Peruvayal News

Peruvayal News

പെരുമണ്ണയിൽ തുള്ളത്ത് നീർത്തടത്തിൽ നീരുറവ് നീർത്തടാതിഷ്ഠിത സമഗ്ര വികസന പദ്ധതിക്ക് തുടക്കമായി

പെരുമണ്ണയിൽ തുള്ളത്ത് നീർത്തടത്തിൽ നീരുറവ് നീർത്തടാതിഷ്ഠിത സമഗ്ര വികസന പദ്ധതിക്ക് തുടക്കമായി

പ്രകൃതിയുടെ ജീവ നാഡികളായ ജല സ്രോതസ്സുകളെ സംരക്ഷിക്കുക,ജല സുരക്ഷയും പാരിസ്ഥിക സുസ്ഥിരതയും ഭാവി തലമുറയ്ക്ക് കൂടി ഉറപ്പാക്കുക തുടങ്ങി യ ലക്ഷ്യത്തോടെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലൂടെ പെരുമണ്ണ ഗ്രാമ പഞ്ചായത്തിലെ തുള്ളത്ത് നീർത്തടത്തിൽ "നീരുറവ്" നീർത്തടാതിഷ്ഠിത സമഗ്ര വികസന പദ്ധതിക്ക് തുടക്കമായി.പദ്ധതിയുടെ തുള്ളത്ത് നീർത്തട കമ്മിറ്റി രൂപീകരണവും,പ്രാഥമിക നീർത്തട കമ്മിറ്റി യോഗവും തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്ക് തുള്ളത്ത് നീർത്തടത്തിന്റെ അതിർത്തിയായ പുവ്വോടു കുന്നിൽ വെച്ചു നടന്നു.പ്രസ്തുത പരിപാടിയിൽ പെരുമണ്ണ പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് അവരുകളുടെ അധ്യക്ഷതയിൽ കൊടുവള്ളി ബ്ലോക്ക് ബി ഡി ഒ ബിജിൻ  ജേക്കബ്‌,തൊഴിലുറപ്പ് പദ്ധതി എൻജിനീയർ വി.മജ്‌നാസ് എന്നിവർ നീരുറവ് പദ്ധതി വിശദീകരിച്ചു.നീർത്തട കമ്മിറ്റി കൺവീനർ ,വി ഇ ഒ സിംലി യോഗത്തിന് സ്വാഗതം പറഞ്ഞു.കുന്നമംഗലം ജോയിന്റ് ബി ഡി ഒ രാജീവ്,പഞ്ചായത്ത് സെക്രട്ടറി രാധിക എൻ ആർ,തുള്ളത്ത് നീർത്തടം ഉൾപ്പെടുന്ന വാർഡ് 5,6,7,8,9,10,11 ജനപ്രതിനിധികൾ,വി ഇ ഒ മാർ,തൊഴിലുറപ്പ് ടെക്‌നിക്കൽ വിഭാഗം ജീവനക്കാർ,കർഷകർ,പരിസ്‌ഥിതി പ്രവർത്തകർ,സന്നദ്ധ പ്രവർത്തകർ എന്നിവരുടെ പ്രതിനിധികൾ, എഡിഎസ്സ് ചെയർപേഴ്‌സൺ പ്രതിനിധികൾ, തൊഴിലുറപ്പ് മേറ്റുമാർ,നീർത്തട അയൽ കൂട്ടങ്ങളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.നീർത്തട കമ്മിറ്റി യോഗത്തിൽ തുള്ളത്ത് നീർത്തട പരിധിയിലെ കുന്നുകൾ ഇടിച്ചു നിയമ വിരുദ്ധമായി മണ്ണിട്ട് നികത്തുന്നതിനെ യോഗത്തിൽ പങ്കെടുത്ത പരിസ്ഥിതി വാദികൾ ശക്തമായ അമർഷം രേഖപ്പെടുത്തി.

       
 നീർത്തട കമ്മിറ്റി യോഗത്തിനു ശേഷം പുവ്വോട്‌കുന്നിൽ നിന്നും ഉത്ഭവിക്കുന്ന 1°ഓർഡർ നീർച്ചാലിൽ നിന്നും തുടങ്ങി പാറമ്മൽ,കോട്ടാഴിത്താഴം,അറത്തിൽപറമ്പ വഴി ഒഴുകുന്ന 2° ഓർഡർ തോടിനു സമാന്തരമായി നീർത്തട നടത്തം(transect walk) നടത്തി.നീരുറവ് പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ ലഭ്യമായ ഡ്രൈനേജ് മാപ്പിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ഒന്നാം ഘട്ടം നീർത്തട നടത്തം.പഴയ കാലങ്ങളിൽ ആറു അടിയോളം വീതിയുള്ള തോടുകൾ നികത്തി റോഡ് ആയി മാറിയത് കണ്ടെത്തി.നീർച്ചാലുകളിലെ വശങ്ങളിലെ പാടങ്ങൾ മണ്ണിട്ടു നികത്തിയതും ശ്രദ്ധയിൽ പെട്ടു.
തുടർന്നുള്ള ദിവസങ്ങളിൽ നീർത്തടങ്ങളിലെ ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ മറ്റു എല്ലാ നീർച്ചാലുകളിൽ നീർത്തടം നടത്തം ഉണ്ടായിരിക്കും.
       നീരുറവ് പദ്ധതിയുടെ ഭാഗമായി വിളംബര ജാഥകൾ,ഫീൽഡ് സർവ്വേകൾ,നീർത്തട അയൽ കൂട്ട യോഗങ്ങൾ,സംയോജന സാധ്യതയുള്ള വകുപ്പുകളുമായുള്ള യോഗങ്ങൾ, നീർത്തട ഗ്രാമസഭകൾ എന്നിവ സംഘടിപ്പിച്ച ശേഷമായിരിക്കും തുള്ളത്ത് നീർത്തടത്തിന്റെ സമഗ്ര വികസന പദ്ധതി തയ്യാറാക്കുക.
             പെരുമണ്ണ ഗ്രാമ പഞ്ചായത്തിലെ തുള്ളത്ത് നീർത്തടം ഉൾകൊള്ളുന്ന 435 ഹെക്ടർ പ്രദേശമാണ് കുന്നമംഗലം ബ്ലോക്കിൽ പൈലറ്റ് അടിസ്‌ഥാനത്തിൽ തെരഞ്ഞെടുത്തിരിക്കുന്നത്. ഈ നീർത്തടത്തിൽ എല്ലാ നീരുറവകളും വ്യക്തമായി അടയാളപ്പെടുത്തി കൊണ്ട് സമഗ്ര വികസനത്തിനും കാർഷികോൽപാദന വർധനവിനും മണ്ണ് ജല സംരക്ഷണത്തിന് മുൻഗണന  നൽകിക്കൊണ്ടും മണ്ണും മനുഷ്യനും സസ്യ ജന്തുജാലങ്ങളും തമ്മിലുള്ള ജൈവബന്ധം ഉറപ്പിച്ചു കൊണ്ടും ഒരു നിശ്ചിത കാലയളവിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
Don't Miss
© all rights reserved and made with by pkv24live