Peruvayal News

Peruvayal News

നല്ല ശീലങ്ങൾ:ഭാഗം : 15 വൃത്തിയും വെടിപ്പും വേണം


നല്ല ശീലങ്ങൾ:
ഭാഗം  : 15  
വൃത്തിയും വെടിപ്പും വേണം 

പ്രിയ വിദ്യാർത്ഥികളെ ,
മനസ്സു നന്നാവട്ടെ .
എല്ലാ മതങ്ങളും വൃത്തിയായി നടക്കണമെന്ന് അനുശാസിക്കുന്നുണ്ട് . വൃത്തി വിശ്വാസത്തിന്റെ ഭാഗമാണ് എന്നത് ഒരു മഹത് വചനമാണ് .
മുടിയും താടിയും ജട കുത്തി നടക്കുന്നവരെ ആരും ഇഷ്ടപ്പെടില്ല . ഇന്നത്തെ ചില യുവാക്കൾ പെൺകുട്ടികളെ പോലെ മുടി വളർത്തുന്നുണ്ട് . പ്രത്യേക ഹെയർ ബാൻഡ് വെച്ചു ഒതുക്കി വെക്കുകയാണിവർ . ചിലർ പിന്നിലേക്ക് ഒതുക്കി കെട്ടി വെക്കുന്നു . ആണും പെണ്ണും തിരിയാത്ത കാലം . കേരളീയ വേഷ വിധാനത്തിൽ ഇതു പോലെ കോലം കെട്ടൽ  കാണാൻ കഴിയില്ല . ചില യുവാക്കളുടെ കയ്യിൽ തണ്ടയും ചരടും കാണാം .കാതു കുത്തിയവരും ഉണ്ട് . മൊത്തത്തിൽ വൃത്തിയും വെടിപ്പും ഇല്ലാത്ത മട്ട് .രക്ഷിതാക്കളുടെയും അധ്യാപകരുടെയും വാക്കുകൾക്ക് യാതൊരു വിലയും കൽപ്പിക്കുന്നില്ല .
സ്വന്തം ശരീരവും മറ്റവയവങ്ങളും വൃത്തിയായി കൊണ്ടു നടക്കൽ അത്യന്താപേക്ഷിതമാണ് . സ്ത്രീകളെ പോലെ ആണുങ്ങൾ മുടി നീട്ടുന്നത് ക്ഷന്തവ്യമല്ല . എല്ലാറ്റിനും ഓരോ വ്യവസ്ഥിതിയുണ്ട് . ആണും പെണ്ണും കെട്ട കോലം കെട്ടാതിരിക്കലല്ലേ നല്ലത് .
നമ്മുടെ വീടും പരിസരവും വൃത്തിയായി കൊണ്ടു നടക്കണം . വൃത്തിഹീനമായാൽ രക്ഷിതാക്കൾ മാത്രമല്ല അതിനുത്തരവാദികൾ .വീട്ടിലെ ഓരോ അംഗവും ഇക്കാര്യം ശ്രദ്ധിച്ചാൽ കാര്യം എളുപ്പമാകും .ഉറക്കിൽ നിന്നും എഴുന്നേറ്റു വരുമ്പോൾ തന്നെ വിരിയും പുതപ്പും മടക്കി ഒതുക്കി വെക്കുക . പഠന മുറിയിൽ പഠനോപകരണങ്ങൾ ഒതുക്കത്തോടെയും വൃത്തിയിലും വെക്കുക . എല്ലാറ്റിനും അടുക്കും ചിട്ടയും വേണം .
ഒരാൾ നമ്മുടെ വീട്ടിൽ വന്നാൽ , അയാൾക്ക് നമ്മെ പറ്റി മതിപ്പ് തോന്നണം . നിങ്ങൾ താടിയും മുടിയും നീട്ടുകയും ,പഠനോപകരണങ്ങൾ വാരിവലിച്ചിടുകയും ചെയ്താൽ ,മറ്റുള്ളവർക്ക് നിങ്ങളെ പറ്റി അവജ്ഞയാണ് തോന്നുക . ടോയ്‌ലറ്റും ബാത്റൂമും വാഷിംഗ് ബേസിനും മറ്റും കഴുകി വൃത്തിയാക്കാൻ അമ്മയെ തന്നെ കാത്തിരിക്കരുത് .വീട്ടിലെ എല്ലാ അംഗങ്ങൾക്കും ആ പണി ചെയ്യാം .
പറമ്പിലും മറ്റും കെട്ടി നിൽക്കുന്ന വെള്ളം ഉണ്ടാവരുത് . ഇതിൽ കൊതുക് വളർന്നു പകർച്ചവ്യാധികൾ പടരാൻ ഇടയാകും . മുറ്റം മുറ്റമായി തന്നെ നിൽക്കട്ടെ ,കാടു നിറയരുത് . വൃത്തികേട്  എവിടെ കണ്ടാലും അതില്ലാതാക്കാനുള്ള മാർഗം കണ്ടെത്തണം . മലിന ജലം തുറസ്സായ സ്ഥലത്തേക്ക് ഒഴുക്കരുത് . മണ്ണിര കമ്പോസ്റ്റ് പോലുള്ളവ ഉണ്ടായാൽ അടുക്കള അവശിഷ്ടങ്ങൾ അതിലിടാം . അത് പിന്നീട് വളമായി ഉപയോഗിക്കാം .ഈ വൃത്തിയും വെടിപ്പും ക്ലാസ്സ്‌ റൂമിലും സ്കൂൾ പരിസരത്തും ഉണ്ടാവണം .വൃത്തി മാന്യതയുടെ അടയാളമാണ് .
ചുറു ചുറുക്കുള്ള കുട്ടികളാവുക .

             എ.ആർ.കൊടിയത്തൂർ 
                  Ghss പെരിങ്ങൊളം ,
                      കോഴിക്കോട് ,
                      9605848833
                          
Don't Miss
© all rights reserved and made with by pkv24live