വിദ്യാസമ്പന്നമായ കേരളത്തിനൊത്ത വിദ്യാഭ്യാസരംഗത്തെ വികസനമുന്നേറ്റം
കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പുതുതായി എത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം ഈ അധ്യയന വർഷത്തോടെ അഞ്ച് ലക്ഷത്തിലധികമായിരിക്കുന്നു. വിവിധ വിദ്യാലയങ്ങളിൽ നിന്നും മാറി, പൊതുവിദ്യാലയത്തിന്റെ ഭാഗമായി ചേർന്ന വിദ്യാർത്ഥികളുടെ എണ്ണമാണിത്. കൃത്യമായ ലക്ഷ്യത്തോടെയുള്ള സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഫലം കണ്ടിരിക്കുന്നു എന്നതിന്റെ നേർച്ചിത്രം തന്നെയാണിത്.
വിദ്യാധനം സർവധനാൽ പ്രധാനം എന്നാണ്. എന്നിട്ടും അൺ ഇക്കണോമിക് എന്ന് മുദ്രകുത്തി യു.ഡി.എഫ് ഭരണത്തിലുണ്ടായിരുന്നപ്പോൾ, സർക്കാർ വിദ്യാലയങ്ങൾ അടച്ചുപൂട്ടുന്നതാണ് സാക്ഷര കേരളം കണ്ടത്. ആ ചിത്രം പാടേ മാറിയിരിക്കുന്നു. വിദ്യാസമ്പന്നമായ കേരളത്തിനൊത്ത വികസനമുന്നേറ്റം വിദ്യാഭ്യാസ രംഗത്തും ഇന്ന് സംസ്ഥാനത്തുണ്ടായിരിക്കുന്നു. സർക്കാർ എയിഡഡ് വിദ്യാലയങ്ങളിൽ ഈ വർഷം പുതുതായി എത്തിയത് 1.63 ലക്ഷം വിദ്യാർത്ഥികൾ. പിണറായി സർക്കാരിന് കീഴിൽ ഇതുവരെയായി പൊതുവിദ്യാലയങ്ങളിൽ പുതുതായി എത്തിയത് 5.05 ലക്ഷം വിദ്യാർത്ഥികൾ.
അൺ എയിഡഡ് മേഖലയിൽ ക്യൂ നിന്നും ഡൊണേഷൻ നൽകിയും ഒന്നാം ക്ലാസ് മുതൽ പ്രവേശനം നേടേണ്ടുന്ന ഗതികേട് കേരളത്തിനിന്നില്ല. സർക്കാർ സ്കൂളീൽ വിദ്യാർത്ഥികളെ ചേർക്കാൻ രക്ഷിതാക്കൾ മത്സരിക്കുന്ന കാഴ്ചയാണ് ഇന്ന് കേരളത്തിലുള്ളത്. സർക്കാർ വിദ്യാലയങ്ങളാകെ ഹൈടെക് ആവുകയാണ്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് നമ്മുടെ വിദ്യാഭ്യാസ മേഖല ചുവടുവെച്ചു. പാഠപുസ്തകങ്ങളും കൈത്തറി യൗണീഫോമും സ്കൂൾ തുറക്കും മുമ്പേ വിദ്യാർത്ഥികളുടെ കൈകളിലെത്തി. സ്മാർട്ട് ക്ലാസ് റൂമിലിരുന്ന് സ്മാർട്ടാവാൻ ഓരോ വിദ്യാർത്ഥിക്കും കഴിയട്ടെ. പിണറായി സർക്കാരിന് അഭിവാദ്യങ്ങൾ
- എം.വി ജയരാജൻ
