ഐ.എന്‍.എക്സ്. മീഡിയ കേസ്: മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തു
ഐ.എൻ.എക്സ്. മീഡിയ കേസിൽ മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തു. എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിനു ശേഷം വീട്ടിലെത്തിയ ചിദംബരത്തെ അവിടെയെത്തിയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് സിബിഐയുടെ നടപടി.
പത്രസമ്മേളനത്തിനു ശേഷം രാത്രി 8.30 ഓടെയാണ് ചിദംബരവും അഭിഭാഷകനായ കപിൽ സിബലും ചിദംബരത്തിൻറെ വീട്ടിലെത്തിയത്. പിന്നാലെ സിബിഐ ഉദ്യോഗസ്ഥരും പിന്നാലെയെത്തി. ഗേറ്റ് പൂട്ടിക്കിടക്കുകയായിരുന്നതിനാൽ മതിൽ ചാടിക്കടന്നാണ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയത്. പിന്നാലെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തുടർന്ന് നാടകീയ നിമിഷങ്ങൾക്കൊടുവിലാണ് അറസ്റ്റുണ്ടാവുന്നത്.
ഐ.എൻ.എക്സ്. മീഡിയ കേസുമായി ബന്ധപ്പെട്ട് താനോ കുടുംബാംഗങ്ങളോ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തനിക്കെതിരെ കുറ്റപത്രമില്ലെന്നും ചിദംബരം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ചിദംബരം ഒളിവിൽ പോയതായുള്ള വാർത്തകൾക്കിടയിലാണ് തന്റെ ഭാഗം വിശദീകരിച്ച് ചിദംബരം എഐസിസി ആസ്ഥാനത്ത് പത്രസമ്മേളനം വിളിച്ചത്.


