മന്ത്രിസഭാ യോഗ തീരുമാനങ്ങൾ - തുടർച്ച
ഹയര്‍ സെക്കന്‍ററി എജ്യുക്കേഷന്‍ ഡയറക്ടര്‍ വി.ആര്‍. പ്രേംകുമാറിനെ അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം സി.ഇ.ഒ ആയി മാറ്റിനിയമിക്കാന്‍ തീരുമാനിച്ചു. ഹയര്‍ സെക്കന്‍ററി എജ്യുക്കേഷന്‍ ഡയറക്ടറുടെ ചുമതല വകുപ്പിലെ സീനിയര്‍ ജോയന്‍റ് ഡയറക്ടര്‍ക്ക് നല്‍കാനും നിശ്ചയിച്ചു.
പ്രളയം മൂലം നാശനഷ്ടം സംഭവിച്ച രജിസ്ട്രേഡ് അലങ്കാര മത്സ്യകൃഷിക്കാര്‍ക്ക് (ഉടമസ്ഥ / വിതരണക്കാര്‍) ആനുകൂല്യങ്ങള്‍ നല്‍കാന്‍ തത്വത്തില്‍ തീരുമാനിച്ചു. ഇതിന്‍റെ വിശദാംശം തയ്യാറാക്കാന്‍ മത്സ്യബന്ധന വകുപ്പിനെ ചുമതലപ്പെടുത്തി.
ഇന്ത്യന്‍ ആര്‍മിയില്‍ നായിക് ആയി സേവനമനുഷ്ഠിക്കവെ ജമ്മു കശ്മീരില്‍ ഭീകരരുടെ വെടിയേറ്റ് മരിച്ച കണ്ണൂർ മട്ടന്നൂർ കൊടോളിപ്രം സ്വദേശി സി. രതീഷിന്‍റെ ഭാര്യ എ.ജ്യോതി കൃഷ്ണകുമാറിന് പ്രത്യേക കേസായി പരിഗണിച്ച് പൊതുഭരണ വകുപ്പില്‍ അസിസ്റ്റന്‍റായി നിയമനം നല്‍കാന്‍ തീരുമാനിച്ചു. നിലവില്‍ ഒഴിവില്ലെങ്കില്‍ സൂപ്പര്‍ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കും.
സര്‍ക്കാര്‍ ഏറ്റെടുത്ത പരിയാരം മെഡിക്കല്‍ കോളേജിന്‍റെ ഭരണ നിര്‍വ്വഹണത്തിന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ 11 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. പ്രിന്‍സിപ്പല്‍ - 1, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് - 2, അക്കൗണ്ട്സ് ഓഫീസര്‍ - 1, സീനിയര്‍ സൂപ്രണ്ട് - 3, ജൂനിയര്‍ സൂപ്രണ്ട് - 4 എന്നീ തസ്തികകളാണ് സൃഷ്ടിക്കുക.
തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിലുള്ള പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, നഗര-ഗ്രാമാസൂത്രണം, തദ്ദേശസ്വയംഭരണ എഞ്ചിനീയറിംഗ് സര്‍വ്വീസ്, മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസ് എന്നിവ ഏകോപിപ്പിച്ച് പൊതുസര്‍വ്വീസ് രൂപീകരിക്കുന്നതിന് 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ട് ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.
