സ്ത്രീകളിലെ നടുവേദനയും ആയുര്‍വേദ പ്രതിവിധിയും
പ്രായഭേദമെന്യേ സ്ത്രീ, പുരുഷന്മാരില്‍ സാധാരണ കണ്ടുവരുന്ന അസുഖമാണ് നടുവേദനയെങ്കിലും സ്ത്രീകളിലാണ് കൂടുതലായി രേഖപ്പെടുത്തിയിട്ടുള്ളത്. നട്ടെല്ല് ശരീരത്തിന്റെ പുറകുവശത്തിന് ബലം നല്‍കുന്നതോടൊപ്പം അവയ്ക്കിടയില്‍ ഇടവിട്ട് കാണപ്പെടുന്ന ഡിസ്‌ക് അഥവാ തരുണാസ്ഥികളുടെ വിടവു മൂലം ശരീരം നിശ്ചിത അളവില്‍ വളയ്ക്കാനും നമുക്ക് കുനിയാനും നിവരാനും കഴിയുന്നു.
കഠിനാധ്വാനം, ഭാരമെടുക്കല്‍, ഒരേ ഇരുപ്പില്‍ അധികസമയം ഇരുന്നുള്ള ജോലി, യാത്ര, അധികസമയം നില്‍ക്കല്‍, പൊക്കമുള്ള ചെരുപ്പുകള്‍ ധരിച്ച് അധികദൂരം നടക്കല്‍, ഇരുചക്രവാഹനങ്ങളോടിക്കല്‍ മുതലായവ നടുവേദനയ്ക്ക് കാരണമാകും. നട്ടെല്ലിന് ഇരുവശത്തുനിന്നും പുറപ്പെടുന്ന നാഡീഞരമ്പുകള്‍, ചുറ്റുമുള്ളതും വശങ്ങളിലേക്കുള്ളതുമായ പേശികളെ പ്രവര്‍ത്തനോന്മുഖമാക്കുന്നു. തെറ്റായ ചലനം മൂലം സുഷുമ്‌നാനാഡികള്‍ക്കു സമ്മര്‍ദമേല്‍ക്കുക, രക്തക്കുഴലുകളമരുക ഇവ മൂലം നടുവേദന, പുറംവേദന, കാലുവേദന ഇവയുണ്ടാകും.
പോഷകാഹാരക്കുറവ്, പ്രത്യേകിച്ച് കാത്സ്യം കുറഞ്ഞ ആഹാരം നിത്യവുമുപയോഗിക്കുക, പുളിരസമുള്ള കറികള്‍, നാരങ്ങാനീര് ഇവ അധികമുപയോഗിക്കുക, ഗര്‍ഭിണികള്‍ക്ക് ആഹാരത്തിലൂടെ കാത്സ്യം വേണ്ടമാത്രയില്‍ ലഭിക്കാതിരിക്കുക ഇവയാലും നട്ടെല്ലിന് കട്ടി കുറയാനും അവയില്‍ ചെറുസുഷിരങ്ങളുണ്ടാവാനുമിടയാകും. ആര്‍ത്തവം നിലച്ച് പത്ത് വര്‍ഷത്തിനുശേഷവും, ചെറുപ്പത്തിലേ ഗര്‍ഭപാത്രം നീക്കം ചെയ്യപ്പെട്ടവരിലും ഇത്തരം അവസ്ഥ സംജാതമാകും. തണുപ്പധികമേല്‍ക്കുക, തണുത്ത വെള്ളത്തില്‍ കുളിക്കുക, തുണി അധികസമയം നിന്ന് കഴുകുക, തറ തുടയ്ക്കുക, വീട്ടിനുള്ളില്‍ തണുപ്പുകാലത്ത് ചെരുപ്പിടാതെ നടക്കുക മുതലായവയാല്‍ നടുവേദനയുണ്ടാകും. തണുത്ത ആഹാരം അമിതമായി കഴിക്കുക, തൈര്, മോര്, ഉലുവ മുതലായ ശീതഗുണമുള്ള ആഹാരം അധികം ഉപയോഗിക്കുക, പാല്‍, വെണ്ണ, നെയ്യ് ഇവ ഒട്ടുമുപയോഗിക്കാതിരിക്കുക, സൂര്യപ്രകാശമൊട്ടുമേല്‍ക്കാതിരിക്കുക, ഉറക്കമൊഴിയുക, ഭയം, ഉത്ക്കണ്ഠ, മാനസികസംഘര്‍ഷങ്ങള്‍ മുതലായവയും നടുവേദനയ്ക്ക് കാരണമാകും.
സ്ത്രീകളില്‍ ഗര്‍ഭകാലത്ത് 4-7 മാസങ്ങള്‍ക്കിടയില്‍ ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയും ഭാരക്കൂടുതലും മൂലം നട്ടെല്ല് അല്പം വളയുകയും ക്രമേണ, അധികസമയം നില്‍ക്കുകയോ നടക്കുകയോ ഭാരമെടുക്കുകയോ ചെയ്താല്‍ നടുവേദനയുണ്ടാവും. കാലതാമസം നേരിടുന്ന പ്രസവത്താലും പ്രസവാനന്തരം വിശ്രമമെടുക്കാതിരുന്നാലും നടുവേദനയുണ്ടാകും. ആര്‍ത്തവസംബന്ധമായ രോഗങ്ങളും നടുവേദനയ്ക്ക് കാരണമാകും. ഗര്‍ഭാശയമുഖം ചുരുങ്ങിയിരുന്നാല്‍ ആര്‍ത്തവരക്തസ്രാവം സുഗമമല്ലാതാവുകയും തന്മൂലം ആര്‍ത്തവത്തോടനുബന്ധമായി വയര്‍വേദന, നടുവേദന ഇവയുണ്ടാകും.
