക്കാൻ വരമ്പുണ്ടാകും. വരമ്പിന്ന് ഇരു വശവുമുള്ള നെല്ലിന്റെ വളർച്ച നിങ്ങളൊന്നു നിരീക്ഷിക്കൂ, നമ്മുടെ ശരീരത്തിൽ നിന്നും എന്തോ ഒന്ന് ചെടികളിൽ എത്തുന്നുണ്ട്. എന്റെ പിതാവ് കുരുമുളക് വള്ളി വളർത്താറുണ്ടായിരുന്നു. മിക്ക ദിവസവും ആ വള്ളികൾക്കരികിൽ പിതാവ് എത്താറുണ്ടായിരുന്നു. വളരെ പെട്ടെന്ന് കുരുമുളക് വള്ളികൾ അടുത്തുള്ള മരങ്ങളിലൂടെ കയറി പോകും.
നാം മരുന്നുകളെ ആശ്രയിച്ചു കൊണ്ടാണ് ജീവിക്കുന്നത്. നമ്മുടെ അസുഖങ്ങൾക്കുള്ള എല്ലാ മരുന്നുകളും ദൈവം ഭൂമിയിൽ സൃഷ്ടിച്ചു വെച്ചിരിക്കുന്നു. മുറിവ് പറ്റിയാൽ മുറിപൂട്ടി പുരട്ടിയാൽ വേഗം മുറിവുണങ്ങും. മൈലാഞ്ചി നല്ലൊരു മരുന്നാണ്. വെളുത്തുള്ളിയുടെയും ചെറിയ ഉള്ളിയുടെയും ഔഷധ വീര്യം പറയുകയും വേണ്ട. ഇഞ്ചിയും മഞ്ഞളും നമ്മൾ സ്ഥിരമായി കൃഷി ചെയ്യുന്നതാണല്ലോ. കടന്നലും തേനീച്ചയും പഴുതാരയും കുത്തിയാൽ നാം പച്ച മഞ്ഞൾ തിരഞ്ഞു നടക്കാറില്ലേ. ആര്യ വേപ്പും നെല്ലിയും നിസ്സാരക്കാരല്ല. കറ്റാർ വാഴ സ്ത്രീകളുടെ ഇഷ്ട മിത്രമാണ്. ഇനിയും ഇങ്ങനെ കുറേ പറയാനുണ്ട്.
അടുക്കള തോട്ടം ഒരുക്കുന്നതിൽ ചില മഹിളകൾ മിടുക്കികളാണ്. പപ്പായയും കറിവേപ്പിലയും മുരിങ്ങയും ഇല്ലാത്ത അടുക്കള തോട്ടം ഉണ്ടാകുമോ. പലവിധ ചീരകൾ കൃഷി ചെയ്യുന്നവരുണ്ട്. വാഴയും ചേനയും ചേമ്പും കാച്ചിലും കപ്പയും ചക്കയും മാങ്ങയും ഇന്നും അന്യം നിന്ന് പോയിട്ടില്ല.
ഈ ഭൂമി മനുഷ്യരെയാണ് ദൈവം ഏൽപ്പിച്ചത്. ഇതിന്റെ സന്തുലിതാവസ്ഥ തകർക്കാൻ നാം കച്ചകെട്ടി ഇറങ്ങരുത്. മണിമാളികകൾ പണിയാൻ, ഉള്ള മരങ്ങളെ മുഴുവൻ നാം കൊത്തിമുറിക്കുന്നു. ആർത്തി തീരാത്ത മനുഷ്യൻ എല്ലാം നശിപ്പിക്കുന്നു. ചെറിയ കുടുംബത്തിനും വേണം ആറു ബെഡ് റൂമുകൾ. വീട് മരം കൊണ്ട് പൊതിയുന്നവരുമുണ്ട്. നമുക്ക് മാത്രം പാർക്കാനുള്ളതാണോ ഈ ഭൂമി. ഇത്തിരി കാശ് ഉണ്ടെന്നു കരുതി എങ്ങനെയും ജീവിക്കാമെന്നാണോ. ഈ ഭൂമിക്ക് ധാരാളം അവകാശികളുണ്ട്. കുറെ പേര് ഇനിയും വരാനുണ്ട്.
ഇത്തിരി മരങ്ങൾ വെച്ചു പിടിപ്പിച്ചു ഒത്തിരി നേട്ടങ്ങൾ കൊയ്തെടുക്കുക.
ഈ വർഷം പരിസ്ഥിതി ദിനത്തിൽ എല്ലാ വീട്ടിലും ഔഷധ സസ്യങ്ങളും ഫലവൃക്ഷ തൈകളും വിതരണം നടത്തുന്ന കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്‌ സാരഥികൾ അഭിനന്ദനം അർഹിക്കുന്നു. നേതൃത്വം നൽകുന്ന ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി ശംലൂലത്ത്, ഭരണ സമിതി അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവരെ മുക്ത കണ്ഠം പ്രശംസിക്കുന്നു. തൈകൾ കിട്ടുന്നവർ അത് പരിപാലിക്കുന്നതിൽ ബദ്ധ ശ്രദ്ധരാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.


ഖത്തറിലെ വിശേഷങ്ങൾ:ദേശീയ ഗ്രന്ഥ ശേഖരം..

No comments
ഖത്തറിലെ വിശേഷങ്ങൾ:
ദേശീയ ഗ്രന്ഥ ശേഖരം..

കൊടിയത്തൂർ ഖാളി എം എ അബ്ദുസ്സലാം മാസ്റ്ററുടെ മകൻ അബ്ദുൽ അസീസ് അമീൻ ഖത്തർ സർവീസ് ഫോറത്തിന്റെ സാരഥിയാണ്. 
ഞങ്ങൾ ഖത്തറിൽ വെച്ച് പരിചയപ്പെട്ടപ്പോൾ ഖത്തർ നാഷണൽ ലൈബ്രറിയെ പറ്റി നന്നായി വർണിച്ചു തന്നു. പിതാവ് ഖത്തർ വിസിറ്റ് നടത്തിയപ്പോൾ ഒരു ദിവസം ലൈബ്രറിയിൽ കഴിച്ചു കൂട്ടി എന്നും പറഞ്ഞു. ഞങ്ങൾ ഒരു മണിക്കൂർ മാത്രമാണ് ലൈബ്രറിയിൽ കഴിച്ചു കൂട്ടിയത്. ഇനി ഖത്തറിൽ വരാൻ അവസരം കിട്ടിയാൽ ദിവസങ്ങൾ തന്നെ ലൈബ്രറിയിൽ കഴിച്ചു കൂട്ടണം, ഇൻശാ അല്ലാഹ്.

