Peruvayal News

Peruvayal News

വിദ്യാര്‍ഥികളുടെ അഭിരുചി ഹൈസ്‌കൂള്‍ തലത്തില്‍ തന്നെ മനസിലാക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: വിദ്യാര്‍ഥികളുടെ അഭിരുചി ഹൈസ്‌കൂള്‍ തലത്തില്‍ തന്നെ മനസിലാക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷനും (സിബിഎസ്‌ഇ) നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യൂക്കേഷണല്‍ റിസര്‍ച്ച്‌ ആന്‍ഡ് ട്രെയിനിങും (എന്‍സിആര്‍ടി) സംയുക്തമായാണ് 'തമന്ന' (TAMANNA - Try And Measure Aptitude And Natural Abilities) എന്ന അഭിരുചി പരീക്ഷ അവതരിപ്പിക്കുന്നത്. ഒമ്ബത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ അഭിരുചി അവരേക്കൂടാതെ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമുള്‍പ്പെടെ നേരത്തെ മനസിലാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

തമന്നയിലൂടെ വിദ്യാര്‍ഥികളുടെ ഏഴ് വ്യത്യസ്ത അഭിരുചികളാണ് പരിശോധിക്കുക.

ലാംഗ്വേജ് ആപ്റ്റിറ്റിയൂഡ് (എല്‍എ)
അബ്സ്ട്രാക്റ്റ് റീസണിംഗ് (എആര്‍)
വെര്‍ബല്‍ റീസണിംഗ് (വിആര്‍)
മെക്കാനിക്കല്‍ റീസണിംഗ് (എംആര്‍)
ന്യൂമെറിക്കല്‍ ആപ്റ്റിറ്റിയൂഡ് (എന്‍എ)
സ്‌പേഷ്യല്‍ ആപ്റ്റിറ്റിയൂഡ് (എസ്‌എ)
പെര്‍സെപ്ച്വല്‍ ആപ്റ്റിറ്റിയൂഡ് (പിഎ)
മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ (എംഎച്ച്‌ആര്‍ഡി) കൂടി സഹകരണത്തോടെയാണ് തമന്ന നടപ്പാക്കുന്നത്. ടെസ്റ്റ് മൊഡ്യൂള്‍ നേരത്തെ തയ്യാറാക്കിയിട്ടുണ്ട്. ഇതുപ്രകാരം രാജ്യവ്യാപകമായി ഒമ്ബത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന 17,000 വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് സിബിഎസ്‌ഇ പരീക്ഷാണാടിസ്ഥാനത്തില്‍ അഭിരുചി പരീക്ഷ നടത്തിയിരുന്നു. കര്‍ശനമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് സിബിഎസ്‌ഇയും എന്‍സിആര്‍ടിയും ചേര്‍ന്ന് അഭിരുചി പരീക്ഷയുടെ മൊഡ്യൂള്‍ തയ്യാറാക്കിയതെന്ന് അധികൃതര്‍ അവകാശപ്പെടുന്നു.

അഭിരുചി പരീക്ഷയില്‍ ജയ-പരാജയങ്ങള്‍ ഇല്ലെന്നും വിദ്യാര്‍ഥികളുടെ പ്രത്യേക കഴിവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുക മാത്രമാണ് ചെയ്യുന്നതെന്നും വിദ്യാര്‍ഥികള്‍, അധ്യാപകര്‍, മാതാപിതാക്കള്‍ എന്നിവര്‍ മനസിലാക്കണമെന്ന് എംഎച്ച്‌ആര്‍ഡി പറയുന്നു. താല്‍പ്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് സ്വമേധയാ പരീക്ഷയില്‍ പങ്കെടുക്കാം, ഏതെങ്കിലും പ്രത്യേക വിഷയമോ കോഴ്‌സുകളോ തൊഴില്‍ മേഖലയോ വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കാന്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഉപയോഗിക്കരുതെന്നും മന്ത്രാലയം വ്യക്തമാക്കി.

ഓരോ വിദ്യാര്‍ഥിയും മറ്റൊരാളില്‍ നിന്ന് വ്യത്യസ്തമാണ്. വിദ്യാര്‍ഥികള്‍ അവരുടെ ശാരീരിക സവിശേഷതകളായ ഉയരം, ഭാരം, ശക്തി എന്നിവയ്ക്ക് പുറമെ ബുദ്ധി, അഭിരുചി, താല്‍പര്യം, വ്യക്തിത്വം തുടങ്ങിയ മാനസിക സവിശേഷതകളിലും വ്യത്യസ്തരാണെന്ന് മാനവ വിഭവശേഷി വികസന വകുപ്പുമന്ത്രി മന്ത്രി രമേഷ് പൊഖ്രിയാല്‍ പറഞ്ഞു.

ടെസ്റ്റ് മൊഡ്യൂളിന്റെ നിര്‍മ്മാണവും സ്റ്റാന്‍ഡേര്‍ഡൈസേഷനും സംബന്ധിച്ച വിശദാംശങ്ങള്‍ ടെക്‌നിക്കല്‍ മാനുവലിനൊപ്പം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ കൂടുതല്‍ മികച്ച ഫലം ലഭിക്കുന്നതിനായി രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ 11 വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നും 5491 വിദ്യാര്‍ഥികളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അഭിരുചി പരീക്ഷയുടെ മാനദണ്ഡങ്ങള്‍ വികസിപ്പിച്ചത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് ടെസ്റ്റ് ബുക്ക്ലെറ്റിന്റെയും മാനുവലിന്റെയും സോഫ്റ്റ് കോപ്പി (പിഡിഎഫ്) സിബിഎസ്‌ഇ, എന്‍സിആര്‍ടി എന്നിവയുടെ ഔദ്യോഗിക വെബ്സൈറ്റുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.
Don't Miss
© all rights reserved and made with by pkv24live