നിങ്ങള്‍ ഒരു പ്രവാസിയാണോ?; വിവാഹം ഒരുമാസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പാസ്‌പോര്‍ട്ട് പിടിച്ചെടുക്കും
ന്യൂഡല്‍ഹി: പ്രവാസികളുമായി ബന്ധപ്പെട്ട കേസുകള്‍ തടയാന്‍ പുതിയ നിയന്ത്രണങ്ങളുമായി വിദേശകാര്യ മന്ത്രാലയം. പ്രവാസികളായ പുരുഷന്മാര്‍ വിവാഹം നടന്ന് 30 ദിവസത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂറത്തിയാക്കണമെന്നാണ് മന്ത്രാലയത്തിന്റെ പുതിയ വ്യവസ്ഥ. ഇക്കാര്യം വ്യക്തമാക്കുന്ന വ്യവസ്ഥ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് രാജ്യസഭയില്‍ അവതരിപ്പിച്ചു.
വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവരുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുന്നതിനും സമന്‍സ് നല്‍കി കോടതി നടപടികളിലേയ്ക്ക് കടക്കുന്നതിനും ബില്‍ അധികാരം നല്‍കുന്നുണ്ട്. പ്രവാസി ഇന്ത്യക്കാരായ പുരുഷന്മാര്‍ ഇന്ത്യക്കാരിയെയോ, പ്രവാസിയായ ഇന്ത്യക്കാരിയെയോ വിവാഹം ചെയ്താലും ബില്ലിലെ വ്യവസ്ഥകള്‍ ബാധകമാകും. ഇന്ത്യക്കാര്‍ തമ്മില്‍ വിദേശത്തുവച്ച് നടക്കുന്ന വിവാഹത്തിനും പുതിയ രജിസ്‌ട്രേഷന്‍ ചട്ടങ്ങള്‍ ബാധകമാണ്. വിദേശ വിവാഹ നിയമപ്രകാരം ചുമതലപ്പെടുത്തിയിട്ടുള്ള വിവാഹ ഓഫീസര്‍ മുമ്പാകെ വേണം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍.
