Peruvayal News

Peruvayal News

അധ്യാപനം എന്നെ പഠിപ്പിച്ചത്:എ ആർ കൊടിയത്തൂർ എഴുതുന്നു.....സ്നേഹ നിധിയായ ഗൗരവക്കാരൻ

അന്ന് ബലി പെരുന്നാൾ
 മജീദ് മാസ്റ്റർക്ക് വിശ്വൻ മാഷിന്റെ വീട്ടിലായിരുന്നു .പെരുന്നാളിന്ന് സ്വന്തം വീട്ടിൽ നിന്നും കിട്ടുന്ന വിഭവങ്ങൾ എല്ലാം ഒരുക്കി മജീദിനെ മാഷ് സൽക്കരിച്ചു .അരിമുള എ .യു പി സ്കൂളിന് അടുത്ത് തന്നെ താമസമാക്കിയ കെ .കെ .വിശ്വനാഥൻ മാസ്റ്റർ പത്തു വർഷം സ്കൂളിന്റെ ഹെഡ് മാസ്റ്റർ ആയിരുന്നു .എന്റെ നാട്ടുകാരനായ മജീദിനെ ഞാൻ തന്നെയാണ് വയനാട്ടിലേക്ക് ചുരം കയറ്റിയത് .ഉർദു പഠിപ്പിക്കാൻ ആണെങ്കിലും ,ചുറു ചുറുക്ക് കണ്ടിട്ട് സ്‌കൗട്ട് തലയിൽ ഇട്ടു കൊടുത്തു .നന്നായി പാട്ടു പാടുന്ന മജീദ് മാഷിനെ എല്ലാവർക്കും ഇഷ്ടമായിരുന്നു .
ആ ബലി പെരുന്നാൾ ദിവസത്തിന്നായി ഞാൻ നാട്ടിൽ പോരാൻ ഒരുങ്ങിയപ്പോൾ വിശ്വൻ മാഷ് എന്നോട് പറഞ്ഞു .ഈ പെരുന്നാൾ മജീദിന് ഇവിടെ ആയിക്കോട്ടെ ,സ്കൂളിൽ കുറെ പണിയുണ്ട് .പാവം മജീദ് ,മാഷ് പറഞ്ഞാൽ കേൾക്കാതിരിക്കാൻ പറ്റില്ല .മുൻ മന്ത്രി കെ .കെ .രാമചന്ദ്രൻ മാസ്റ്ററുടെ അനുജനായ വിശ്വൻ മാസ്റർ കോൺഗ്രസ്സ് പാർട്ടിയുടെ വലിയ നേതാവായിരുന്നു .ജില്ലാ ജനറൽ സെക്രട്ടറി ആയിരുന്ന വിശ്വൻ മാസ്റ്ററുടെ സന്തത സഹചാരിയായിരുന്നു സോമൻ മാസ്റ്റർ .
കേണിച്ചിറ ആയിരുന്നു രണ്ടു പേരുടെയും തട്ടകം .വലിയ നേതാക്കൾ ആയതു കൊണ്ട് വലിയ പിടിപാടും ഉണ്ടായിരുന്നു .രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പ്രശ്നങ്ങൾ പരിഹരിക്കലായിരുന്നു രണ്ടു പേരുടെയും മുഖ്യ ഹോബി .
ഒരു കാര്യം ഞാൻ ശ്രദ്ധിച്ചിരുന്നു .സ്കൂൾ സമയത്തു രാഷ്ട്രീയം പുറത്തായിരുന്നു .രണ്ടു പേരും നന്നായി പഠിപ്പിക്കും അന്നുണ്ടായിരുന്ന സംസ്‌കൃതം സാർ ദാമോദരൻ മാസ്റ്റർ ആർ എസ് എസ് പ്രവർത്തകൻ ആയിരുന്നു . സ്കൂളിൽ അദ്ദേഹം മാതൃകാ അധ്യാപകൻ .