അതൊരു വലിയ ലോകമാണ്. ഗ്രന്ഥങ്ങളുടെ മഹാ ശേഖരം. വിഷയാധിഷ്ഠിതമായി അടുക്കി വെച്ചിരിക്കുന്ന പുസ്തകങ്ങൾ. അനുവാചകർ ധാരാളം. പഠനങ്ങളും മനനങ്ങളും ഗവേഷണങ്ങളും ഗംഭീരമായി നടക്കുന്നു. എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ഒരിടം. കുട്ടികളെയുമായി വരുന്നവർക്ക് ആവലാതി വേണ്ട. അവർക്ക് പ്രത്യേകം ലൈബ്രറിയുണ്ട്. ഇരുന്നു വായിക്കാൻ ചുമരിൽ പ്രത്യേക സംവിധാനം. കുട്ടികളെ അവിടെ ആക്കിയാൽ പുറത്തേക്ക് പോരാൻ അവർ കൂട്ടാക്കില്ല.
ഹെറിറ്റേജ് ലൈബ്രറി വേറെ തന്നെയുണ്ട്. പൗരാണിക അറേബ്യൻ പ്രൌഡിയെ വിളിച്ചോതുന്ന വൻ ശേഖരങ്ങൾ. അറബികൾ ആയിരുന്നല്ലോ വിക്ഞാനത്തിന്റെ അപ്പോസ്തലന്മാർ. പഴമയുടെ പൊലിമ അവിടെ നമുക്ക് ദർശിക്കാം. അറിവിൻ പൂവാടിയിൽ എത്ര സമയം ചെലവഴിച്ചാലും മതിയാവില്ല. ലൈബ്രറിയോട് അനുബന്ധിച്ചു പ്രത്യേക പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.
ഖത്തർ ഫൌണ്ടേഷൻ ഫോർ എഡ്യൂക്കേഷൻ, സയൻസ്, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് എന്നിവക്ക് കീഴിലുള്ള ഒരു സ്ഥാപനമാണ് ഖത്തർ നാഷണൽ ലൈബ്രറി.2012 നവംബർ 19 ന്നാണ് ലൈബ്രറി സ്ഥാപിച്ചത്. റെം കൂൾഹാസ് ആയിരുന്നു ആർക്കിടെ ക്റ്റ്. മെട്രോ ട്രെയിനിന്ന് ഖത്തർ നാഷണൽ ലൈബ്രറി സ്റ്റേഷനുണ്ട്. ഒരു ദേശീയ ലൈബ്രറി, ഗവേഷണ തല സർവകലാശാല ലൈബ്രറി, ഡിജിറ്റൽ യുഗത്തിന്നായി സജ്ജീകരിച്ചിട്ടുള്ള ഒരു സെൻട്രൽ മെട്രോ പൊളിറ്റൻ പബ്ലിക് ലൈബ്രറി എന്നിങ്ങനെയുള്ള പ്രവർത്തനമാണ് ഖത്തർ നാഷണൽ ലൈബ്രറി ലക്ഷ്യമിടുന്നത്. ഒരു സർവകലാശാലയും ഗവേഷണ ലൈബ്രറിയും എന്ന നിലയിൽ ഇത് എല്ലാ തലങ്ങളിലും വിദ്യാഭ്യാസത്തെയും ഗവേഷണത്തെയും പിന്തുണക്കുന്നു. കൂടാതെ ഒരു ആധുനിക സെൻട്രൽ പബ്ലിക് ലൈബ്രറി എന്ന നിലയിൽ, ഇത് വായനാ താല്പര്യങ്ങൾ നിറവേറ്റുന്നതിന്നും പൊതു ജനങ്ങളുടെ വിവര സാക്ഷരത വളർത്തുന്നതിന്നും ലൈബ്രറി സേവനങ്ങളും വിഭവങ്ങളും നൽകുന്നു. കൂടാതെ ഇത് ഒരു കമ്മ്യൂണിറ്റി മീറ്റിംഗ് സ്ഥലമായും പ്രവർത്തിക്കുന്നു. ഉന്നത വിദ്യാഭ്യാസത്തിന്റെ കേന്ദ്രമായി ഖത്തർ ഫൌണ്ടേഷൻ വികസിപ്പിച്ചെടുത്ത ദോഹയിലെ ഒരു ജില്ലയായ എഡ്യൂക്കേഷൻ സിറ്റിയിലാണ് ലൈബ്രറിയുടെ പുതിയ കെട്ടിടം നിലക്കൊള്ളുന്നത്.

ഏതൊരു ഖത്തരി പൗരനും, അല്ലെങ്കിൽ റസിഡന്റ് പെർമിറ്റ്‌ ഉള്ളവർക്കും സൗജന്യ ലൈബ്രറി രെജിസ്ട്രേഷന് അർഹതയുണ്ട്. ലൈബ്രറിയുടെ വെബ്സൈറ്റ് രെജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾക്ക് അന്തർ ദേശീയ പണ്ഡിത ഡാറ്റാ ബേസുകളും മികച്ച അക്കാദമിക് ജെർണലുകളും കൂടാതെ ജനപ്രിയ സാഹിത്യം, മാഗസിനുകൾ, കുട്ടികളുടെ വിഭവങ്ങൾ, സംഗീതം, എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ഓൺലൈൻ പ്രവേശനം വാഗ്ദാനം ചെയ്യുന്നു.
ഖത്തർ സന്ദർശിക്കുന്നവർ നിർബന്ധമായും ലൈബ്രറിയിൽ ഒരിക്കലെങ്കിലും പോവണമെന്ന് അഭ്യർത്ഥിക്കുന്നു.

സൗദി അറേബ്യയിൽ പോയപ്പോൾ കണ്ട അത്ര ഈത്തപ്പന തോട്ടങ്ങൾ ഖത്തറിൽ കണ്ടിട്ടില്ല....

No comments
ഖത്തറിലെ വിശേഷങ്ങൾ:
മരുഭൂമിയിലെ മണവാട്ടി...

