Peruvayal News

Peruvayal News

സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിനു സജ്ജമായി തിരഞ്ഞെടുപ്പു കമ്മിഷൻ; എല്ലാ ജില്ലകളിലും വോട്ടിങ് യന്ത്രം എത്തിച്ചു, എല്ലാ പോളിങ് സ്റ്റേഷനുകളിലും ഇത്തവണ വോട്ടിങ് മെഷീനൊപ്പം വിവിപാറ്റ് യന്ത്രവും

തിരുവനന്തപുരം: ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ പേരിലുള്ള വിവാദം കത്തിനിൽക്കെ എല്ലാ ജില്ലകളിലും വോട്ടിങ് യന്ത്രം എത്തിച്ചു ലോക്സഭാ തിരഞ്ഞെടുപ്പിനു സജ്ജമായി തിരഞ്ഞെടുപ്പു കമ്മിഷൻ. സംസ്ഥാനത്ത് ആദ്യമായി എല്ലാ പോളിങ് സ്റ്റേഷനുകളിലും ഇത്തവണ വിവിപാറ്റ് യന്ത്രവും വോട്ടിങ് മെഷീനൊപ്പം ഉണ്ടാകും. 24,970 പോളിങ് സ്റ്റേഷനുകൾ സംസ്ഥാനത്തു വേണ്ടി വരുമെന്നാണു കമ്മിഷന്റെ പ്രാഥമിക വിലയിരുത്തൽ. 3500 പോളിങ് സ്റ്റേഷനുകൾവരെ അധികമായി അനുവദിക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഒരുക്കി.

ജില്ലാ തലത്തിൽ വെയർ ഹൗസുകളിൽ സൂക്ഷിച്ചിട്ടുള്ള എല്ലാ വോട്ടിങ് യന്ത്രങ്ങളുടെയും പരിശോധന പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസ് വ്യക്തമാക്കി. ആവശ്യമുള്ളതിനെക്കാൾ 25% മുതൽ 50% വരെ കൂടുതൽ യന്ത്രങ്ങൾ എല്ലാ ജില്ലകളിലും ഉറപ്പാക്കി. തി‍രഞ്ഞെടുപ്പ് പ്രഖ്യാപനം വന്നു കഴിഞ്ഞാലുടൻ പോളിങ് സ്റ്റേഷനുകളുടെ അന്തിമ പട്ടിക തയാറാക്കും. അടുത്ത ദിവസം തന്നെ സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായും ചീഫ് സെക്രട്ടറിമാരുമായും വിഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തി തിരഞ്ഞെടുപ്പ് കമ്മിഷൻ ഇതുവരെയുള്ള ക്രമീകരണങ്ങൾ വിലയിരുത്താനും തീരുമാനിച്ചിട്ടുണ്ട്.


ഒക്ടോബർ ഒന്നിനു പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം സംസ്ഥാനത്തു രണ്ടരക്കോടി വോട്ടർമാരാണുള്ളത്. 1.21 കോടി പുരുഷൻ‌മാരും 1.29 കോടി സ്ത്രീകളും. 21 ട്രാൻസ്ജെൻഡർമാരും ഉണ്ട്. പ്രവാസി വോട്ടർമാരായി 23,410 പേർ ഇടംനേടിയിട്ടുണ്ടെങ്കിലും അവർക്കു നാട്ടിൽ നേരിട്ടെത്തിയെ വോട്ടു ചെയ്യാനാകു. പ്രവാസി വോട്ടർമാർക്കു പ്രോക്സി വോട്ട് ചെയ്യാൻ സൗകര്യമൊരുക്കുന്ന കാര്യത്തിൽ ഇതുവരെ തിരഞ്ഞെടുപ്പു കമ്മിഷൻ തീരുമാനമെടുത്തിട്ടില്ല. വോട്ടർ‌ പട്ടിക സംബന്ധിച്ചും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുമുള്ള സംശയങ്ങൾക്കു കലക്ടറേറ്റുകളിലെ 1950 ടോൾഫ്രീ നമ്പറിലേക്കു വിളിക്കാം.


കഴിഞ്ഞ നവംബർ 15വരെ പേരു ചേർത്തവരുടെയും താമസം മാറ്റിയവരുടെയും വിവരങ്ങൾ ഉൾപ്പെടുത്തി പുതിയ വോട്ടർ പട്ടിക 30നു പ്രസിദ്ധീകരിക്കും. ഫെബ്രുവരി ഒന്നു മുതൽ വീണ്ടും പേരു ചേർക്കാം. സ്ഥാനാർഥി പത്രിക പിൻവലിക്കേണ്ട ദിവസത്തിനു തൊട്ടു മുൻപ് പേരു ചേർ‌ക്കൽ നിർത്തലാക്കും. തുടർന്നു പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടർ പട്ടികയിൽ ഉൾപ്പെടുന്നവരാകും ഇനി രാജ്യം ഭരിക്കേണ്ടതാരെന്നു തീരുമാനിക്കുന്ന വോട്ടർമാർ.

Don't Miss
© all rights reserved and made with by pkv24live