സഹായി സാന്ത്വനം ഡേ
കോഴിക്കോട്:
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാവുക എന്ന സന്ദേശം പകർന്ന് എസ് വൈ എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സാന്ത്വനം ക്യാമ്പയിൻ നാളെ ആരംഭിക്കും.
എസ് വൈ എസിന്റെ കീഴിൽ നടന്നുകൊണ്ടിരിക്കുന്ന സാന്ത്വനം പ്രവർത്തനങ്ങൾക്കും കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ചു നടക്കുന്ന സഹായി വാദിസലാമിന്റെ പദ്ധതികൾക്കും ഫണ്ട് സമാഹരിക്കുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
സൗജന്യ ഡയാലിസിസ്, മരുന്നു വിതരണം, അന്നദാനം, ആംബുലൻസ് സർവീസ്, മയ്യിത്ത് പരിപാലനം, വളണ്ടിയർ സേവനം, രക്തദാനം, ഭവന നിർമാണം, ചികിത്സ സഹായം തുടങ്ങിയ ബഹുമുഖ സേവനങ്ങളാണ് സാന്ത്വനം സമിതിയുടെയും സഹായിയുടെയും നേതൃത്വത്തിൽ നടന്നുവരുന്നത്. പൊതുജനങ്ങളിൽ നിന്ന് സമാഹരിക്കുന്ന സംഭാവനകളാണ് സാന്ത്വനം-സഹായി പ്രവർത്തനങ്ങളുടെ മുഖ്യ ആശ്രയം. ഓരോ മാസവും നൂറുകണക്കിന് പാവങ്ങൾക്കാണ് വിവിധ ആവശ്യങ്ങൾക്കായി സഹായം നൽകുന്നത്. കോവിഡ് മഹാമാരിയുടെ കാലത്തും വിശ്രമമില്ലാത്ത സേവനപ്രവർത്തനങ്ങളാണ് സഹായി, സാന്ത്വനം സമിതികളുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. ക്യാമ്പയിനിന്റെ ഭാഗമായി ജൂലൈ 16 വെള്ളിയാഴ്ച സഹായി - സാന്ത്വനം ഡേ ആയി ആചരിക്കും. ഫണ്ട് സമാഹാരണത്തിന്റെ ഉദ്ഘാടനം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മർകസിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് അബ്ദുറഷീദ് സഖാഫി കുറ്റ്യാടി ഫണ്ട് ഏറ്റുവാങ്ങി. ചടങ്ങിൽ അലവി സഖാഫി കായലം, ഹകീം മുസ്‌ലിയാർ കാപ്പാട്, ഡോ. അബൂബക്കർ നിസാമി എന്നിവർ പങ്കെടുത്തു.
