മഴക്കാലത്ത് ശരീരത്തിന്‍റെ പ്രതിരോധശേഷി എങ്ങനെ വര്‍ധിപ്പിക്കാം?
കൊടും ചൂടിനുശേഷം കുളിരായി മഴക്കാലം എത്തി. പ്രകൃതി ഒരു ഋതുവിൽനിന്ന് അടുത്തതിലേക്കു കടക്കുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ നമ്മുടെ ശരീരത്തെയും ബാധിക്കും. ത്രിദോഷങ്ങളായ വാതം, പിത്തം, കഫം എന്നിവ വർധിക്കുന്ന സമയമായതിനാൽ പലർക്കും ശാരീരിക ബുദ്ധിമുട്ടുകൾ കലശലാകാറുണ്ട്.
പ്രതിരോധശേഷി കുറയുന്നത് ദുർബലശരീരങ്ങളെ രോഗാണുക്കൾ ആക്രമിക്കാൻ ഇടയാക്കും. മഴക്കാലത്ത് കുറഞ്ഞ ശരീരബലമാണ് മനുഷ്യർക്കുള്ളത്. അതിനാൽ ഭക്ഷണക്രമത്തിലും ജീവിതചര്യയിലും മാറ്റങ്ങൾ വരുത്തി പ്രതിരോധശേഷി വർധിപ്പിക്കേണ്ടതുണ്ട്.
പലതരം പനികൾ, വാതരോഗങ്ങൾ, ആസ്ത്മ, അലർജി എന്നിവ മഴക്കാലത്ത് സാധാരണമാണ്. സ്വാഭാവിക പ്രതിരോധശേഷി കുറഞ്ഞ കുട്ടികളിലാണ് പനി കൂടുതലായി കണ്ടുവരുന്നത്. മുതിർന്നവരിലും പ്രതിരോധശേഷിയുടെ ഏറ്റക്കുറച്ചിലനുസരിച്ച് പനിയുണ്ടാകാറുണ്ട്.
പകർച്ചപ്പനികളുടെ കാലമാണെങ്കിലും എല്ലാവർക്കും അതാകണമെന്നില്ല. തുളസിയില, ചുക്ക്, ശർക്കര എന്നിവയിട്ടു തിളപ്പിച്ച വെള്ളം ഈ ഘട്ടത്തിൽ കുടിക്കുന്നത് നല്ലതാണ്. പനിയുടെ ഭാഗമായി ശ്വാസതടസ്സമുണ്ടായാൽ ശ്വസനവ്യായാമങ്ങളിലൂടെ ആശ്വാസം നേടാം. കടുത്ത ആസ്ത്മ ഉള്ളവർ പ്രത്യേക ചികിത്സ തേടേണ്ടിവരും.
വാതരോഗങ്ങൾ കൂടുതൽ കണ്ടുവരുന്ന സമയംകൂടിയാണിത്. അവ ഉള്ളവർ തണുപ്പിൽനിന്ന് അകന്നുനിൽക്കാൻ ശ്രദ്ധിക്കണം. കഫക്കെട്ടുള്ളവർ തൈരുപോലുള്ള ആഹാരങ്ങളും എരിവും ഒഴിവാക്കണം. വ്യായാമം അധികമാവേണ്ട.
ചൂടുള്ളതും എളുപ്പം ദഹിക്കുന്നതുമായ ഭക്ഷണം, ദിവസവും രണ്ടുനേരം ചൂടുവെള്ളത്തിലുള്ള കുളി എന്നിവ മഴക്കാലത്ത് പ്രധാനമാണ്. പ്രഭാതഭക്ഷണം ഒഴിവാക്കരുത്. ഉച്ചഭക്ഷണത്തിനു പകരമല്ല സ്നാക്സ്. കട്ടികൂടിയ ആഹാരങ്ങൾ രാത്രിയിൽ അമിതമായി കഴിക്കരുത്.ദഹനപ്രക്രിയ വേഗത്തിലാകാനും ശോധന ക്രമപ്പെടുത്തുന്നതിനും കഞ്ഞി സഹായിക്കും.
മധുരം, പുളി, ഉപ്പ് എന്നിവയടങ്ങിയ ഭക്ഷണങ്ങൾക്കാണ് മുൻഗണന നൽകേണ്ടത്. അസമയത്തുള്ള ഭക്ഷണവും ദഹനം മന്ദീഭവിപ്പിക്കുന്ന ജങ്ക് ഫുഡുകളും ഒഴിവാക്കണം. തിളപ്പിച്ചാറിയ ജലം മാത്രമേ കുടിക്കാവൂ. പകലുറക്കം പാടില്ല.
മഴക്കാലത്ത് പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് അരിഷ്ടങ്ങൾ പ്രയോജനം ചെയ്യും. ഇന്ദുകാന്തം കഷായം സേവിക്കുന്നത് നല്ലതാണ്. വർഷകാല ചികിത്സയിൽ പ്രധാനമാണ് പഞ്ചകർമശോധനക്രിയകൾ. ഡോക്ടറുടെ നിർദേശപ്രകാരമാണ് ഇതു ചെയ്യേണ്ടത്. ശരീരത്തെ ശുദ്ധിപ്പെടുത്തി പ്രതിരോധശേഷി കൂട്ടാൻ ഇതു സഹായിക്കും.
വിവരങ്ങൾക്ക് കടപ്പാട്
ഡോ. ഷാജി ജോസ്
റിട്ട. ചീഫ് മെഡിക്കൽ ഓഫീസർ
ജില്ലാ ആയുർവേദാശുപത്രി, കൊല്ലം
