INCOME TAX RETURN
അവസാന തിയതിക്ക് മുമ്പായി ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തത്രപ്പാടില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും തെറ്റുപറ്റിയോ. ബാങ്ക് അക്കൗണ്ട് നല്‍കിയപ്പോള്‍ മാറിപ്പോയോ. വരുമാനം രേഖപ്പെടുത്തിയപ്പോള്‍ കൂടിയോ കുറഞ്ഞോ പോയോ. പലിശവരുമാനം നല്‍കാന്‍ വിട്ടുപോയോ. ടി.ഡി.എസ് പിടിച്ച തുക ക്ലെയിം ചെയ്യാന്‍ പറ്റിയില്ലേ. അര്‍ഹതയുള്ള കിഴിവ് ക്ലെയിം ചെയ്യാന്‍ വിട്ടുപോയോ. ഇത്തരത്തിലുള്ള എന്തെങ്കിലും തെറ്റുകളോ ന്യൂനതകളോ നിങ്ങള്‍ സമര്‍പ്പിച്ച റിട്ടേണില്‍ സംഭവിച്ചുപോയെങ്കില്‍ വിഷമിക്കേണ്ട. തെറ്റുതിരുത്തി പുതിയ റിട്ടേണ്‍ സമര്‍പ്പിക്കാവുന്നതേയുള്ളൂ. 2020 മാര്‍ച്ച് 31 ന് മുമ്പായി എപ്പോള്‍ വേണമെങ്കിലും എത്ര തവണ വേണമെങ്കിലും ഇത്തരത്തിലെ തെറ്റുതിരുത്തി പുതിയ റിട്ടേണ്‍ സമര്‍പ്പിക്കാം. ആദായനികുതി നിയമത്തിലെ വകുപ്പ് 139(5) പ്രകാരമാണ് നികുതിദായകര്‍ക്ക് ഇതിന് അവസരം ലഭിക്കുന്നത്.
ഇത്തരത്തില്‍ തിരുത്തി സമര്‍പ്പിക്കുന്ന റിട്ടേണിനെ റിവൈസ്ഡ് റിട്ടേണ്‍ എന്നാണ് വിളിക്കുന്നത്. റിവൈസ്ഡ് റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ പഴയ റിട്ടേണിലെ കാര്യങ്ങള്‍ സൂചിപ്പിക്കണം. അസസ്‌മെന്റ് ഇയര്‍ എന്നാണോ അവസാനിക്കുന്നത് അന്നുവരെയാണ് റിവൈസ്ഡ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന സമയം. അതായത് ഇപ്പോള്‍ 2018-19 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള റിട്ടേണ്‍ ആണല്ലോ സമര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്. 2018-19 സാമ്പത്തികവര്‍ഷത്തിലെ ആദായ നികുതി കണക്കാക്കുന്ന അസസ്‌മെന്റ് ഇയര്‍ എന്ന് പറയുന്നത് 2019-20 ആണ്. അതുകൊണ്ട് 2020 മാര്‍ച്ച് 31 വരെ റിവൈസ്ഡ് റിട്ടേണ്‍ സമര്‍പ്പിക്കാം.
എത്രതവണ വേണമെങ്കിലും റിവൈസ്ഡ് റിട്ടേണ്‍ സമര്‍പ്പിക്കാം. റിവൈസ്ഡ് റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ അതും വെരിഫൈ ചെയ്തിരിക്കണം.