സൗദി അറേബ്യയിൽ പോയപ്പോൾ കണ്ട അത്ര ഈത്തപ്പന തോട്ടങ്ങൾ ഖത്തറിൽ കണ്ടിട്ടില്ല. ഓരോ അറബി വീടിന്റെ പരിസരത്തും റോഡ് സൈഡിലും, പാർക്കുകളിലും ഈത്തപ്പനകൾ കണ്ടു.
ഞങ്ങൾ ഖത്തറിൽ എത്തിയപ്പോൾ ഈത്തപ്പനകൾ കുലച്ചിട്ടേ ഉള്ളൂ. ഒരു മാസത്തോളം ഖത്തറിൽ കഴിച്ചുകൂട്ടി തിരിച്ചു പോരാനായപ്പോൾ കായകൾ കുറച്ചൊക്കെ വലിപ്പം വെച്ചിട്ടുണ്ട്.
മരുപ്പച്ചയിലെ രാജകുമാരൻ, നാഗരികതയുടെ വളർത്തുപുത്രി, മണലാരണ്യത്തിലെ മണവാട്ടി, ജീവിത വൃക്ഷം, ഉത്തമ വൃക്ഷം, പരിപാവന വൃക്ഷം, പറുദീസയിലെ മരം, ദൈവ ദാനം, വന ചെയ്തന്യം, സ്വർഗ്ഗ വൃക്ഷം, എന്നിങ്ങനെ അറബിയിൽ നിരവധി വിശേഷണങ്ങളുള്ള വൃക്ഷമാണ് ഈത്തപ്പന.

ഭൂമിയിലെ പഴക്കം ചെന്ന വൃക്ഷങ്ങളി ലൊന്നാണ് ഈത്തപ്പന. പുരാതന അവശിഷ്ടങ്ങളിൽ നിന്ന് ഈത്തപ്പനയോലകൾ ലഭ്യമായിട്ടുണ്ട്. ആദം നബിയുടെ കാലം തൊട്ടുണ്ടെന്ന് കരുതപ്പെടുന്നു.
ഈത്തപ്പന കൃഷിയിൽ മുൻപന്തിയിൽ നിൽക്കുന്ന നാട് ഇറാക്കാണ്. അവിടെ നിന്ന് ധാരാളം ഈത്തപ്പഴം കയറ്റുമതി ചെയ്യുന്നു. അമേരിക്കയിലെ അരിസോണയിലും കാലിഫോർണിയയിലുംഈത്തപ്പനയുണ്ട്. ഏക്കർ കണക്കിന് വരുന്ന കൃഷിയിടങ്ങളിൽ വാ ണിജ്യാടിസ്ഥാനത്തിൽ ഈത്തപ്പന കൃഷി ചെയ്യുന്നു. 

അറബ് നാടുകളിൽ പാതയോരങ്ങളിൽ കൃഷി ചെയ്യുന്ന ഈത്തപ്പന ധാരാളം ഈത്തപ്പഴം തരുന്നതിനോടൊപ്പം നയന മനോഹരമായ ഒരു കാഴ്ച കൂടിയാണ്.
ഈത്തപ്പന തൈ വളർന്നു 10മുതൽ 24മീറ്റർ വരെ ഉയരം വെക്കുന്നു. അഞ്ചു വർഷമാവുമ്പോഴേക്ക് കായ്ച്ചു തുടങ്ങുന്നു.
ഞങ്ങൾ ഏപ്രിൽ 21ന്നാണ് ഖത്തറിൽ എത്തിയത്. അപ്പോൾ മിക്ക ഈത്തപ്പനയും കുലച്ചിട്ടുണ്ട്. തിരിച്ചു പോരുമ്പോൾ കായകൾ കുറച്ചു വലുതായിട്ടുണ്ട്. ചൂട് കൂടുമ്പോഴാണ് ഈത്തപ്പഴങ്ങൾ പഴുക്കുക. ഈത്തപ്പഴങ്ങൾ കുലകളായാണ് കാണപ്പെടുന്നത്. ഒരു കുലക്ക് അഞ്ചു മുതൽ പത്തു കിലോ വരെ ഭാരം വരാം. പനയുടെ ഇനമനുസരിച്ച് മഞ്ഞ, ഓറഞ്ച്, കടും ചുവപ്പ് തുടങ്ങിയ വർണങ്ങളിലാണ് ഈത്തപ്പഴങ്ങൾ കാണപ്പെടുന്നത്. ഭാരമേറിയ പഴക്കുലകളും വഹിച്ചു നിൽക്കുന്ന ഈത്തപ്പനങ്ങൾ മനോഹരമായ ഒരു കാഴ്ചയാണ്. 
പഴങ്ങളിൽ ജലത്തിന്റെ അംശം കുറവാണ്. അതിനാൽ ഈത്തപ്പഴങ്ങൾ ഉണങ്ങിയാലും പഴുത്ത പഴത്തോളം തന്നെ വലിപ്പം ഉണ്ടായിരിക്കും.
ഈത്തപ്പനയുടെ വേര് മുതൽ തല വരെ എല്ലാ ഭാഗങ്ങളും ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഉപയോഗ പ്രദമാണ്. അറബി നാട്ടിലെ കല്പവൃക്ഷം എന്ന പേരിന്ന് ഈത്തപ്പന എന്തുകൊണ്ടും അർഹമാണ്. ഈത്തപ്പനയുടെ തടി ഗൃഹ നിർമ്മാണത്തിന്നും മറ്റും ഉപയോഗിക്കുന്നു. ഓല കൊണ്ട് കുട്ട, വട്ടി, തൊപ്പി, ചൂൽ തുടങ്ങിയവ ഉണ്ടാക്കുന്നു. ഈത്തപ്പഴകുരു കാലിതീറ്റയായും ഇന്ധനമായും പാചക എണ്ണയുണ്ടാക്കാനും ഉപയോഗിക്കുന്നു. ഈത്തപ്പഴം ഭക്ഷണമായും തേൻ, ചക്കര, മിട്ടായി, ശർബത്ത് എന്നിവ ഉണ്ടാക്കുന്നതിന്നും മധുര - ലഹരി പാനീയങ്ങൾക്കും ഉപയോഗിക്കുന്നു. കാരക്ക വ്യത്യസ്ത ഇനങ്ങളുണ്ട്. ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട് കാരക്കയിൽ, അത് കൊണ്ടായിരിക്കും ഉപവാസം അവസാനിപ്പിക്കാൻ കാരക്ക തെരഞ്ഞെടുക്കുക എന്ന് പ്രവാചക തിരുമേനി (സ )അരുളിയത്.
ഞാൻ പലപ്പോഴും കുലച്ചു നിൽക്കുന്ന ഈത്തപ്പനയിലേക്ക് നോക്കി നിൽക്കും. എത്ര നോക്കിയാലും മതി വരാത്ത അവസ്ഥ. വിദേശ നാടുകളിലൂടെ സഞ്ചരിക്കാൻ അവസരം തന്ന ജഗന്നിയന്താവിന്ന് സ്തുതി.

നല്ല ഭക്ഷണം ആവശ്യത്തിന് കഴിക്കുന്നവരാണ് അറബികൾ.

No comments
ഖത്തറിലെ വിശേഷങ്ങൾ:
രുചികരമായ ഭക്ഷണങ്ങൾ.

