Peruvayal News

Peruvayal News

ഖത്തറിൽ നിന്നും....എ ആർ കൊടിയത്തൂർ.....ലോക കപ്പിന്നായി ഒരുങ്ങുന്ന ഖത്തർ.....

ഖത്തറിൽ നിന്നും....
എ ആർ കൊടിയത്തൂർ.....
ലോക കപ്പിന്നായി ഒരുങ്ങുന്ന ഖത്തർ.....

ലോക കാൽപന്ത് മത്സരത്തെ വരവേൽക്കാനായി ഖത്തർ ഒരുങ്ങികൊണ്ടിരിക്കുന്നു. പല ആകൃതിയിലുമുള്ള വമ്പൻ സ്റ്റേഡിയങ്ങൾ നിർമിച്ചു. ഇതിൽ കണ്ടയിനർ കൊണ്ടുണ്ടാക്കിയ സ്റ്റേഡിയവുമുണ്ട്. കളി കഴിഞ്ഞാൽ അവ മറ്റാവശ്യങ്ങൾക്കും ഉപയോഗിക്കാം. ഖത്തറിലേക്ക് മറ്റു രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഞാനും ഭാര്യ ജൂറൈനയും ഖത്തറിൽ സന്ദർശനത്തിന്നായി വരുമ്പോൾ ഒരു ദിവസത്തെ ഹോട്ടൽ കോറൻഡയിൻ ആണ് ഉണ്ടായിരുന്നത്.ഇപ്പോൾ എത്ര ദിവസം ഖത്തറിൽ നിൽക്കുന്നുവോ അത്രയും ദിവസം ഹോട്ടൽ കൊറൻഡയിൻ വേണം. 
ഖത്തറിലേക്കുള്ള വരവ് നിയന്ത്രിച്ചിരിക്കുകയാണ്.
അടുത്ത നവംബർ 21ന് തുടങ്ങുന്ന ഫിഫ വേൾഡ് കപ്പിൽ 32 ടീമുകളാണ് കളിക്കുക. ലോക കപ്പിന്റെ 92 വർഷത്തിന്നിടെ ആദ്യമായാണ് ടീമുകളെ തെരഞ്ഞെടുക്കാൻ നറുക്കെടുപ്പ് നടത്തിയത്. ഫിഫയുടെ പുതിയ റാങ്കിങ്ങിൽ ബ്രസീൽ ആണ് ഒന്നാമത്. ബെൽജിയം രണ്ടാമതും ഫ്രാൻസ് മൂന്നാമതും അർജന്റീന നാലാമതുമാണ്. ഡിസംബർ 18 ന് ഫൈനൽ മത്സരം നടക്കും.

