2022 ജൂലൈ 30 നു മായാത്ത ഓർമകളെ മാറോടണച്ചു ഞങ്ങളൊരു യാത്ര നടത്തി. എ ആർ കൊടിയത്തൂർ എഴുതുന്നു........

തിരികെ 80 യാത്ര....
2022 ജൂലൈ 30 നു മായാത്ത ഓർമകളെ മാറോടണച്ചു ഞങ്ങളൊരു യാത്ര നടത്തി. കേരളത്തിലെ പ്രശസ്ത കലാലയമായ കോഴിക്കോട് ജില്ലയിലെ ചെന്നമംഗല്ലൂർ കണക്ക് പറമ്പ് എന്ന കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ഹൈസ്കൂളിൽ പഠിച്ചു 1980 ൽ പടിയിറങ്ങിയ 17 പേരുടെ ഒരു ഒത്തു ചെരലായിരുന്നു തിരികെ 80. 

അന്ന്  പ്രഗത്ഭരായ അധ്യാപകരുടെ ശിക്ഷണത്തിൽ പഠിച്ചു വ്യത്യസ്ത സ്ഥലങ്ങളിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരായിരുന്നു ഈ സംഘത്തിൽ ഉണ്ടായിരുന്നത്. ഡോ അലിക്കുട്ടി ഒഴികെ, മറ്റു ചിലർ സർവീസിൽ നിന്നും വിരമിച്ചവരായിരുന്നു. ബിസിനസ്‌കാരും പ്രവാസികളും കമ്പനി മാനേജർമാരും സാമൂഹ്യ സേവകരും കലാകാരന്മാരും ടെലിഫിലിം ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു.
തൃശൂർ ജില്ലയിലെ ചാവക്കാടിന്നടുത്ത് മറൈൻ വേൾഡ് എന്ന പേരുകേട്ട ഒരു വലിയ അക്വാറിയ സംവിധാനം ഉണ്ടെന്നറിഞ്ഞപ്പോൾ, അത് കാണാത്ത ഞങ്ങൾ അങ്ങോട്ട് തന്നെ പോവാൻ തീരുമാനിച്ചു. പത്താം ക്ലാസ്സ്‌ കഴിഞ്ഞതിനു ശേഷം നാൽപത്തി രണ്ടു വർഷം പിന്നിട്ടപ്പോഴാണ് പലരും ഗതകാല ഓർമ്മകൾ ചികഞ്ഞെടുക്കുന്നത്. അന്നത്തെ സ്കൂൾ ക്യാമ്പസും അധ്യാപകരും ഹോസ്റ്റലും ഉമ്മർകുട്ടി കാക്കയുടെ കായപ്പവും, കുട്ടികളെയെല്ലാം ഒരു വടിക്കു മേൽ അടക്കി നിർത്തിയിരുന്ന മാഞ്ഞു മാസ്റ്ററേയും കുന്ന് കയറ്റത്തിന്റെ കിതപ്പും - എല്ലാം അമ്പത്തേഴു കഴിഞ്ഞ, മനസ്സ് ചെറുപ്പമുള്ള ഈ കൂട്ടുകാർ ഓർത്തെടുത്തു.


മറൈൻ വേൾഡ് നല്ലൊരു സംഭവമാണ്. പതിനേഴു വർഷം കൊണ്ട് പണി പൂർത്തിയാക്കിയ ഇത് ഒരു പ്രവാസി സംരംഭമാണ്. കടലിനടുത്ത് മത്സ്യങ്ങളുടെ വൈവിധ്യങ്ങളെ നന്നായി ആവിഷ്കരിച്ചിരിക്കുന്നു. ഒരു ലക്ഷത്തിലധികം വിലവരുന്ന മത്സ്യങ്ങളെ നമുക്കിവിടെ കാണാം. സ്വദേശികളും വിദേശികളുമായി ധാരാളം മത്സ്യങ്ങൾ അവിടെയുണ്ട്. കണ്ണഞ്ചിപ്പിക്കുന്ന പ്രകാശ സംവിധാനങ്ങളും കലയും വരയും സാമന്വയിക്കലും നമുക്കവിടെ കാണാം. മീനിനെ കൊണ്ട് കാലിൽ കടിപ്പിക്കാം, മീനുകൾക്ക് തീറ്റ കൊടുക്കാം പോരാത്തതിന്, മീനുകളെ പിടിക്കുകയും ചെയ്യാം
നല്ലൊരു അനുഭൂതി പകർന്ന ഈ യാത്ര ഒട്ടേറെ ബാക്കി പത്രങ്ങൾ അവശേഷിപ്പിക്കുന്നു.
        എ ആർ കൊടിയത്തൂർ