നല്ല ഭക്ഷണം ആവശ്യത്തിന് കഴിക്കുന്നവരാണ് അറബികൾ. അറേബ്യൻ നാടുകളിൽ ജോലി ചെയ്തിരുന്ന മലയാളികൾ നാട്ടിലെത്തി അവിടെയും അറേബ്യയിലെ ഭക്ഷണം കോപ്പിയടിക്കുകയാണ് ചെയ്തത്. കുഴിമന്തി, കഫ്സ, മജ്ബൂസ്, അൽഫാം, ഖുബ്ബൂസ് തുടങ്ങിയവ അവയിൽ പെട്ടതാണ്.

അറബികൾക്ക് ഏറ്റവും ഇഷ്ടം മട്ടൻ മജ്ബൂസ് ആണ്. ആടിന്റെ ഇറച്ചിയാണ് അറബികൾക്ക് പ്രിയം. എരിവും പുളിയും വളരെ കുറവായിട്ടാണ് ഉപയോഗിക്കുന്നത്. എരിവിന്ന് കുരുമുളക് പൊടിയാണ് ഉപയോഗിക്കുന്നത്. ധാരാളം ആടുകളെയുമായി ആട് വളർത്തൽ കേന്ദ്രങ്ങൾ നമുക്ക് മരുഭൂമിയിൽ കാണാൻ കഴിയും. ബെന്യാമിന്റെ ആട് ജീവിതം എന്ന നോവലിൽ ചിത്രീകരിക്കുന്ന അവസ്ഥയൊന്നും ഇപ്പോഴില്ല എന്നാണ് മനസ്സിലാക്കിയത്.
ഒട്ടകമാണ് അറബികളുടെ പ്രിയപ്പെട്ട ഒരു മൃഗം.മുൻകാലങ്ങളിൽ യാത്ര ചെയ്യാനായിരുന്നു ഒട്ടകത്തെ ഉപയോഗിച്ചിരുന്നത്. ഇതിന്റെ പാലും മാംസവും അറബികൾ ഉപയോഗിക്കാറുണ്ട്. 

മുമ്പ് ഉംറക്ക് പോയപ്പോൾ ജിദ്ദയിൽ നിന്നും ചേന്നമംഗല്ലൂരിലെ മക്ബൂൽ എന്നെ ഒട്ടക പാൽ കുടിപ്പിച്ചിരുന്നു. നല്ല പോഷക സമ്പുഷ്ട്ടമാണ് ഒട്ടക പാൽ. അറബികൾ ഒട്ടകത്തെയും ആടിനെയും മുഴുവനായി നിറുത്തി പൊരിക്കാറുണ്ട്.
പോത്തിറച്ചിയാണ് മറ്റൊരു വിഭവം. പോത്തിനെ വളർത്തുന്നത് ഇവിടെ കണ്ടിട്ടില്ല. പോത്തിറച്ചിയോട് അറബികൾക്ക് വലിയ താല്പര്യമില്ല.

ബലദിനാ പാർക്കിൽ ചെന്നപ്പോൾ ധാരാളം പശുക്കളെ കണ്ടു. മറ്റു രാജ്യങ്ങളുടെ ബഹിഷ്കരണത്തിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി ഇറക്കുമതി ചെയ്തതാണ് ആ പശുക്കളെ എന്ന് അറിയാൻ കഴിഞ്ഞു. പാൽ കറന്നെടുക്കുന്ന രൂപം കണ്ടപ്പോൾ വലിയ അദ്‌ഭുതമായി. ഒരു വലിയ റൗണ്ടിൽ ഓരോ പശുക്കൾക്കും നിൽക്കാൻ സൗകര്യമുണ്ടാക്കിയിരിക്കുന്നു. റൗണ്ടിന്ന് പുറത്ത് ഓരോ പശുക്കളും വരി വരിയായി നിൽക്കും. ഈ റൗണ്ട് കറങ്ങുമ്പോൾ ഒഴിവുള്ള സ്ഥലങ്ങളിലേക്ക് പശുക്കൾ കയറി നിൽക്കും. എന്നിട്ട് ഓരോ പശുവിന്റെയും പാൽ മെഷീൻ ഉപയോഗിച്ച് കറന്നെടുക്കും. നൂറുകണക്കിന് പശുക്കളാണ് ഇവിടെ ചിട്ടയോടെ ക്യു നിൽക്കുന്നത്. ഇരുപത്തി നാലായിരത്തിലധികം പശുക്കളുണ്ടിവിടെ. നമ്മുടെ നാട്ടിലെ മിൽമ പോലെ ഇവിടെ ബലദിനയാണ് പാലുൽപ്പന്നങ്ങൾ ഉണ്ടാക്കി വിപണിയിൽ എത്തിക്കുന്നത്. പാൽ പ്രത്യേകം ലാബുകളിൽ പരിശോധിക്കും. പാലും പാലുൽപ്പന്നങ്ങളും അറബികളുടെ ഭക്ഷണത്തിന്റെ ഒരു ഭാഗമാണ്. സ്വയം പര്യാപ്തത നേടിയ ഖത്തറിനെയാണ് ഞങ്ങൾ അവിടെയെല്ലാം ദർശിച്ചത്.

മത്സ്യങ്ങൾ ഖത്തറിലെ കടലിൽ തന്നെ ധാരാളമുണ്ട്. മാർക്കറ്റിൽ പോയാൽ ഫ്രഷ് മീൻ കിട്ടും. ഒരിക്കൽ ഞങ്ങൾ ഒരു കിംഗ് ഫിഷ് എന്ന അയക്കൂറയെ ലേലം ചെയ്ത് വാങ്ങി. നാലിലധികം കിലോ തൂക്കമുള്ള അതിന്ന് നൂറ്റിരുപത് റിയാലാണ് നൽകിയത്. മാർക്കറ്റിൽ നിന്നും വാങ്ങുന്നതിനേക്കാൾ വിലക്കുറവായിരുന്നു. സൂക്കുകളിൽ ഫ്രഷ് മത്സ്യം പൊരിച്ചു കിട്ടും. ഒരു മാസത്തോളം അവിടെ തങ്ങിയ ഞങ്ങൾ മൂന്ന് പ്രാവശ്യം സൂക്കിൽ പോയി മീൻ തിന്നിട്ടുണ്ട്. നല്ല രുചികരമായിരുന്നു മാർക്കറ്റിൽ നിന്നും വാങ്ങുന്ന മീനിന്ന്. മുറിച്ചു വൃത്തിയാക്കാൻ ഒരു കിലോ മത്സ്യത്തിന്ന് ഒരു റിയാൽ കൊടുത്താൽ മതി. വേണമെങ്കിൽ മുള്ളും തൊലിയും ഒഴിവാക്കി കിട്ടും.

