വിദ്യാർഥി സംഘർഷം പരിഹരിക്കാനെത്തിയവർ ഏറ്റുമുട്ടി; പോലീസിനെ ആക്രമിച്ച ഇരുപത് പേര്‍ക്കെതിരേ കേസ്
വടകര: ഉമ്മത്തൂര്‍ സ്കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷം ഒത്തുതീര്പ്പാക്കാനെത്തിയവര് ഏറ്റുമുട്ടി. സ്ഥലത്തെത്തിയ പോലീസിനെ ആക്രമിച്ച ഇരുപതോളം പേർക്കെതിരേ കേസെടുത്തു. ജാതിയേരി കല്ലുമ്മല് സ്വദേശി ആവുക്കല്‍ പൈങ്ങാട്ടില്‍ മൊയ്തു (55), ആവുക്കല്‍ പൈങ്ങാട്ടില്‍ ഷരീഫ് (37) തുടങ്ങി കണ്ടാലറിയാവുന്ന ഇരുപതോളം പേര്‍ക്കെതിരെയാണ് വളയം പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം ഉമ്മത്തുര് ഹൈസ്കൂളിലെ സംഘര്‍ഷത്തിനിടെ മര്‍ദ്ദനമേറ്റ വിദ്യാര്‍ഥി വളയം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെ വ്യാഴാഴ്ച രാത്രി ഇരു വിഭാഗവും പ്രശ്നം ചര്‍ച്ച ചെയ്യാൻ മൊയ്തുവിന്റെ വീട്ടില്‍ ഒത്തുകൂടി.
ചര്‍ച്ചയ്ക്കിടെ സംഘര്‍ഷമുണ്ടാകുകയായിരുന്നു. സ്ഥലത്തെത്തിയ വളയം എസ്ഐ വി.എം. ജയനെയും സംഘത്തെയും ചിലർ തടഞ്ഞു വച്ച് കൈയേറ്റം ചെയ്യുകയായിരുന്നു. മുക്കാല്‍ മണിക്കൂറോളം പോലീസിനെ തടഞ്ഞുവച്ചതായി വളയം എസ് ഐ പറഞ്ഞു. പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും കൈയേറ്റത്തിനും പോലീസ് കേസെടുത്തു. പരിക്കേറ്റ ആറ് വിദ്യാർഥികൾ വടകര ഗവ. ആശുപത്രിയില്‍ ചികിത്സ തേടി.പരിക്കേറ്റയാളുടെ പരാതിയില്‍ വളയം പോലീസ് കേസെടുത്തു.
