കൊല്ലത്ത് കാന്‍സര്‍ രോഗിയായ ഓട്ടോ ഡ്രൈവറെ പോലീസ് ക്രൂരമായി മര്‍ദിച്ചെന്ന് ആരോപണം
കൊല്ലം അഞ്ചലിൽ കാൻസർ രോഗിയായ ഓട്ടോ ഡ്രൈവറെ പോലീസ് ക്രൂരമായി മർദിച്ചെന്ന് ആരോപണം. ശനിയാഴ്ച വൈകീട്ട് ആറുമണിയോടെ വാഹനപരിശോധനയ്ക്കിടെയാണ് അഞ്ചൽ സ്വദേശി രാജേഷിനെ പോലീസ് ക്രൂരമായി മർദിച്ചത്.
വാഹനം നിർത്താതെ പോയെന്ന് ആരോപിച്ചായിരുന്നു മർദനം. വാഹന പരിശോധനയ്ക്കിടെ ഹോംഗാർഡ് ഓട്ടോയ്ക്ക് കൈകാണിച്ചെങ്കിലും നിർത്തിയില്ല. തുടർന്ന് ഹോംഗാർഡ് ഓട്ടോയിലേക്ക് ചാടിക്കയറി ബലം പ്രയോഗിച്ച് താക്കോൽ എടുത്തുകൊണ്ടു പോവുകയായിരുന്നു. തുടർന്ന് മറ്റൊരു പോലീസുകാരനും ഹോംഗാർഡും ചേർന്ന് ഓട്ടോയിൽ കയറി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനിലെത്തിയ രാജേഷിനെ പോലീസ് വിലങ്ങുവെച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.
ദേഹമാസകലം മർദിച്ചതിന്റെ പാടുകളോടെ തോളെല്ലിന്റെ കുഴ തെറ്റിപ്പോയ അവസ്ഥയിലായിരുന്നു രാജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പോലീസ് വാഹനത്തിന് കൈകാണിച്ചത് കണ്ടിരുന്നില്ലെന്നാണ് രാജേഷ് പറയുന്നത്.