ഓരോ രാജ്യക്കാർക്കുമുള്ള ഭക്ഷണം തയ്യാറാക്കുന്ന ഹോട്ടലുകളും ഉണ്ട്. മലയാളി, ഇന്ത്യൻ, അഫ്ഗാനിസ്ഥാനി, ചൈനീസ്, തുർക്കിഷ്, തുടങ്ങിയ നാടുകളിലെ ഭക്ഷണങ്ങൾ വ്യത്യസ്ത ഹോട്ടലുകളിൽ ലഭിക്കും.
മാളിൽ പോയി തിരിച്ചു വരുമ്പോൾ ഞങ്ങൾ ഒരു മലയാളി ഹോട്ടലിൽ കയറി. ഞങ്ങളോടൊപ്പം മരുമകൻ അമീർ ഷാജിയുടെ കൂട്ടുകാരും കുടുംബവും ഉണ്ടായിരുന്നു. മുഹമ്മദും ഭാര്യ സാഫിറയും, റഫ്നാസും ഭാര്യ ഷഹനയും കുട്ടിയും, അൻസാറും ഭാര്യ ശുറൂക്കയും അൻവറും ഭാര്യ മാനിഹയും ഷഹനയുടെ സഹോദരനും, അമീർ ഷാജിയും  ജസ്‌നയും മക്കളായ നസഫറിൻ, തമീം ബിൻ അമീർ എന്നിവരുമാണ് ഉണ്ടായിരുന്നത്. കണ്ണൂർകാർ നടത്തുന്ന മലയാളി ഹോട്ടലിൽ നിന്നും ഞങ്ങൾക്ക് നാട്ടിലെ മാന്തൾ മീൻ കൊണ്ടുള്ള വിഭവം വരെ കിട്ടി.
ഞങ്ങൾ വക്രയിലുള്ള ആദാമിന്റെ ചായക്കട എന്ന ഹോട്ടലിൽ കയറി. മുക്കത്ത് നേരത്തെ ഉണ്ടായിരുന്ന മക്കാനി എന്ന കടയെയാണ് ഓർമിച്ചത്. ഹോട്ടലിന്റെ പേര് മലയാളത്തിൽ പലസ്ഥലത്തും എഴുതിയിട്ടുണ്ട്. ചുമരിൽ നിറയെ മലയാളത്തിലുള്ള വചനങ്ങളാണ്. "വിശന്നാൽ നമ്മളെ വിളിച്ചോളി, കഴിച്ചാൽ മറക്കാത്ത ഭക്ഷണം., ഇങ്ങള് പരിപാടി വച്ചോളി ഭക്ഷണം ഞങ്ങൾ തന്നോളും " തുടങ്ങിയ വാചകങ്ങളാണ് അവിടെ എഴുതി വെച്ചത്.
അറബികളുടെ വീടുകളിൽ ഭക്ഷണം പാചകം ചെയ്യാൻ പ്രത്യേകം തൊഴിലാളികളുണ്ട്. സാമ്പത്തിക സ്ഥിതി അനുസരിച്ചു ഒന്നിലധികം പേരുണ്ടാവും. സ്ത്രീകളും പുരുഷന്മാരും അറബി വീടുകളിൽ പാചകക്കാരായി ഉണ്ടാവും. അറബി സ്ത്രീകൾ മേൽനോട്ടം വഹിക്കുക മാത്രമാണ് ചെയ്യാറുള്ളത്. വീട്ടിലെ ഡ്രൈവർമാർക്കുള്ള ഭക്ഷണം മിക്ക വീട്ടിൽ നിന്നും ലഭിക്കും.
അറബി വീടുകളിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ മറ്റുള്ളവർക്ക് നൽകാറുണ്ട്. അടുത്ത ബന്ധുക്കൾക്കാണ് അവർ കാര്യമായും കൊടുത്തയക്കാറുള്ളത്. അങ്ങനെ കൊടുത്തയച്ച വീട്ടിൽ നിന്നും ഭക്ഷണം ഇങ്ങോട്ടും കൊണ്ടു വരും. അയൽവാസികളെ സഹായിക്കും. മിച്ചം വരുന്ന ഭക്ഷണം പേക്ക് ചെയ്ത് മറ്റുള്ളവർക്ക് നൽകാൻ വേണ്ടി ഡ്രൈവർമാർ വശം കൊടുത്തയക്കാറുണ്ട്.
അറബി വീടിനോ ടനുബന്ധിച്ചു പ്രത്യേകം മജ്‌ലിസ് കെട്ടിടങ്ങളുണ്ടാവും. ഇവർ വീട്ടിലേക്ക് മറ്റുള്ളവരെ പ്രവേശിപ്പിക്കാറില്ല. അറബിയുടെ സ്നേഹിതന്മാർക്കും മറ്റും ഒരുമിച്ചു കൂടി സംസാരിക്കാനുള്ള വേദിയാണ് മജ്‌ലിസ്. കഹ്‌വയും കാരക്കയും ഫ്രൂട്സും അവിടെ ഉണ്ടാവും. അധികം ആളുകൾ വന്ന് പാർട്ടി നടത്തുമ്പോൾ മറ്റു ഭക്ഷണ വിഭവങ്ങളുമുണ്ടാവും. മജ്ലിസിലെ കാര്യങ്ങൾ നോക്കാൻ പ്രത്യേകം പണിക്കാരനുണ്ടാവും.
ഒരു മാസക്കാലം ഖത്തറിൽ കഴിഞ്ഞ ഞങ്ങൾക്ക് മകൻ ജസിയും മരുമകൾ അനുവും വൈവിധ്യമാർന്ന ഭക്ഷണങ്ങളാണ് ഒരുക്കി തന്നത്.
അറബികളുടെ ഭക്ഷണ രീതിയെ പറ്റി എനിക്ക് കൂടുതൽ പറഞ്ഞു തന്നത് സഹോദരിയുടെ മകൾ നുബുവിന്റെ ഭർത്താവ് ബച്ചുവാണ്.
ചെറിയ പെരുന്നാൾ ഞങ്ങൾ ഖത്തറിൽ വെച്ചാണ് ആഘോഷിച്ചത്. കുറെയാളുകൾ ഞങ്ങളെ സന്ദർശിക്കാൻ വന്നിരുന്നു. ചെമ്മീൻ ബിരിയാണി ആയിരുന്നു പ്രധാന വിഭവം. നിറഞ്ഞ സംതൃപ്തിയോടെയാണ് ഞങ്ങൾ ഖത്തറിൽ നിന്ന് പോന്നത്. ദൈവത്തിന് സ്തുതി.

പള്ളികൾ വിശ്വാസികളുടെ അഭയ കേന്ദ്രങ്ങൾ.....

No comments
       ഖത്തറിലെ വിശേഷങ്ങൾ.....