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽത്താനി നേതൃത്വം നൽകുന്ന വേൾഡ് കപ്പ് ഫുട്‌ബോളിന്റെ മത്സര ക്രമ പട്ടിക ഫിഫ ഔദ്യോഗികമായി അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറുമായി അൽബയ്ത് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുന്നതാണ്.
ഖത്തറിലെ ഒട്ടുമിക്ക ഫുട്‌ബോൾ പ്രേമികളും കളി കാണാനുള്ള ടിക്കറ്റ് കൈവശപ്പെടുത്തിയിട്ടുണ്ട്. ഖത്തറിലുള്ള മകൾ ജസ്‌നയുടെ ഭർത്താവ് അമീർ ഷാജി നല്ലൊരു ഫുട്ബാൾ പ്രേമിയാണ്.അതുപോലെ മകൻ ജസീമിന്റെ ഭാര്യ ഹന ഹാറൂൻ നല്ലൊരു ആസ്വാദകയുമാണ്. അവരും നേരത്തെ ടിക്കറ്റ് എടുത്തിട്ടുണ്ട്. വിശ്വ മേളയുടെ ഗാലറി ഇരിപ്പിടങ്ങളിലേക്കാണ് ഫുട്ബാൾ ആരാധകർ ടിക്കറ്റ് ഉറപ്പിച്ചിരിക്കുന്നത്. ഖത്തറിൽ താമസക്കാരായവർക്ക് ലോക കപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വിലക്കുറവിലാണ് സംഘാടകർ ടിക്കറ്റ് വിൽപ്പന നടത്തിയത്. ഖത്തറിലുള്ളവർക്ക് വിസ കാർഡ് വഴി മാത്രമാണ് ടിക്കറ്റ് നൽകിയത്. ഗ്രൂപ്പ്‌ ഘട്ടത്തിൽ ഒരു ദിവസം നാലു മത്സരങ്ങൾ വീതമുണ്ടാവും. സ്റ്റേഡിയങ്ങൾ തമ്മിൽ വലിയ അകലമില്ലെന്ന് കണക്കിലെടുത്താണ് ഒരു ദിവസം നാല് മത്സരങ്ങൾ നടത്താൻ ഫിഫ തയ്യാറായത്.ആദ്യ മത്സരം ഇന്ത്യൻ സമയം വൈകിട്ട് 3.30ന് ആയിരിക്കും. തുടങ്ങുക. നാലാമത്തെ മത്സരം ഇന്ത്യൻ സമയം രാത്രി 12.30ന് ആയിരിക്കും ആരംഭിക്കുക.
60000പേർക്ക് ഇരിക്കാവുന്ന അൽകോറിലെ അൽബയ്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ലുസൈൽ സ്റ്റേഡിയത്തിലാണ് കലാശക്കൊട്ട്. രണ്ടാം തവണയാണ് ലോക കപ്പ് ഒരു ഏഷ്യൻ രാജ്യത്ത് വന്നെത്തുന്നത്. ഖത്തറിലെ ഏത് വഴിയിലൂടെ സഞ്ചരിച്ചാലും ഫിഫ ലോക കപ്പിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകളാണ് കാണാൻ കഴിയുന്നത്.
ഫുഡ്ബോൾ മാമാങ്കത്തിന്റെ വേദികർ ഒരുക്കാനും രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിന്നുമായി 200ബില്യൺ റിയാൽ (നാലു ലക്ഷം കോടിയിലേറെ രൂപ )ചെലവഴിച്ചിട്ടുണ്ടെന്നാണ് മത്സര നടത്തിപ്പിന് വേണ്ടി രൂപീകരിച്ച ഏകോപന സമിതിയായ സുപ്രീം കൗൺസിൽ ഫോർ ഡെലിവറി ആന്റ് ലെഗസി നൽകുന്ന കണക്ക്.
ലോക കപ്പ് വേദി പ്രഖ്യാപിക്കുമ്പോഴത്തെ ഖത്തറല്ല ഇന്നത്തേത്. അത്രയേറെ മാറ്റങ്ങളാണ് ഈ രാജ്യത്ത് ഉണ്ടായിട്ടുള്ളത്.
