Peruvayal News

Peruvayal News

മാനസിക വൈകല്യവും പിന്നെ അപകടവും ഹസ്സൻകുട്ടിക്കയെ ചേർത്ത് പിടിച്ചു തൊഴിലാളികൾ

മാനസിക വൈകല്യവും പിന്നെ അപകടവും ഹസ്സൻകുട്ടിക്കയെ ചേർത്ത് പിടിച്ചു തൊഴിലാളികൾ

 ചെറുവാടി : നോമ്പിന്റെ അവസാനം വന്നെത്തിയ ലോക തൊഴിലാളി ദിനത്തിൽ ചുള്ളിക്കാപറമ്പിലെ തൊഴിലാളി സുഹൃത്തുക്കൾ കാരുണ്യ കിറ്റുമായി പഴംപറമ്പിലെത്തി. ചുള്ളിക്കാപറമ്പ് അങ്ങാടിയിലും പീടിക തിണ്ണയിലും സദാസമയം കാണുമായിരുന്ന മനോരോഗിയായ ഹസ്സൻകുട്ടി മൂന്ന് മാസമായി കിടപ്പിലാണ്. വലിയൊരു അപകടത്തിൽ നിന്ന് അത്ഭുദകരാവിധം രക്ഷപെട്ട അദ്ദേഹമിപ്പോൾ പഴംപറമ്പിലെ ഒറ്റമുറി വീട്ടിലുണ്ട്. മാനസിക നിലയുടെ താളം തെറ്റി രാവും പകലും വ്യത്യാസമില്ലാതെ  
അങ്ങാടിയിലൂടെ നടന്നിരുന്ന ഹസ്സൻകുട്ടിക്ക്  ചുള്ളിക്കാപറമ്പ് അങ്ങാടിയിലെ മോട്ടോർ തൊഴിലാളി യൂണിയൻ (എസ് .ടി.യു ) പ്രവർത്തകർ വീട്ടിലേക്ക് ആവശ്യമായ  വസ്തുക്കളുമായാണ് പറമ്പ് കേറിയത്   കൊടിയത്തൂർ പഞ്ചായത്ത് എസ് .ടി.യു ജനറൽ സെക്രട്ടറി ശരീഫ് അക്കരപ്പറമ്പിൽ  ഭക്ഷ്യവസ്തുക്കളും തുണിത്തരങ്ങളും അടങ്ങിയ 'തൊഴിലാളി കിറ്റ്' ഹസ്സൻകുട്ടിക്കയെ ഏൽപ്പിച്ചു.

വെയിലും മഴയും പ്രളയവും നിപ്പയും കോവിഡും മാസ്ക്കും സാനിറ്റൈസറും ലോക്ക് ഡൗണും വന്നുപോയതുപോലും അറിയാതെ  24x7 കണക്കെ അങ്ങാടിയിലെ ഏതെങ്കിലും ഒരു പീടിക കൊലായിയിൽ  ഇടവിടാതെ ബീഡിയും വലിച്ചു അങ്ങാടിക്ക് കാവലാളായി ഹസ്സൻകുട്ടിയെ കാണുമായിരുന്നു. ഒരുദിവസം അർദ്ധ രാത്രിൽ എപ്പോഴോ ഇതുവഴി പോയ അജ്ഞാത വാഹനം അദ്ദേഹത്തെ ഇടിച്ചുതെറിപ്പിച്ചു. പതിഞ്ഞെത്തിയ അപകടത്തിൽ ഒന്ന് നിലവിളിക്കാൻ പോലുമാവാതെ എല്ലുപൊട്ടി രക്തം വാർന്ന് ബസ്റ്റോപ്പിൽ കിടന്നിരുന്ന ഈ പാവത്തെ  പുലർച്ചെയാണ് നാട്ടൂകാർ കണ്ടതും  ആശുപത്രിയിൽ എത്തിച്ചതും. 

തൊട്ടടുത്തുള്ള ബന്ധുക്കളുടെ നിരീക്ഷണത്തിൽ ചെറിയൊരു വീട്ടിൽ കൂടുതൽ നടക്കാൻ ആവാതെ ഒച്ചപ്പാടില്ലാതെ നിർവികാരിതനായി ഇരിക്കുന്ന ഹസ്സൻകുട്ടിക്ക് കൂട്ടായി ഇഷ്ടക്കാരായ ബീഡിയും തീപ്പട്ടിയുമുണ്ട്. കാണാൻ  ചെന്നപ്പോൾ ആദ്യം അല്പം കർക്കശക്കാരൻ ആയെങ്കിലും  ക്രമേണ അദ്ദേഹത്തിന്റെ ശബ്ദം നേർക്കുന്നതും കണ്ണീർ ഉറ്റി വീഴുന്നതും കണ്ടു. പരസഹായമില്ലാതെ നടക്കാൻ പറ്റുമ്പോൾ ഇനിയുമെത്തും ഞാനെന്ന ഭാവത്തോടെ തിണ്ടിൽ നിന്ന് അദ്ദേഹം കസേരയിലേക്ക് മാറിയിരുന്നു. തൊഴിലാളികളായ ടി.പി മൻസൂർ, അഷ്‌റഫ് ചാലിൽ,ഷരീഫ് ടി പി, ഷറഫുദ്ധീൻ. കെ.പി, ശിഹാബ് മൂലയിൽ റഫീഖ് ടി എന്നിവർ അനുഗമിച്ചു.
Don't Miss
© all rights reserved and made with by pkv24live