മാലിന്യത്തില്‍ നിന്ന് വൈദ്യുതി: പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി
സംസ്ഥാനത്ത് കേന്ദ്രീകൃത മാലിന്യസംസ്കരണ പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളുടെ പുരോഗതി മുഖ്യമന്ത്രി പിണറായി വിജയന്‍ വിലയിരുത്തി.
തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ഏഴ് ജില്ലകളിലാണ് മാലിന്യത്തില്‍ നിന്ന് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഊര്‍ജം ഉല്‍പാദിപ്പിക്കുന്ന പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നത്. ഇതിനാവശ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് ഞെളിയന്‍ പറമ്പില്‍ പ്ലാന്‍റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്. സമയബന്ധിതമായി പ്ലാന്‍റുകള്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, തദ്ദേശസ്വയംഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