ലോക കപ്പിന്റെ വേദിയായി ഖത്തറിനെ പ്രഖ്യാപിക്കുമ്പോൾ അന്താരാഷ്ട്ര മത്സരങ്ങൾ നടത്താൻ സൗകര്യമുള്ള ഒരൊറ്റ സ്റ്റേഡിയമേ രാജ്യത്തുണ്ടായിരുന്നുള്ളൂ.1978ൽ രാജ്യത്തിനു സമർപ്പിച്ച ഖലീഫ ഇന്റർ നാഷണൽ മൾട്ടി പർപസ് സ്റ്റേഡിയമായിരുന്നു അത്.40000കാണികളെ ഉൾകൊള്ളാനുള്ള സൗകര്യവും ഉഷ്ണകാലത്ത് ശീതീകരണ സംവിധാനത്തിലൂടെ മത്സരങ്ങൾ നടത്താനുള്ള സംവിധാനവും ഇവിടെയുണ്ട്.
പടുകൂറ്റൻ തമ്പിന്റെ ആകൃതിയിൽ നിർമിച്ചിരിക്കുന്ന അൽബയ്ത് സ്റ്റേഡിയം പൗരാണിക കാലത്തെ അറേബ്യൻ നാടോടികളുടെ ജീവിതത്തെ പ്രതിനിധീകരിക്കുന്നു. സ്റ്റേഡിയത്തിന്ന് പുറത്ത് സജ്ജീകരിച്ച അതി മനോഹരമായ ഉദ്യാനം ഏറെ ആകർഷണീയമാണ്. ഈ സ്റ്റേഡിയത്തിൽ 60000പേർക്ക് ഇരിക്കാം. ഷിപ്പിംഗ് കണ്ടയിനറുകൾ ഉപയോഗിച്ച് തുറമുഖത്തെ കടൽ തീരത്തോട് ചേർന്ന് നിർമിച്ചിരിക്കുന്ന സ്റ്റേഡിയം 974അറേബ്യൻ ഗൾഫിലെ തുറമുഖ പട്ടണമായ ദോഹയുടെ ചരിത്രപരമായ സവിശേഷതകളെ പ്രതിനിധീകരിക്കുന്നു. രാജ്യത്തിന്റെ ടെലഫോൺ കോഡ് ആണ് 974. ലോക കപ്പ് പദ്ധതിയുടെ ഭാഗമായി നിർമിച്ച പുതിയ നഗരമായ ലുസൈലിലാണ് ലോക കപ്പിലെ ഏറ്റവും വലിയ സ്റ്റേഡിയം നില കൊള്ളുന്നത്. അറേബ്യൻ കരകൗശല  നിപുണതയുടെ സുവർണ കാലത്തെ അടയാളപ്പെടുത്തുന്ന ഈ സ്റ്റേഡിയത്തിൽ 80000ഇരിപ്പിടങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മത്സ്യ ബന്ധന മേഖലയായ അൽവക്രയിൽ നിർമിച്ച അൽ ജനൂബ് സ്റ്റേഡിയത്തിൽ ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലും മത്സരങ്ങൾ നടത്തുന്നതിനുള്ള കൂളിംഗ് സംവിധാനം ഒരുക്കിയിട്ടിട്ടുണ്ട്. അടക്കാനും തുറക്കാനും കഴിയുന്ന മേൽക്കൂരയുള്ളതിനാൽ ഏത് കാലാവസ്ഥയിലും ഇവിടെ മത്സരങ്ങൾ സംഘടിപ്പിക്കാം. അറേബ്യൻ പത്തെമാരിയുടെ ആകൃതിയിൽ നിർമിച്ചമനോഹര സ്റ്റേഡിയത്തിൽ 40000പേർക്കുള്ള ഇരിപ്പിടമാണ് ഒരുക്കിയിട്ടുള്ളത്.
രത്‌നത്തിന്റെ ആകൃതിയിൽ നിർമിച്ചിരിക്കുന്ന എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിന്റെ നിറം സൂര്യന്റെ ചലനതിന്നനുസരിച് മാറിക്കൊണ്ടിരിക്കും. ഈ രത്‌ന കൂടാരത്തിൽ 40000ഇരിപ്പിടങ്ങളുണ്ട്. റയ്യാനിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയം അതി മനോഹരമായ നിർമിതിയാണ്.40000പേർക്ക് കളി കാണാനുള്ള സൗകര്യമുണ്ട്. അറബികളുടെ പരമ്പരാഗത തൊപ്പിയുടെ രൂപത്തിൽ ഖത്തരി ആർക്കിടെക്ട് ഇബ്രാഹിം എം ജയ്ദയാണ് അൽത്തുമാമ സ്റ്റേഡിയം രൂപകല്പന ചെയ്തിരിക്കുന്നത്.40000പേർക്ക് ഇരുന്ന് കാൽപന്ത് മത്സരം കാണാം. തല്ക്കാലം ഈ കുറിപ്പ് ഇവിടെ നിർത്തുകയാണ്. ഖത്തറിൽ വിപ്ലവകരമായ വികസന പ്രവർത്തനങ്ങളാണ് നടന്നത്.
Don't Miss
© all rights reserved and made with by pkv24live