ആറ്റില്‍ കിടന്ന കാര്‍ ഏറെ പണിപ്പെട്ട് ഉയര്‍ത്തിയപ്പോള്‍ അകത്ത് ആരുമില്ല... കാറുടമ കാഴ്ച കണ്ട് കരയില്‍;
ഒടുക്കം നന്ദിപറഞ്ഞ് ഒഴിയാന്‍ നോക്കിയപ്പോള്‍ കുത്തിന് പിടിച്ച് കാശുമേടിച്ചു... 'പുലിവാല്‍ കല്ല്യാണം' സിനിമയിലെ രംഗങ്ങള്‍ നേരിട്ട് സംഭവിച്ചപ്പോൾ
മാന്നാര്‍ : കുട്ടംപേരൂര്‍ ആറ്റില്‍ പുലര്‍ച്ചെ തന്നെ ആറ്റില്‍ കണ്ടെത്തിയ കാര്‍ പരിസരവാസികളെ പരിഭ്രാന്തിയിലാഴ്ത്തി. വൈകാതെ തന്നെ വാഹനത്തില്‍ കുടുങ്ങിയവരെ പുറത്തെടുക്കാന്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ശ്രമവും തുടങ്ങി. വൈകാതെ കാര്‍ പുറത്തെടുത്തുവെങ്കിലും കാറിനുള്ളില്‍ ആരുമില്ല. ഇതിനിടെ രക്ഷാപ്രവര്‍ത്തനം കാണാന്‍ ഒപ്പം നിന്നവര്‍ക്കൊപ്പം കാര്‍ ഉടമയെ കണ്ട് നാട്ടുകാര്‍ ഞെട്ടി. ഒടുവില്‍ അയാളില്‍ നിന്നും പണവും ഈടാക്കി സിനിമാസ്‌റ്റൈല്‍ കൈ്ളമാക്‌സ്.
ഒരു ഗൃഹപ്രവേശനവുമായി ബന്ധപ്പെട്ട് അപകടത്തില്‍ പെട്ട ഈ കാറില്‍ നാലുപേര്‍ രാത്രി ഏറെ വൈകുവോളം കറങ്ങുന്നത് നാട്ടുകാരില്‍ പലരും കണ്ടിരുന്നു. ഇതോടെ കാറിനൊപ്പം നാലുപേര്‍ ആറ്റില്‍ മുങ്ങിയതായി നാടുമുഴുവന്‍ വാര്‍ത്ത പരന്നു. അറിഞ്ഞവരെല്ലാം ആറ്റുതീരത്തേയ്ക്ക് ഓടിയെത്തി. പുലര്‍ച്ചെ ഇതേ കാര്‍ ആറ്റില്‍ മുങ്ങിക്കിടക്കുന്നത് കണ്ട പരിസരവാസികളാണ് ആദ്യം രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്.
കാര്‍ ക്രയിന്‍ ഉപയോഗിച്ച് പൊക്കി തുടങ്ങിയപ്പോഴാണ് നാട്ടുകാരില്‍ ഒരാള്‍ ആ കാഴ്ച കണ്ടത്. കാറില്‍ കുടുങ്ങി കിടക്കുന്നതെന്ന് നാട്ടുകാര്‍ കരുതിയവര്‍ കരയില്‍ കാഴ്ചക്കാരോടൊപ്പം. കലിപ്പിലായ നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും അതുവരെ ചെലവായ മുഴുവന്‍ തുകയും ഇവരില്‍ നിന്ന് ഈടാക്കി താക്കീത് ചെയ്യുകയായിരുന്നു. എല്ലാവരും പിരിഞ്ഞപ്പോള്‍ നടന്ന കാര്യങ്ങള്‍ അവര്‍ നാട്ടുകാരോട് വിശദീകരിക്കുകയും ചെയ്തു.
രാത്രിയില്‍ ഗൃഹപ്രവേശനത്തിന്റെ ആഘോഷം കഴിഞ്ഞ് ആറിന്റെ കരയില്‍ നിന്നും കാര്‍ മുന്നോട്ട് എടുക്കുവാന്‍ ശ്രമിച്ചപ്പോള്‍ കാര്‍ പോയത് പിന്നോട്ടായിരുന്നു. ഉടന്‍ തന്നെ നാലുപേരും കാറില്‍ നിന്ന് ചാടി രക്ഷപ്പെട്ടു. ക്രയിന്‍ വിളിച്ച് കൊണ്ടു വന്ന് കാര്‍ രാവിലെ കരയ്‌ക്കെത്തിക്കാം എന്നു വിചാരിച്ച് തിരിച്ചു പോയി.
എന്നാല്‍ ഉണരാന്‍ അല്പം താമസിച്ചത് പണിയായി. കാര്‍ കരയ്‌ക്കെത്തിക്കുവാന്‍ എത്തിയപ്പോഴേക്കും ആറ്റിന്‍കരയില്‍ വലിയ ആള്‍ക്കൂട്ടവും പോലീസും ഫയര്‍ഫോഴ്‌സും. പിന്നെ എല്ലാം കണ്ട് അങ്ങു നിന്നു. എന്തായാലും പുലിവാല്‍ കല്യാണം എന്ന സിനിമയിലെ അതേ രംഗങ്ങള്‍ക്കാണ് നാട്ടുകാര്‍ സാക്ഷ്യം വഹിക്കേണ്ടി വന്നത്.