നാട്ടങ്കത്തില്‍ ആദ്യ ജയം ഗംഭീരമാക്കി ഗോകുലം
കോഴിക്കോട്: ഐ-ലീഗിൽ ഈ സീസണിൽ ആദ്യ വിജയം സ്വന്തമാക്കി ഗോകുലം കേരള എഫ്.സി. വടക്കു കിഴക്കൻ ക്ലബ്ബായ ഷില്ലോങ് ലജോങ്ങിനെ സ്വന്തം തട്ടകത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഗോകുലം പരാജയപ്പെടുത്തിയത്. ഫിനിഷിങ്ങിലെ പോരായ്മകൾ ഇല്ലായിരുന്നെങ്കിൽ അരഡസൻ ഗോളുകളെങ്കിലും ഗോകുലം, ഷില്ലോങ് ലജോങ്ങിന്റെ വലയിലെത്തിക്കേണ്ടതായിരുന്നു. മലയാളി താരം ഗനി നിഗത്തിന്റെ മിന്നുന്ന പ്രകടനം ഗോകുലത്തിന്റെ വിജയത്തിൽ നിർണായകമായി. മുൻ കളികളിൽ ിന്ന് വ്യത്യസ്തമായി ടീം ഒന്നടങ്കം മികച്ച ഒത്തിണക്കം കാണിച്ചപ്പോൾ ഗോകുലത്തിന്റെ കളി കാണികൾക്ക് വിരുന്നായി. 43-ാം മിനിറ്റിൽ ഗനിയാണ് ഗോകുലത്തിന് ലീഡ് സമ്മാനിച്ചത്. കാസ്ട്രോയുടെ ഫ്രീകിക്ക് പ്രതിരോധിക്കാനുള്ള ഷില്ലോങ് പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് ഗനി പന്ത് വലയിലെത്തിച്ചു. ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയ ഗനി തന്നെയാണ് ഹീറോ ഓഫ് ദി മാച്ച് ആയതും. 56-ാം മിനിറ്റിൽ ലഭിച്ച ഷോർട്ട് കോർണർ മികച്ച ഒരു ഷോട്ടിലൂടെ അന്റോണിയോ ജെർമൻ വലയിലെത്തിക്കുകയായിരുന്നു. ഷില്ലോങ് താരം സാമുവൽ ലിങ്ദോയുടെ ദേഹത്തു തട്ടിയ പന്ത് തടയാൻ ഗോൾ കീപ്പർക്കായില്ല. ഗോകുലം രണ്ടു ഗോളുകൾക്ക് മുന്നിൽ. 66-ാം മിനിറ്റിൽ ഗനിയുടെ ക്രോസ് കൃത്യമായി പ്ലെയ്സ് ചെയ്ത് രാജേഷ് ഗോകുലത്തിന്റെ ലീഡ് മൂന്നാക്കി ഉയർത്തി. മൂന്നു ഗോളടിച്ചതോടെ അലസത കാണിച്ച ഗോകുലത്തിന് കിട്ടിയ അടിയായിരുന്നു ഷില്ലോങ്ങിന്റെ ഗോൾ. 78-ാം മിനിറ്റിൽ ഷീൻ സ്റ്റിവൻസന്റെ പാസിൽ നിന്ന് അണ്ടർ 22 താരം ബുവാമാണ് ഷില്ലോങ്ങിനായി സ്കോർ ചെയ്തത്. ഗോകുലത്തിന്റെ മധ്യനിരയും മുന്നേറ്റ നിരയും മികച്ച ഒത്തിണക്കം കാണിച്ച മത്സരമായിരുന്നു ഇന്നത്തേത്. സുഹൈറും, ഗനിയും, അഭിഷേക് ദാസും ചേർന്ന് മികച്ച അവസരങ്ങളാണ് മത്സരത്തിന്റെ തുടക്കം മുതൽ സൃഷ്ടിച്ചുകൊണ്ടിരുന്നത്. വിജയത്തോടെ നാല് മത്സരങ്ങളിൽ നിന്ന് അഞ്ചു പോയിന്റുമായി ഗോകുലം മൂന്നാം സ്ഥാനത്തേക്കുയർന്നു. മത്സരത്തിലുടനീളം ഗോകുലത്തിന്റെ മധ്യനിര ഉണർന്നു കളിച്ചു. മുന്നേറ്റത്തിൽ പലപ്പോഴും ജെർമന്റെ ഫിനിഷിങ്ങിലെ പിഴവാണ് ഗോകുലത്തിന്റെ സ്കോറിങ്ങിൽ വിനയായത്. ആദ്യ പകുതിയിൽ മാത്രം ആറോളം തുറന്ന അവസരങ്ങളാണ് ഗോകുലം താരങ്ങൾ നഷ്ടപ്പെടുത്തിയത്. 72-ാം മിനിറ്റിൽ സുഹൈറിന്റെ ഗോളെന്നുറച്ച ഷോട്ട് ബാറിൽ തട്ടിത്തെറിച്ചു. 29-ാം മിനിറ്റിൽ ഷില്ലോങ്ങിന്റെ ഉറച്ച ഗോൾ ശ്രമത്തിൽ ഷിബിന്റെ ഗോൾ കീപ്പിങ് മികവ് ഗോകുലത്തിന്റെ രക്ഷക്കെത്തി. ബുവാമിന്റെ ഷോട്ട് ഷിബിൻ ഡൈവ് ചെയ്ത് തടയുകയായിരുന്നു. സുഹൈർ മത്സരത്തിലുടനീളം ഷില്ലോങ് പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ടിരുന്നു. 80-ാം മിനിറ്റിൽ സുഹൈറിനെ പിൻവലിച്ച് ഗോകുലം സൽമാനെ കളത്തിലിറക്കി. രാജേഷിന് പകരം പ്രീതം സിങ്ങും കളത്തിലിറങ്ങി. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ നോവിൻ ഗുറംങ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ സന്ദർശകരുടെ പരാജയം പൂർത്തിയായി