പള്ളികൾ വിശ്വാസികളുടെ അഭയ കേന്ദ്രങ്ങൾ 
ഖത്തറിലെ ഓരോ പ്രദേശത്തും മുസ്‌ലിം ആരാധനാ സ്ഥലങ്ങൾ കാണാം. വളരെ കുറഞ്ഞ പള്ളികളൊഴികെ എല്ലായിടത്തും സ്ത്രീകൾക്കും കൂടി സൗകര്യ പ്രദമാക്കിയിട്ടുണ്ട്. ഖത്തർ സന്ദർശനത്തിന്നായി വന്ന ഞങ്ങൾ താമസിച്ചിരുന്നത് അൽ വക്രയിൽ മെട്രോ റെയിൽ അവസാനിക്കുന്നതിന്റെ അടുത്താണ്. ഇവിടെ അടുത്ത് രണ്ടു പള്ളികളുണ്ട്. തൊട്ടടുത്ത് നമസ്കാരത്തിന് മാത്രമുള്ള പള്ളിയാണ്. 


അവിടെ സ്ത്രീകൾക്ക് നമസ്കരിക്കാൻ സൗകര്യമില്ല. ഇത്തിരി മുന്നോട്ടു പോയാൽ അത്യാവശ്യം വലിപ്പത്തിലുള്ള ഒരു പള്ളി കാണാം. അവിടെ വെള്ളിയാഴ്ചകളിലെ പ്രത്യേക പ്രാർത്ഥനയും (ജുമുഅ )സ്ത്രീകൾക്ക് സൗകര്യവുമുണ്ട്. ഇവിടേക്ക് പ്രാർത്ഥനക്ക് പോവാൻ ഭാര്യക്ക് വലിയ ഉത്സാഹമായിരുന്നു. വെയിലിന്റെ കാഠിന്യം കൊണ്ട് മിക്ക സമയങ്ങളിലും ഞാൻ ചെറിയ പള്ളിയിലേക്കാണ് പോവാറുള്ളത്. തലയുയർത്തി നിൽക്കുന്ന ധാരാളം പള്ളികൾ ഖത്തറിലുണ്ട്. ഗ്രാൻഡ് മസ്ജിദ് എന്നറിയപ്പെടുന്ന മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് മസ്ജിദാണ് ഖത്തറിലെ ഏറ്റവും വലിയ പള്ളി. കോവിഡ് രോഗം രൂക്ഷമായ സമയത്തു ഈ മസ്ജിദ് മാത്രമാണ് തുറന്നിരുന്നത്.40 പേർ വെള്ളിയാഴ്ചകളിൽ ഇവിടെ ജുമുഅ നടത്തിരുന്നു. ധാരാളം പേർക്ക് ഒരേ സമയത്ത് നമസ്കരിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. പലരും ഗ്രാന്റ് മസ്ജിദ് ലക്ഷ്യമാക്കി വെള്ളിയാഴ്ച പ്രാർത്ഥനക്ക് പോവാറുണ്ട്. മരുമകൻ അമീർ ഷാജിയുടെ സ്നേഹിതൻ അൻസാർ ഞങ്ങളേയുമായി അവിടേക്ക് പോയിരുന്നു. മകളുടെ മകൾ നസാഫെരിൻ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ഖത്തർ ഐഡി കാണിച്ചപ്പോഴാണ് അവളെ പള്ളിയിലേക്ക് കയറ്റിയത്.ചെറിയ കുട്ടികളെ പല പള്ളികളിലും കയറ്റാറില്ല. അഞ്ചു വയസ്സ് കഴിഞ്ഞവർക്ക് പ്രവേശനമുണ്ട്. കോവിഡ് നെഗറ്റീവാണെന്ന് ഉറപ്പിക്കുന്ന ഇഹ്ത്തി റാസ് (EHTERAZ)ആപ്പിലെ പച്ച നിറം മാളുകളിലും പള്ളികളിലും,മറ്റു പ്രധാന സ്ഥലങ്ങളിലും കാണിക്കണം. എല്ലായിടത്തും യൂണിഫോം ധരിച്ച സെക്യൂരിറ്റിക്കാരെ കാണാം. ഇവർ അധികവും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. വിശാലമായ പാർക്കിംഗ് ഏരിയ ഒട്ടുമിക്ക പള്ളികൾക്കുമുണ്ട്. നമസ്കരിക്കാനുള്ള കാർപെറ്റ് വളരെ മൃദൂലമാണ്. 

നമസ്കരിക്കാൻ വരുന്നവർക്ക് ഒരു ചെറിയ ബോട്ടിൽ വെള്ളവും ടിഷ്യു പേപ്പറിന്റെ ബോക്സും പള്ളിയുടെ മുമ്പിൽ വെച്ചിട്ടുണ്ട്. മൂന്ന് ജീവനക്കാരെ  എല്ലാ പള്ളികളിലും കാണുന്നുണ്ട്. ഒരാൾ നമസ്കാരത്തിന്ന് നേതൃത്വം നൽകാനും രണ്ടാമത്തെയാൾ ബാങ്ക് വിളിക്കാനും മൂന്നാമത്തെയാൾ ശുചീകരണ പ്രവർത്തിക്കുമാണ്. വിശുദ്ധ ഖുർആൻ കൂടുതലായി മനഃപാഠമാക്കിയവരായിരിക്കും ഇമാമുമാർ. 
അത്യാവശ്യം ഖുർആൻ മനഃപാഠമാക്കിയവരും സ്വര മാധുര്യമുള്ളവരുമായിരിക്കും ബാങ്ക് വിളിക്കുന്നവർ. നല്ല വൃത്തിയിലാണ് പള്ളികൾ പരിപാലിക്കുന്നത്. അംഗസ്‌നാ നത്തിന്നായി ഒരു ഏരിയ തന്നെയുണ്ട്. ടോയ്‌ലെറ്റും ഉണ്ടായിരിക്കും.
പള്ളികൾ എല്ലാം തന്നെ ഖത്തർ ഗവണ്മെന്റിന്റെ നിയന്ത്രണത്തിലാണ്. ജീവനക്കാർക്ക് വേതനം നൽകുന്നതും സർക്കാരാണ്. ഇമാമിന്നായിരിക്കും കൂടുതൽ ശമ്പളം.ഈ രംഗത്ത് മലയാളികളുമുണ്ട്. ഒറ്റപ്പെട്ട ഒരു പ്രദേശമാണ് സീ ലൈൻ ബീച്ചിന്റെ പരിസരം.അവിടെയുള്ള പള്ളിയിൽ ജോലി ചെയ്യുന്നയാൾ മലപ്പുറത്തുകാരനായ ഒരു അശ്‌റഫിയാണ്. പ്രത്യേകം ഇന്റർവ്യൂ നടത്തിയാണ് ജീവനക്കാരെ നിയമിക്കുന്നത്.
നമസ്കാരത്തിൽ ബിസ്മി പതുക്കെയാണ് ചൊല്ലാറുള്ളത്. നമസ്കാരത്തിന് ശേഷം കൂട്ടു പ്രാർത്ഥനയുമില്ല. നമസ്കാരം നിർവഹിക്കുന്നത് അൽപ്പം സ്പീഡിലാണ്. ബാങ്ക് വിളി കേൾക്കാൻ ഇമ്പമുള്ളതായിരിക്കും.
കോവിഡ് കാലത്ത് ഒട്ടു മിക്ക പള്ളികളും അടച്ചിട്ടതായിരുന്നു. കോവിഡ് കുറഞ്ഞപ്പോൾ ക്രമേണ തുറക്കുകയായിരുന്നു. ചെറിയ തോതിലുള്ള നിയന്ത്രണങ്ങൾ ഇപ്പോഴുമുണ്ട്.
നോമ്പ് കാലത്ത് പള്ളികളെല്ലാം സജീവമാകും. രാത്രി നമസ്കാരത്തിന്നും മറ്റും വിശ്വാസികൾ ഒരുമിച്ചു കൂടും. സ്ത്രീകളുടെ ഭാഗത്ത്‌ നമസ്കാരത്തിന് പോകുന്ന കുട്ടികൾക്ക് അറബി സ്ത്രീകൾ ബിസ്കറ്റും മിട്ടായിയും നൽകാറുണ്ട്. ചില അറബികൾ റിയാലും നൽകും. റംസാനെ വരവേൽക്കാൻ അറബികൾ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. പള്ളികളെ സാംസ്കാരിക കേന്ദ്രങ്ങളായാണ് കാണാറുള്ളത്.

