Peruvayal News

Peruvayal News

ഇനിമുതൽ 45 മിനിറ്റിനുള്ളിൽ പലചരക്ക് സാധനങ്ങൾ വീട്ടിലെത്തും…

            Business News
ഫ്ലിപ്കാർട്ടിന്റെ പുതിയ തന്ത്രങ്ങൾ; ഇനിമുതൽ 45 മിനിറ്റിനുള്ളിൽ പലചരക്ക് സാധനങ്ങൾ വീട്ടിലെത്തും…



ഓൺലൈൻ കച്ചവടങ്ങൾ പൊടിപൊടിക്കുന്ന കാലമാണ്. മിക്കവരും എല്ലാ ആവശ്യങ്ങൾക്കും ഓൺലൈൻ സംവിധാനമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ബാങ്കിങ്ങും ഷോപ്പിങ്ങും തുടങ്ങി ഓൺലൈനായി ഡോക്ടർ കൺസൾട്ടൻസി വരെ ഇന്ന് സാധ്യമാണ്. അതുകൊണ്ട് തന്നെ ഈ മേഖലയിൽ പിടിച്ച് നിൽക്കണമെങ്കിൽ കമ്പനികൾക്ക് പുതിയ തന്ത്രങ്ങൾ മെനഞ്ഞെ മതിയാകു. നമുക്ക് അറിയാം ഓൺലൈൻ ഷോപ്പിങ്ങാനായി ഇന്ന് ഏറ്റവും പ്രചാരത്തിലുള്ള സംവിധാനങ്ങളാണ് ആമസോണും ഫ്‌ളിപ്കാര്‍ട്ടും റിലയന്‍സിന്റെ ജിയോമാര്‍ട്ടും എല്ലാം. ഈ മേഖലയിൽ മുന്നിട്ട് നിൽക്കാൻ പരസ്പരം ഓട്ടത്തിലാണ് എല്ലാ കമ്പനികളും.

വിപണിയിൽ മുന്നേറാൻ പുതിയ തന്ത്രങ്ങൾ പരീക്ഷിക്കാൻ ഒരുങ്ങുകയാണ് ഫ്ലിപ്പ്കാർട്ട്. ഫ്ലിപ്പ്കാർട്ടിന്റെ ഹോം ഡെലിവറി സർവീസായ ‘ഫ്ലിപ്പ്കാർട്ട് ക്വിക്ക് ഡെലിവറി സർവീസ്’. വെറും 45 മിനിറ്റിനുള്ളിൽ പലചരക്ക് സാധനങ്ങൾ ഡോർ ഡെലിവറി ചെയ്യും. ഉപഭോക്താക്കൾക്ക് പെട്ടെന്ന് സാധനങ്ങൾ എത്തിച്ച് ഇങ്ങോട്ടേക്ക് ആളുകളെ ആകർഷിക്കാൻ വേണ്ടിയാണ് 90 മിനുട്ടിൽ നിന്ന് കുറച്ച് 45 മിനിറ്റായി ഡെലിവറി സമയം കുറച്ചിരിക്കുന്നത്. ഇപ്പോൾ ബെംഗളൂരുവിലാണ് സർവീസ് ഉള്ളത്. വരും മാസങ്ങളിൽ കൂടുതൽ നഗരങ്ങളിലേക്ക് ഇത് ലഭിക്കും.

മറ്റു കമ്പനികൾ 15-20 മിനുട്ടിനുള്ളിൽ ഡെലിവറി നടത്തുമ്പോഴാണ് ഫ്‌ളിപ്പ്ക്കാർട്ട് ഇത് 45 മിനുട്ടായി കുറിച്ചിരിക്കുന്നത്. തങ്ങളുടെ ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള സേവനങ്ങൾ നൽകാനാണ് കമ്പനി ഡെലിവറി സമയം 45 മിനുട്ടായി നിശ്ചയിച്ചിരിക്കുന്നത്. 10-20 മിനിറ്റിനുള്ളിൽ ഡോർ ഡെലിവറി മോഡലല്ലെന്ന് വിലയിരുത്തി കൊണ്ടാണ് കമ്പനി ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടതെന്ന് ഫ്ലിപ്പ്കാർട്ട് സിഇഒ കല്യാൺ കൃഷ്ണമൂർത്തി പറഞ്ഞു.

നിലവിൽ 14 നഗരങ്ങളിൽ 90 മിനുട്ട് ദൈർഘ്യമുള്ള സേവനം ലഭ്യമാണ്. 2022 അവസാനത്തോടെ ഇത് 200 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് പദ്ധതി. ഹൈദരബാദ്, ബാംഗ്ലൂർ എന്നിവിടങ്ങളിൽ മാത്രമാണ് ഇപ്പോൾ ഫ്രഷ് വെജിറ്റബിൾ, പഴയങ്ങൾ എന്നിവ വീടുകൾ എത്തിക്കുന്നത്. അധികം വൈകാതെ തന്നെ ഇത് മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. രണ്ട് വർഷം മുമ്പ് ബെംഗളൂരുവിലാണ് ആദ്യമായി ‘ഫ്‌ളിപ്കാര്‍ട്ട് ക്വിക്’ അവതരിപ്പിച്ചത്.
Don't Miss
© all rights reserved and made with by pkv24live