Peruvayal News

Peruvayal News

നീതി നിഷേധത്തിനിടിയിലും സഞ്ജീവ് ഭട്ടിന് വേണ്ടി ശബ്ദമുയർത്തി മഅദനി

നീതി നിഷേധത്തിനിടിയിലും സഞ്ജീവ് ഭട്ടിന് വേണ്ടി ശബ്ദമുയർത്തി മഅദനി


 

നീതി നിഷേധത്തിനിടിയിലും സഞ്ജീവ് ഭട്ടിന് വേണ്ടി ശബ്ദമുയർത്തി മഅദനി. ഇന്നലെയാണ് ഗുജറാത്ത് മുൻ ഐപിഎസ് ഉദ്യോഗ്സഥനും കടുത്ത മോദി വിമർശകനുമായ സഞ്ജീവ് ഭട്ടിനെ 1990ലെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചത്. ഈ സാഹചര്യത്തിലാണ് കേസിന്റെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയുള്ള മഅദനിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അനീതിയുടെ ദുർഗന്ധം വല്ലാതെ പരക്കുന്ന ഈ സംഭവത്തിൽ സഞ്ജീവ് ഭട്ടിന്റെ ഈ പ്രതിസന്ധി ഘട്ടത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിന് തുടർ നിയമ പോരാട്ടങ്ങൾക്കുണ്ടാകുന്ന വമ്പിച്ച സാമ്പത്തിക ബാധ്യതയിൽ വളരെ ചെറിയ ഒരു തുക നൽകുന്നതായും മഅദനി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം


സഞ്ജീവ്ഭട്ട്:

“അണ്ണാറ കണ്ണനും തന്നാലായത്”


പോലീസ് ഉദ്യോഗസ്ഥന്മാർ കേസിൽ പ്രതിയാകുന്നതും ശിക്ഷിക്കപ്പെടുന്നതുമൊന്നും നമ്മുടെ രാജ്യത്ത് പുതുമയുള്ള കാര്യമല്ല.

പോലീസ് ഉദ്യോഗസ്ഥരിൽ പലരും കള്ളക്കേസുകൾ ഉണ്ടാക്കുകയും അതു തെളിയിക്കാൻ കള്ളസാക്ഷികളെ ഹാജരാക്കുകയും കള്ള തെളിവുകൾ

പടച്ചുണ്ടാക്കുകയും ചെയ്യുന്നതിന്റെ ഉദാഹരണം തേടി എനിക്ക് എവിടെയും അന്വഷിച്ചു പോകേണ്ട കാര്യമില്ലല്ലോ?

എന്റെ മേൽ ചുമത്തപ്പെട്ട രണ്ടു കേസുകളിലും എന്താണ് നടന്നതെന്ന് എനിക്ക് തന്നെ വളരെ കൃത്യമായി ബോധ്യമുള്ളതാണ്.

ബാംഗ്ളൂർ കേസിൽ കൃത്രിമതെളിവുകളുടെ കൂമ്പാരങ്ങൾ ഉണ്ടാക്കിയ ചില ഉദ്യോഗസ്ഥർ അവസാനം കുറ്റബോധം കൊണ്ടാകാം എന്നോട് തന്നെ കാര്യങ്ങൾ സമ്മതിക്കുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്.

പക്ഷേ, സഞ്ജീവ്ഭട്ടിൻറെ നിർദ്ദേശപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട ഒരാൾ മരിച്ചു എന്ന ഒരു കേസിൽ അദ്ദേഹം ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുമ്പോൾ അതിൽ ഒരുപാട്‌ പൊരുത്തക്കേടുകൾ അവശേഷിക്കുന്നതായിട്ടാണ് നീതിബോധമുള്ള ഏതൊരാൾക്കും തോന്നുന്നത്.

അറസ്റ്റ് ചെയ്യപ്പെട്ടയാൾ,താൻ ശാരീരികമായി പീഡിപ്പിക്കപ്പെട്ടുവെന്നു കോടതിയിൽ പറയാതിരിക്കുക, ജാമ്യം കിട്ടി കുറെ ദിവസങ്ങൾക്കു ശേഷം ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്യപ്പെടുക, മരണ കാരണം കിഡ്നി രോഗമാണെന്നു മെഡിക്കൽ റിപ്പോർട്ട് വരിക,ഭട്ട് ചില കയ്പുള്ള യാഥാർഥ്യങ്ങൾ തുറന്ന് പറഞ്ഞ സാഹചര്യത്തിൽ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുക,നീതിപൂർവമുള്ള വിചാരണയല്ല നടക്കുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകരും ഭാര്യയും പരാതിപ്പെടുക, തന്റെ ഭാഗത്തെ ശരി കോടതിയിൽ ബോധ്യപ്പെടുത്താനായി ഡിഫൻസ് സാക്ഷികളെ ഹാജരാക്കാനുള്ള അവസരം നൽകാതിരിക്കുക…..ഇങ്ങനെ ഒട്ടനവധി പൊരുത്തക്കേടുകളുടെ ഒരു കൂമ്പാരം തന്നെയാണ് സഞ്ജീവ് ഭട്ട് കേസിൽ കാണാൻ കഴിയുന്നത്.

അനീതിയുടെ ദുർഗന്ധം വല്ലാതെ പരക്കുന്നുവെന്ന തോന്നലുളവാകുന്നു…

സഞ്ജീവ് ഭട്ടിന്റെ ഈ പ്രതിസന്ധി ഘട്ടത്തിൽ വല്ലാത്ത മാനസിക സംഘർഷത്തിലും പ്രതിസന്ധിയലുമായിപ്പോയിട്ടുണ്ടാകുന്ന അദ്ദേഹത്തിന്റെ കുടുംബത്തിന് തുടർ നിയമ പോരാട്ടങ്ങൾക്കുണ്ടാകുന്ന വമ്പിച്ച സാമ്പത്തിക ബാധ്യതയിൽ വളരെ ചെറിയ ഒരു സഹായമായി പതിനായിരത്തിഒന്നു രൂപ ഞാൻ നാളെ അയച്ചുകൊടുക്കുന്നു..

നിയമപോരാട്ടത്തിന്റെ “ഭാരം” നന്നായിത്തന്നെ അറിയുന്ന എനിക്ക് ബോധ്യമുണ്ട് ഈ തുക ഒന്നുമല്ലായെന്ന്.പക്ഷേ,ഈ കാരാഗൃഹ തുല്യ ജീവിതത്തിൽ എനിക്ക് ഇപ്പോൾ ഇതേ കഴിയുന്നുള്ളൂ…മുഹമ്മദമുർസിയുടെയും സഞ്ജീവ് ഭട്ടിന്റെയുമൊക്കെ അനുഭവങ്ങൾക്കപ്പുറം നീതിയുടെ വലിയ വെള്ളി നക്ഷത്രങ്ങളുടെയൊന്നും ഉദയം പ്രതീക്ഷിക്കാനില്ലാത്ത ഒരു വർത്തമാന കാല ലോകത്തിലാണുള്ളത് എന്ന് ഉറച്ച ബോധ്യം ഉള്ളപ്പോഴും സർവാദിനാഥനിലുള്ള സമ്പൂർണ സമർപ്പണത്തിനു യാതൊരു കുറവുമില്ലാതെ, നിങ്ങളുടെ

വിനീത സഹോദരൻ മഅ്‌ദനി, ബാഗ്ലൂർ…..

Don't Miss
© all rights reserved and made with by pkv24live