Peruvayal News

Peruvayal News

പൂരലഹരിയിലലിഞ്ഞ് തൃശ്ശൂര്‍, കണിമംഗലം ശാസ്‌താവ് എഴുന്നള്ളി

പൂരലഹരിയിലലിഞ്ഞ് തൃശ്ശൂര്‍, കണിമംഗലം ശാസ്‌താവ് എഴുന്നള്ളി

തൃശൂര്‍: പൂരലഹരിയിലലിഞ്ഞ് തൃശ്ശിവപേരൂര്‍. ഇതിന്റെ ഭാഗമായി വിവിധ ഘടകപൂരങ്ങള്‍ വടക്കുംനാഥ സന്നിധിയിലേക്ക് എഴുന്നള്ളി തുടങ്ങി. കണിമംഗലം ശാസ്‌താവാണ് ആദ്യം എഴുന്നള്ളിയത്. ഘടക പൂരങ്ങളില്‍ ആദ്യത്തേതാണ് കണിമംഗലം ശാസ്താവിന്റേത്. വെയിലോ മഴയോ ഏല്‍ക്കാതെവേണം കണിമംഗലം ശാസ്താവ് പൂര സന്നിധിയിലെത്താന്‍ എന്നാണ് വിശ്വാസം. അതിനാലാണ് വളരെനേരെത്തെ തന്നെ കണിമംഗലം ശാസ്താവിന്റെ പൂരം പുറപ്പെടുന്നത്. ശ്രീമൂലസ്ഥാനത്ത് ഏഴാനകളുടെ അകമ്ബടിയോടെയാണ് കണിമംഗലം ശാസ്താവ് എഴുന്നള്ളിയത്. പൂരദിനത്തിലെ ആദ്യമേളം കൊട്ടിക്കയറി. വെയില്‍ കനക്കുന്നതിന് മുമ്ബേ കണിമംഗലം ശാസ്താവ് തിരികെ പോകും


ഇതിന് പിന്നാലെ കാരമുക്ക് ഭഗവതി, പനമുക്കംപള്ളി ശാസ്താവ്, അയ്യന്തോള്‍ ഭഗവതി, ളാലൂര്‍ ഭഗവതി തുടങ്ങി എട്ടോളം ഘടകപൂരങ്ങള്‍ വടക്കുംനാഥ സന്നിധിയിലേക്ക് എഴുന്നള്ളും.11 മണിയോടെയാണ് മഠത്തില്‍ വരവ്.


അതിനുശേഷം പൂര പ്രേമികളുടെ ആവേശമായ ഇലഞ്ഞിത്തറമേളം നടക്കും. ഇതിനൊപ്പം ശ്രീമൂലസ്ഥാനത്ത് ഓരോ പൂരത്തിനും മേളം കൊട്ടിക്കയറും. ഇതുതന്നെയാണ് മറ്റുപൂരങ്ങളില്‍ നിന്ന് തൃശ്ശൂര്‍ പൂരത്തെ വ്യത്യസ്‌തമാക്കുന്നതും.


അഞ്ചരയോടെ തെക്കേഗോപുരനടയില്‍ കുടമാറ്റം തുടങ്ങും. ചൊവ്വാഴ്ച ഉച്ചയ്ക്ക് തിരുവമ്ബാടി, പാറമേക്കാവ് ദേവിമാര്‍ ഉപചാരംചൊല്ലി പിരിയുന്നതോടെ പൂരം പൂര്‍ണമാവും. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നെല്ലാം വിഭിന്നമായി കനത്ത സുരക്ഷയാണ് പൂരനഗരിയില്‍ ഒരുക്കിയിരിക്കുന്നത്. 3500ലധികം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. ആയിരത്തിലധികം സി.സി.ടി.വി ക്യാമറകളും സുരക്ഷയ്‌ക്കായി ഒരുക്കിയിട്ടുണ്ട്.

Don't Miss
© all rights reserved and made with by pkv24live