ലോക ടെലിവിഷൻ ദിനം ഏതാണ്ടൊരു തലമുറയ്ക്ക് മുമ്പ് മാര്‍ഷല്‍ മക്‍ലുഹാന്‍ പ്രവചിച്ചിരുന്നു ടെലിവിഷന്‍ നമ്മളെ ആഗോള ഗ്രാമമാക്കി മാറ്റുമെന്ന്. ഇന്ന് സാറ്റലൈറ്റുകളുടെയും മറ്റ് സാങ്കേതിക വിദ്യകളുടെയും സഹായത്താല്‍ നാം അതിരുകളും വിലക്കുകളും മറികടക്കുകയും, അദ്ദേഹത്തിന്‍റെ സങ്കല്‍പ്പത്തോട് അടുക്കുകയും ചെയ്തിരിക്കുകയാണ്. നമ്മുടെ ലോകം ഇന്ന് കൂടുതല്‍ കൂടുതല്‍ ഏക ‘ഇന്‍ഫര്‍മേഷന്‍ സൊസൈറ്റി’ ആയി മാറുകയും ടെലിവിഷന്‍ ലോകത്തിലെ ഏറ്റവും ശക്തമായ വാര്‍ത്താ വിനിമയ മാധ്യമമായി മാറുകയും ചെയ്തു കഴിഞ്ഞിരിക്കുന്നു. ഇന്ന് നവംബര്‍ 21 ലോക ടെലിവിഷന്‍ ദിനംടെലിവിഷന്‍ പരിപാടികള്‍ ലോകത്ത് അങ്ങോട്ടുമിങ്ങോട്ടും കൈമാറുക എന്നതാണ് ഈ ദിനാചരണത്തിന്‍റെ പ്രധാന ഉദ്ദേശ്യം. സമാധാനം, സുരക്ഷിതത്വം, സാമ്പത്തികവും സാമൂഹികവുമായ വികാസം, സാംസ്കാരിക കൈമാറ്റം പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയവയ്ക്കാണ് ഊന്നല്‍ നല്‍കുന്നത്. 1996 ലാണ് ഐക്യരാഷ്ട്ര പൊതുസഭ നവംബര്‍ 21 ലോക ടെലിവിഷന്‍ ദിനമായി പ്രഖ്യാപിച്ചത്. ഐക്യരാഷ്ട്ര സഭയില്‍ ആദ്യമായി ടെലിവിഷന്‍ ഫോറം നടത്തിയതിന്‍റെ ഓര്‍മ്മയ്ക്കാണ് ഈ ദിനാചരണം. നന്മയിലേക്കുള്ള ഒരു പ്രേരക ശക്തിയാവാന്‍ ടെലിവിഷന് സാധിക്കും. ചുറ്റുമുള്ള ലോകത്തെ കുറിച്ച് ആളുകളെ പഠിപ്പിക്കാന്‍ അതിനു കഴിയും. മനുഷ്യര്‍ക്ക് പൊതുവായി എന്തൊക്കെ ഉണ്ട് എന്നും അയല്‍ രാജ്യക്കാരുമായി നമ്മള്‍ എങ്ങനെ സമാനമായിരിക്കുന്നു എന്നും അത് മനസ്സിലാക്കിക്കും. അജ്ഞത, വിദ്വേഷം, മുന്‍വിധി തുടങ്ങിയ ലോകജനതയ്ക്ക് ഉള്ള പല ഇരുണ്ട വശങ്ങളിലേക്കും അറിവിന്‍റെ, തിരിച്ചറിവിന്‍റെ പ്രകാശം എത്തിക്കാന്‍ ടിവിക്ക് കഴിയും. ടി.വി ഇന്ന് പരസ്പര ധാരണയും സൌഹൃദവും സഹിഷ്ണുതയും വളര്‍ത്തിക്കൊണ്ടു വരുന്നുണ്ട്. ഇന്ന് അധികാരമുള്ളവനെ കുറിച്ച് മാത്രമല്ല അധികാരം ഇല്ലാത്തവനെ കുറിച്ചു, ധനികരെ കുറിച്ച് മാത്രമല്ല ദാരിദ്ര്യത്തില്‍ ഉഴറി ജീവിക്കുന്നവരെ കുറിച്ചും വികസനത്തിന്‍റെ ശാദ്വല മേഖലകളെ കുറിച്ചും ലോകത്തിന്‍റെ ഭൂരിഭാഗവും കഴിയുന്ന അവികസിത ഭൂപ്രദേശങ്ങളെ കുറിച്ചും എല്ലാം ടെലിവിഷന്‍ നമുക്ക് മുമ്പില്‍ കാണിച്ചു തരുന്നു. ടെലിവിഷന് വളരെ ചെറിയൊരു ചരിത്രം മാത്രമേയുള്ളു. കഴിഞ്ഞ നൂറ്റാണ്ടിന്‍റെ തുടക്കത്തിലാണ് ടെലിവിഷന്‍ സാങ്കേതികവിദ്യ കണ്ടെത്തിയത്. ഇന്ന് ലോകത്ത് എവിടെ നടക്കുന്ന സംഭവങ്ങളും അപ്പപ്പോള്‍ നമ്മുടെ വീട്ടില്‍ കാണാനാവുന്ന തരത്തില്‍ സാങ്കേതിക വിദ്യ വളര്‍ന്നു കഴിഞ്ഞു. ബാഗ്ദാദിലും മറ്റും മിസൈലുകള്‍ വര്‍ഷിച്ച ഗള്‍ഫ് യുദ്ധമായിരുന്നു ആദ്യമായി നാം കണ്ട യുദ്ധത്തെ കുറിച്ചുള്ള തല്‍സമയ ടെലികാസ്റ്റ്. ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍, ഫുട്ബോള്‍ മത്സരങ്ങള്‍, ലോക സുന്ദരി മത്സരങ്ങള്‍, ഡയാന രാജകുമാരിയുടെ വിവാഹം, ശവസംസ്കാരം, അമേരിക്കയിലെ വേള്‍ഡ് സെന്‍റര്‍ ആക്രമണം എന്നിങ്ങനെ ഒട്ടേറെ സംഭവങ്ങള്‍ക്ക് നാം തത്സമയം സാക്ഷികളായി. രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയും ജനാധിപത്യം ഉറപ്പാക്കുകയും ചെയ്യുന്ന ടി.വി ഇന്ന് നമ്മുടെ കുടുംബത്തിലെ ഒരു അംഗമായി മാറിക്കഴിഞ്ഞു. ഇന്ത്യയില്‍ ഇന്ന് 100 ലേറെ ചാനലുകള്‍ ലഭ്യമാണ്. കൊല്ലത്തില്‍ 365 ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടിവി ചാനലുകളുണ്ട്. ഹം ലോഗ്, ബുനിയാദ് തുടങ്ങിയ ദൂരദര്‍ശന്‍ സീരിയലുകളിലൂടെ തുടങ്ങിയ ടി.വി പരമ്പര ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഒരു വ്യവസായമായി തന്നെ മാറിയിട്ടുണ്ട്. പത്തും പതിനഞ്ചും പരമ്പരകളാണ് ഓരോ ദിവസവും ടി.വി ചാനലുകളില്‍ വരുന്നത്. റിയാലിറ്റി ഷോകളാണ് ടി.വിയില്‍ ഇപ്പോഴത്തെ തരംഗം. ആര്‍ക്കും പാടാം, ആര്‍ക്കും നൃത്തം ചെയ്യാം എന്നീ മട്ടിലുള്ള പരിപാടികള്‍ വീട്ടമ്മമാര്‍ അടക്കം എല്ലാവരെയും ടിവി പരിപാടികളില്‍ പങ്കാളിയാക്കുക കൂടി ചെയ്തിരിക്കുകയാണിപ്പോള്‍. ടി.വി പരിപാടികളിലൂടെ നമ്മള്‍ എത്രയോ മികച്ച പാട്ടുകാരെ കണ്ടുകഴിഞ്ഞു. എത്രയോ പേര്‍ക്ക് കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു. ഇതുപോലെ തന്നെയാണ് ടി.വി സീരിയലുകളില്‍ അഭിനയിക്കുന്ന നടീനടന്മാരുടെയും കാര്യം. സിനിമയല്ലാതെ മറ്റൊരു പ്രധാന ഉപജീവന മാര്‍ഗ്ഗം അവരുടെ മുമ്പില്‍ തുറന്നിട്ടിരിക്കുകയാണ് ടി.വി. കേരളത്തില്‍ പോലും ഒരു സീരിയല്‍ നടന് ദിവസം 2,000 മുതല്‍ 3,000 രൂപ വരെ പ്രതിഫലം ലഭിക്കുന്നു. മിക്കപ്പോഴും അപ്പപ്പോള്‍ തന്നെ.പലരെ സംബന്ധിച്ചിടത്തോളവും സിനിമയേക്കാള്‍ പ്രതിഫലം നല്‍കുന്ന മാധ്യമമായി കഴിഞ്ഞു ടി.വി.