ഗര്‍ഭാശയത്തിലുണ്ടാകുന്ന നീര്, അണുബാധ, മുഴകള്‍ ഇവയും നടുവേദനയ്ക്ക് കാരണമാകും. ഗര്‍ഭാശയം താഴോട്ടിറങ്ങിവരുന്നവരില്‍, അധികസമയം നില്‍ക്കുന്നത് തീവ്രമായ നടുവേദനയുണ്ടാക്കും. പരിശോധനകളിലൂടെ രോഗകാരണം മനസ്സിലാക്കി പ്രതിവിധികള്‍ ചെയ്തു നടുവേദന നിശ്ശേഷം മാറ്റാം. ഗര്‍ഭാശയസംബന്ധമായ രോഗങ്ങള്‍മൂലമുണ്ടാകുന്ന നടുവേദന പെട്ടെന്ന് അനുഭവപ്പെടുകയില്ല. നടുവില്‍ ത്രികാസ്ഥി ഭാഗത്ത് അവ്യക്തരൂപത്തിലായിരിക്കും വേദന. ശരീരത്തിന് പുറത്തു ഏതെങ്കിലും ഭാഗങ്ങള്‍ സ്പര്‍ശിച്ചാലോ അമര്‍ത്തിയാലോ വേദന തോന്നില്ല.
ഇതിന് വിപരീതമായി ശ്രോണീഫലകത്തിന് മുകളില്‍ അനുഭവപ്പെടുന്ന വേദന, നട്ടെല്ലിന്റെ ഏതെങ്കിലും ഒരുവശത്ത് അനുഭവപ്പെടുന്ന തീവ്രവേദന, കാല്പാദത്തിലേക്ക് വ്യാപിക്കുന്ന വേദന, കുനിയാനോ നിവരാനോ പ്രയാസം തുടങ്ങിയവ അസ്ഥിരോഗങ്ങള്‍ മൂലമുണ്ടാകുന്ന നടുവേദനയാണെന്ന് തിരിച്ചറിയണം.
സ്ത്രീകള്‍ക്കുണ്ടാകുന്ന നടുവേദനയില്‍ 20 ശതമാനം മാത്രമേ ഗര്‍ഭാശയസംബന്ധമായ രോഗങ്ങള്‍മൂലമുള്ളതായി കാണുന്നുള്ളൂ. ജോലി ചെയ്യുന്നതോടൊപ്പം ശരീരത്തിനാവശ്യമായ വിശ്രമമെടുക്കാനും മറക്കരുത്. കഠിനാധ്വാനം, ഭാരമെടുക്കല്‍, അധികയാത്ര, ഇരുപ്പ് ഇവ നടുവേദനയുള്ളപ്പോള്‍ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യണം.
ആര്‍ത്തവകാലത്തെ വേദന, അമിത രക്തസ്രാവം, അടിക്കടിയുള്ള ആര്‍ത്തവം, യോനീസ്രാവം അഥവാ വെള്ളപോക്ക്, ഗര്‍ഭാശയ സംബന്ധമായ രോഗങ്ങള്‍ ഇവ എത്രയും വേഗം ചികിത്സിച്ചു ഭേദമാക്കണം. പുളി, കയ്പ്പ് ഇവയധികമുള്ള ആഹാരം, ക്രമം തെറ്റിയ ഭക്ഷണരീതി, ഉറക്കൊഴിയുക ഇവ ഒഴിവാക്കണം.
നട്ടെല്ലിന് അമിതമായി ആയാസം നല്‍കുന്ന ജോലികള്‍ ഒഴിവാക്കുക. നടുവേദനയുള്ളവര്‍ പോഷകമൂല്യമുള്ളതും കാത്സ്യം അധികമുള്ളതുമായ പാലും മറ്റും ആഹാരത്തിലുപയോഗിക്കണം. ദിവസവും എണ്ണ തേച്ച് ചൂടുള്ള വെള്ളംകൊണ്ട് കുളിക്കുന്നത് നടുവേദന ഇല്ലാതാക്കാന്‍ സഹായിക്കും. വിശ്രമം, വ്യായാമം ഇവ ശരിയായ രീതിയില്‍ ചെയ്യണം. അസ്ഥിസംബന്ധമായ രോഗങ്ങളില്‍ വിശ്രമത്തോടൊപ്പം ശരിയായ ഔഷധസേവ കൂടാതെ തൈലങ്ങളായ സഹചരാദി തൈലമോ, കൊട്ടന്‍ചുക്കാദി തൈലമോ, ബലാതൈലമോ കൊണ്ടു തടവുക. കിഴി, പിഴിച്ചില്‍, ഞവരക്കിഴീ, തൈലവസ്തി, കടീവസ്തി മുതലായ ചികിത്സകള്‍ നടുവേദന ഇല്ലാതാക്കുവാന്‍ സഹായിക്കും. കുറുന്തോട്ടി പാല്‍ക്കഷായമായി കഴിക്കുന്നതും ഫലപ്രദമാണ്.
