തിങ്കളാഴ്ചത്തെ മെഡിക്കല്‍ സമരത്തില്‍ കേരളത്തിലെ ആശുപത്രികള്‍ സ്തംഭിക്കും
സമരത്തില്‍ മുഴുവന്‍ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും പങ്കെടുക്കും; ഐഎംഎ
തിരുവനന്തപുരം; ബംഗാളില്‍ ഡോക്ടര്‍ക്ക് നേരെ ഉണ്ടായ അതിക്രമത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിക്ഷേധിച്ചും. ഡോക്ടര്‍ക്ക് നേരെ നടന്ന അതിക്രമത്തിനെതിരെ പ്രതിക്ഷേധിച്ച ഡോക്ടര്‍മാരെ ബംഗാല്‍ മുഖ്യന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരിച്ച പ്രതികാര നടപടിയില്‍ പ്രതിക്ഷേധിച്ചും രാജ്യവ്യാപകമായി തിങ്കളാഴ്ച ഐഎംഎ യുടെ അഹ്വാനപ്രകാരം നടത്തുന്ന ഡോക്ടര്‍മാരുടെ പണിമുടക്കില്‍ സംസ്ഥാനത്തെ മുഴുവന്‍ ഡോക്ടര്‍മാരും, മെഡിക്കല്‍ വിദ്യാര്‍ത്ഥികളും പങ്കെടുക്കും.
കൊല്‍ക്കത്തയില്‍ അതീവ ഗുരുതരാവസ്ഥയില്‍ എത്തുന്ന രീതിയില്‍ ഒരു യുവ ഡോക്ടറെ 200 ല്‍ അധികം പേര്‍ മര്‍ദ്ദിച്ച് അവശനാക്കിയ സംഭവത്തില്‍ പ്രതിക്ഷേധിച്ചാണ് സമരം. ഇന്ത്യയില്‍ ഉടനീളം വിവിധ സ്ഥലങ്ങളില്‍ ആശുപത്രി ആക്രമണങ്ങളും, ഡോക്ടര്‍മാര്‍ക്ക് എതിരെയും രോഗികള്‍ക്ക് എതിരെയും ഉള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ച് വരുകയാണ്. ഇതിനെ നിയന്ത്രിക്കുവാന്‍ കേന്ദ്ര ആശുപത്രി സംരക്ഷണ നിയമം നടപ്പിലാക്കണമെന്നാണ് ഐഎംഎയുടെ പ്രധാന ആവശ്യം.
തിങ്കളാഴ്ച രാവിലെ ആറ് മണിമുതല്‍ ചൊവ്വാഴ്ച രാവിലെ ആറ് മണിവരെ 24 മണിക്കൂറാണ് സമരം. സമരത്തില്‍ നിന്നും അത്യാഹിത വിഭാഗത്തേയും മറ്റ് എമര്‍ജന്‍സി വിഭാഗങ്ങളേയും ഒഴിവാക്കിയിട്ടുണ്ട്. സമരത്തിന്റെ ഭാഗമായി രാവിലെ 10 മണിക്ക് രാജ്ഭവനിലേക്ക് ഡോക്ടര്‍മാര്‍ പ്രകടനം നടത്തും. ജില്ലാ ആസ്ഥാനങ്ങളിലും ആശുപത്രികളിലും, മെഡിക്കല്‍ കോളേജുകളിലും, പ്രകടന പരമ്പരകള്‍ ഉണ്ടായിരിക്കും. ആധുനിക വൈദ്യ ശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സംഘടനകളും ഇതിനോടകം സമരത്തിന് പിന്‍തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