ഖത്തറിലെ മണലും കടലും.....

No comments
ഖത്തറിലെ മണലും കടലും

വിസ്തൃതിയിലും ജനസംഖ്യയിലും ലോകത്തെ ചെറിയ രാഷ്ട്രങ്ങളുടെ പട്ടികയിലാണ് ഖത്തറിന്റെ സ്ഥാനം. എന്നാൽ വികസനത്തിന്റെയും പുരോഗതിയുടെയും കാര്യത്തിൽ മുൻപന്തിയിലുള്ള ഈ കൊച്ചു രാജ്യം വിവിധ രംഗങ്ങളിൽ ഇതിനകം ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു.
ഖത്തറിന്റെ മൂന്ന് ഭാഗവും കടലാണ്. ഒരു ഭാഗത്തെ അതിർത്തി സൗദി അറേബ്യയുടേതാണ്. കടൽ നികത്തിയെടുത്തു കൃത്രിമമായി നിർമിച്ച ഒരു ദ്വീപ്പാണ് പേൾ ഖത്തർ. വിദേശ രാജ്യക്കാർക്ക് സ്വതന്ത്ര അവകാശം ആദ്യമായി നൽകിയത് ഈ ദ്വീപ്പിലാണ്. പേൾ ഖത്തറിനെ കടൽ മലിനീകരണത്തിൽ നിന്ന് സംരക്ഷിക്കുന്നതിന്ന് കടലിൽ പ്രത്യേക മാലിന്യ കൊട്ടകൾ സ്ഥാപിച്ചിട്ടുണ്ട്. 
റീസയ്ക്കിൾ ചെയ്ത വസ്തുക്കൾ കൊണ്ട് നിർമിച്ച ഓരോ കൊട്ടയിലും 20കിലോഗ്രാം വരെ ഉൾക്കൊള്ളാനാകും. ഒഴുകുന്ന മാലിന്യങ്ങൾ ശേഖരിക്കുകയും ജലം അരിച്ചെടുക്കുകയും ചെയ്യും.
ഖത്തറിലെ കടലിൽ ധാരാളം മത്സ്യ സമ്പത്തുണ്ട്. ഇവിടെ വിൽക്കുന്ന ഭൂരിഭാഗം മത്സ്യങ്ങളും ഇവിടെ നിന്ന് തന്നെ പിടിക്കുന്നവയാണ്. ഇതിൽ ചില മീനുകൾ കേരളത്തിൽ കാണാറില്ല. നാട്ടിൽ ഏറ്റവും വില കൂടിയ അയക്കോറ, ആകോലി എന്നിവക്ക് താരതമ്യേന വിലക്കുറവാണ്. മത്സ്യങ്ങളുടെ രാജാവ് (King Fish )എന്നാണ് അയക്കൂറ അറിയപ്പെടുന്നത്. 
ഹാമൂർ, ജാഷ്, കോർഫ, ഫസ്‌ക്കർ, സുബൈധി, തുടങ്ങിയ പേരുകളിലാണ് മത്സ്യങ്ങൾ അറിയപ്പെടുന്നത്. ഇവക്ക് നാട്ടിൽ മറ്റു പേരുകളാണ് ഉള്ളത്. വലിയ ചെമ്മീനുകളാണ് ഇവിടത്തെ മാർക്കറ്റിൽ കാണുന്നത്. കടലിൽ നിന്ന് പിടിക്കുന്നവയും പ്രത്യേകം വളർത്തുന്നവയുമുണ്ട്. നാട്ടിൽ സുലഭമായി കാണുന്ന മത്തി, അയില എന്നിവയും ഇവിടെ കിട്ടും. ഞങ്ങൾ മാർക്കറ്റിൽ പോയപ്പോൾ കണ്ട ഏറ്റവും വില കുറഞ്ഞ മത്സ്യം റബീബ് ആണ്. ഏറ്റവും വില കൂടിയത് സാഫിയാണ്. സുൽത്താൻ ഇബ്രാഹിം എന്ന പേരിലും മീനുണ്ട്.
ഞങ്ങൾ ഇന്ന് അൽ വക്ര സൂക്കിൽ രാവിലെ എട്ടു മണിക്ക് പോയപ്പോൾ അവിടെ നടക്കുന്ന മത്സ്യ ലേലം കണ്ടു. പ്രത്യേകം തയ്യാറാക്കിയ പെട്ടികളിൽ മത്സ്യവുമായി മീൻ പിടുത്തക്കാർ എത്തും. ആ പെട്ടിയിൽ നിന്നും ഒരു ഷീറ്റിൽ അതിലുള്ള മത്സ്യങ്ങൾ ചെരിയും. ലേലം വിളിച്ചു വിലയുറപ്പിക്കുന്നു. ഇത്തരം നൂറു കണക്കിന് ബോക്സ്കളാണ് ഉണ്ടാവുക. ഇവരിൽ നിന്നും മീൻ വാങ്ങിയാൽ വിലക്കുറവുണ്ടാകും. മാർക്കറ്റിലുള്ള കച്ചവടക്കാർ ദോഹയിൽ നിന്നും മത്സ്യം കൊണ്ട് വരും. അതിന്നു പുറമെ മാർക്കറ്റിൽ നിന്നും ലേലം ചെയ്തെടുക്കും. വമ്പൻ അയക്കൂറകൾ ഞങ്ങൾക്ക് അവിടെ കാണാൻ കഴിഞ്ഞു. അറബികളും അവരുടെ ഡ്രൈവർമാരും അവിടെ വന്ന് മീൻ വാങ്ങുന്നുണ്ട്. മത്സ്യ ലേലം നടക്കുന്നിടത്ത് ഒരു വൈറ്റിനറി ഡോക്ടർ ഉണ്ടായിരുന്നു.മത്സ്യങ്ങളുടെ ഗുണ നിലവാരം പരിശോധിക്കുകയാണ് അദ്ദേഹത്തിന്റെ ജോലി. ഫോട്ടോ എടുക്കാൻ ഒരുങ്ങിയപ്പോൾ സെക്യൂരിറ്റി സമ്മതിച്ചില്ല. ഒരു റിയാൽ വീതം ഒരു കിലോക്ക് കൊടുത്താൽ മീൻ മുറിച്ചു വൃത്തിയാക്കി തരും. വേണമെങ്കിൽ മുള്ളും തൊലിയും നീക്കി തരും. എവിടെ തിരിഞ്ഞു നോക്കിയാലും അവിടെയെല്ലാം മലയാളികളെ കണ്ടിരുന്നു.
