Peruvayal News

Peruvayal News

ഹൈസ്ക്കൂൾ-ഹയർസെക്കണ്ടറി ഏകീകരണം ചർച്ച അധ്യാപക സംഘടനകളുടെ യോഗം അലസി പിരിഞ്ഞു.


ഹൈസ്ക്കൂൾ-ഹയർസെക്കണ്ടറി ഏകീകരണം ചർച്ച  അധ്യാപക സംഘടനകളുടെ യോഗം അലസി പിരിഞ്ഞു.


തിരുവനന്തപുരം: ഹൈസ്ക്കൂൾ-ഹയർസെക്കണ്ടറി ഏകീകരണം ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച അധ്യാപക സംഘടനകളുടെ യോഗം അലസി പിരിഞ്ഞു. പൊതുവിദ്യാഭ്യാസ സെക്രട്ടറി വിളിച്ച യോഗമാണ് ഹയര്‍സെക്കന്‍ഡറി അധ്യാപക സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അലസി പിരിഞ്ഞത്. ഖാദര്‍ കമ്മിറ്റി ശുപാര്‍ശകള്‍ അംഗീകരിക്കാനാവില്ലെന്ന് പ്രതിഷേധക്കാര്‍ യോഗത്തില്‍ നിലപാട് എടുത്തു. 


ഹയര്‍സെക്കന്‍ഡറി അധ്യാപക സംഘടനകളെല്ലാം ഒറ്റക്കെട്ടായി നിന്ന് ഏകീകരണത്തെ എതിര്‍ക്കുകയും ചര്‍ച്ച ബഹിഷ്കരിക്കുകയും ചെയ്തു. ഇവര്‍ക്കൊപ്പം ഹൈസ്കൂള്‍ അധ്യാപകരുടെ പ്രതിപക്ഷ സംഘടനയും ഏകീകരണത്തെ എതിര്‍ത്ത് നിലപാട് എടുത്തു. ഹൈസ്കൂള്‍- ഹയര്‍സെക്കന്‍ഡറി ഏകീകരണത്തിനെതിരെ ജൂണ്‍ മൂന്ന് മുതല്‍ സമരം ആരംഭിക്കുമെന്ന് അധ്യാപകസംഘടനാ പ്രതിനിധികള്‍ അറിയിച്ചു. വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രിയുമായി ഇനി ചര്‍ച്ച നടത്തുമെന്നും ഖാദര്‍ കമ്മിറ്റി ശുപാര്‍ശ നടപ്പാക്കാനാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെങ്കില്‍ അതിനെ ശക്തമായി നേരിടുമെന്നും സംയുക്ത അധ്യാപക സമിതി നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. 


ഖാദർ കമ്മിറ്റി ശുപാർശ അനുസരിച്ചാണ് സർക്കാർ ഏകീകരണ നീക്കങ്ങളുമായി മുന്നോട്ട് പോകുന്നത്. ഒന്ന് മുതൽ 12 വരെയുള്ള ക്ലാസുകളെ ആകെ ഒരു കുടക്കീഴിൽ കൊണ്ടുവരാനാണ് ശ്രമം. ചർച്ചക്ക് ശേഷമേ തീരുമാനം എടുക്കൂ എന്ന് സർക്കാർ ഉറപ്പ് നൽകിയെങ്കിലും ഈ അധ്യയനവർഷം ഖാദ‍ർ കമ്മിറ്റിയുടെ മൂന്ന് ശുപാർശകൾ നടപ്പാക്കാനാണ് നീക്കം. 


ഹെഡ്മാസ്റ്ററും പ്രിൻസിപ്പലും ഉള്ള സ്കൂളിലെ സ്ഥാപന മേധാവി ചുമതല പ്രിൻസിപ്പലിന് നൽകും. പൊതുവിദ്യാഭ്യാസവകുപ്പും ഹയർസെക്കണ്ടറി ഡയറക്ടറേറ്റും വൊക്കേഷനൽ ഹയർസെക്കണ്ടറി ഡയറക്ടറേറ്റും ലയിപ്പിക്കും. ഒരു ഡയറക്ടറുടെ കീഴിലാക്കും. മൂന്ന് പരീക്ഷാ ബോർഡുകളും ഏകീകരിക്കും. പക്ഷെ ഒന്നും അനുവദിക്കില്ലെന്ന് നിലപാടിലാണ് ഹയർസെക്കണ്ടറിയിലെ നാലു അധ്യാപക സംഘടനകളും.


ഹൈസ്ക്കൂൾ തല അധ്യാപക സംഘടനയിൽ സിപിഎം-സിപിഐ അനുകൂല അധ്യാപക സംഘടനകൾ ലയനത്തെ അനുകൂലിക്കുന്നു. കോൺഗ്രസ് അനുകൂല സംഘടനയിൽ ഭിന്നാഭിപ്രായമുണ്ട്. ലയനവുമായി മുന്നോട്ട് പോയാൽ ശക്തമായ സമരത്തിലേക്ക് നീങ്ങാനാണ് ഹയർസെക്കണ്ടറി അധ്യാപകരുടെ തീരുമാനം.

Don't Miss
© all rights reserved and made with by pkv24live