രമ്യ ഹരിദാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു
ഇനി ആലത്തൂരിനൊപ്പം ഓരോ ശ്വാസത്തിലും ഉണ്ടാവുമെന്ന് വ്യക്തമാക്കിക്കൊണ്ട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. തിങ്കളാഴ്ച വൈകീട്ടോടെയാണ് രാജി സമർപ്പിച്ചത്. പാർട്ടി വലിയ അവസരമാണ് നൽകിയത്. അത് പൂർണ ഉത്തരവാദിത്വത്തോടെ പൂർത്തിയാക്കേണ്ടതിനാൽ ഒരു ധാർമിക തീരുമാനത്തിന്റെ ഭാഗമായിക്കൂടിയാണ് രാജിയെന്ന് രാമ്യ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റെന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കാനായി എന്ന ചാരിതാർഥ്യത്തോടെയാണ് പടിയിറങ്ങുന്നത്. ആലത്തൂരിലെ സ്ഥാനാർഥിയെന്ന നിലയിൽ തന്നെ പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം തികഞ്ഞ ആത്മവിശ്വാസത്തോടെ നിറവേറ്റിയെന്നാണ കരുതുന്നതെന്നും രാജിക്ക് ശേഷം രമ്യ മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാനാർഥിയായി തീരുമാനിച്ച സമയത്ത് തന്നെ രാജിക്കാര്യം പാർട്ടിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോഴാണ് അതിന് അനുവാദം ലഭിച്ചതെന്നും രമ്യ പറഞ്ഞു.