അൽ വക്രയിൽ നിന്ന് മസ്ഈദിലൂടെ സഞ്ചരിച്ചാൽ സീലൈൻ ബീച്ചിലേക്കും ഗോൾഡൻ ബീച്ചിലേക്കും എത്താം.ഞങ്ങൾ സീലൈൻ ബീച്ച്ലേക്ക് പോയി. പ്രകൃതി രമണീയമായ കാഴ്ചയാണ് അവിടെ കണ്ടത്. മരുഭൂമിയും കടലും തോളോട് തോൾ ചേർന്ന് നിൽക്കുന്നു. കുറച്ചങ്ങോട്ട് ചെന്നാൽ സൗദി അറേബ്യയാണ്. പോലീസ് വാഹനങ്ങൾ റോന്ത്‌ ചുറ്റുന്നുണ്ട്. ഒരു വണ്ടി മണലിൽ താഴ്ന്നു കുടുങ്ങിയപ്പോൾ പോലീസുകാരൻ വന്ന് അത് കയറ്റി കൊടുത്തു.കടൽ കുറെ ദൂരം വരെ ആഴം കുറവാണ്. അതിനാൽ തന്നെ കടലിൽ കുളിക്കുന്നവർ ധാരാളമുണ്ട്. ചില ബീച്ചുകളിൽ കുടുംബമായി വരുന്നവർക്ക് മാത്രമേ പ്രവേശനമുള്ളൂ. ഇതിനു പുറമെ വേറെയും ബീച്ചുകളുണ്ട്. അൽ വക്ര ബീച്ച് അതിൽ പെട്ടതാണ്.
ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലുള്ള കോർണിഷ് കടൽ തീരം അത്യാകർശണമാണ്. അവിടെയുള്ള കടൽ തീര പാർക്കുകളിൽ ചെന്നിരുന്നാൽ മാനസികൊല്ലാസം നന്നായി ലഭിക്കും.
മരുഭൂമി കാണൽ നല്ലൊരു അനുഭൂതിയാണ്. പരന്നു കിടക്കുന്ന മണൽ തിട്ടകളും മറ്റും അത്യാകർശണമാണ്. കാറ്റുകളാണ് മരുഭൂമിയുടെ രൂപത്തിൽ മാറ്റം വരുത്തുന്നത്. വളരെ ചെറിയ മണൽ തരികളായിരിക്കും ഉപരിതല മരുഭൂമിയിൽ ഉണ്ടാവുക. ഇടക്ക് പൊടി കാറ്റുണ്ടാവും. അപ്പോൾ ചില മുൻകരുതലുകൾ ഒക്കെ എടുക്കണം. മരുഭൂമിയിൽ നിന്നും ബിൽഡിങ് നിർമാണത്തിന്നുള്ള മണൽ എടുക്കുന്നുണ്ട്.
സീലൈൻ ബീച്ചിലെ മണലിലൂടെ ഞങ്ങൾ നടന്നു. വൈകുന്നേരം ആവാത്തതിനാൽ അത്യാവശ്യം ചൂടുണ്ടായിരുന്നു. മണൽ തിട്ടയിലൂടെ മുകളിലേക്ക് കുറെ കയറി. തിരിച്ചിറങ്ങിയത് കിഴിഞ്ഞായിരുന്നു. നല്ലൊരു അനുഭവമായിരുന്നു മരുഭൂമി യാത്ര. മരുഭൂമിയിൽ വാഹനമോടിക്കുന്നവർ ഉണ്ട്. ഇടക്ക് അപകട മരണങ്ങൾ ഉണ്ടാവാറുണ്ട്. പോലീസ് വാഹനം എത്ര ഉയരത്തിലും കയറിപ്പോകും.
അറബികളുടെ ജീവിതം മരുഭൂമിയും കടലും ബന്ധിച്ചതാണ്. മിക്ക വീട്ടിലും ലാൻഡ് ക്രൂയിസർ വണ്ടിയുണ്ട്. അതിന്റെ പിന്നിൽ വെള്ളത്തിൽ സഞ്ചരിക്കാൻ ബോട്ട് വലിച്ചു കൊണ്ട് പോകും. ബോക്സ്‌ പാർക്കിൽ ഞങ്ങൾ ഇത്തരം ധാരാളം ബോട്ടുകൾ കണ്ടു. മണലാരണ്യത്തിൽ സുഖവാസം നടത്താനുള്ള പ്രത്യേകം കണ്ടയിനറുകളുണ്ട്. ശീതീകരിച്ച ബാത്ത് അറ്റാച്ഡ് ബെഡ് റൂമാണ് ഈ കണ്ടയിനറിൽ സംവിധാനിച്ചിരിക്കുന്നത്. ഇത്തരം കൊച്ചു വീടുകൾ സീലൈൻ ബീച്ചിൽ ഞങ്ങൾ ധാരാളം കണ്ടു. മാനസികോല്ലാസത്തിന്ന് ഖത്തർ ഗവണ്മെന്റ് ഒരുക്കിയ ധാരാളം സംവിധാനങ്ങൾ ഇവിടെയുണ്ട്.
Don't Miss
© all rights reserved and made with by pkv24live