വിശ്വൻ മാഷെ ഞങ്ങൾക്കെല്ലാം പേടിയായിരുന്നു .എന്തിനായിരുന്നു പേടിച്ചിരുന്നത് എന്നെനിക്കറിയില്ല .ഞാനൊക്കെ ചില കാര്യങ്ങൾ പറയാൻ മനസ്സിൽ മെനഞ്ഞുണ്ടാക്കി ഹെഡ് മാസ്റ്റർ ചെയറിന്റ അടുക്കൽ ചെല്ലും .പറഞ്ഞു തുടങ്ങുമ്പോൾ സാർ തല ഉയർത്തി "ങ്‌ഹേ "എന്നു ചോദിക്കും .അതോടെ എല്ലാം പോകും .പിന്നെ രണ്ടാമത് മെനഞ്ഞുണ്ടാക്കി പറയണം .
ധാരാളം ഉന്നത ബന്ധങ്ങൾ സാറിനുണ്ടായിരുന്നു .അതിന്റെ ഗുണം ഞങ്ങൾക്ക് നന്നായി ലഭിച്ചിട്ടുണ്ട് .ഇപ്പോഴും കിട്ടി കൊണ്ടിരിക്കുന്നു .മാഷിനെ കാണാൻ പല പോലീസ് ഉദ്യോഗസ്ഥരും വരാറുണ്ടായിരുന്നു. കുറച്ചു മുമ്പ് ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്നെ കണ്ടു മുട്ടിയപ്പോൾ നിങ്ങൾ വയനാട്ടിൽ ഉണ്ടായിരുന്നില്ലേ എന്നാണ് ചോദിച്ചത് .
വിദ്യാഭ്യാസ ഓഫീസുകളിൽ നിന്നും ശരിയാവേണ്ട കാര്യങ്ങൾ ഞങ്ങൾക്ക് പെട്ടെന്ന് ശരിയാകുമായിരുന്നു .
ആരോടും മുഖത്ത് നോക്കി കാര്യങ്ങൾ തുറന്നു പറയുന്ന പ്രകൃതമാണ് മാഷിന്റേത് .ഡി പി ഇ പി നടപ്പാക്കിയ കാലം .ചെറിയ ക്ലാസ്സുകളിൽ അക്ഷരത്തിന്നു  പ്രാധാന്യം കൊടുക്കേണ്ട ,വാക്കുകൾ പഠിപ്പിച്ചാൽ മതി എന്നതായിരുന്നു പുതിയ രീതി .ഞങ്ങൾ പഴയ രീതിയിൽ അക്ഷരം പഠിപ്പിച്ചു കൊണ്ട് തന്നെ ക്ലാസ്സ്‌ തുടർന്നു .ഒരിക്കൽ ഒരു ട്രെയിനർ വന്നു മാഷുമായി ഈ വിഷയത്തിൽ സംവദിച്ചു .ഞങ്ങൾ ഇങ്ങനെയേ പഠിപ്പിക്കൂവെന്ന് സാർ ശക്തമായ ഭാഷയിൽ പറഞ്ഞു .
സാറിന്റെ നിലപാട് ആയിരുന്നു ശരിയെന്നു കാലം തെളിയിച്ചു .മാനേജർ ദിവാകരൻ അവർകളിൽ സമ്മർദ്ദം ചെലുത്തി ,സ്കൂളിൽ ധാരാളം പുരോഗതിയുണ്ടാക്കി .വിശ്രമ ജീവിതം നയിക്കുന്ന സാറിന്ന് എന്നും താങ്ങും തുണയുമായി മീനങ്ങാടി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ മലയാളം അധ്യാപികയായി സേവനം ചെയ്തു വിരമിച്ച രാജമ്മ ടീച്ചറുണ്ട് .മാതാപിതാക്കളുടെ ഇഷ്ട ഭാജനങ്ങളായ സന്ധ്യയും സിന്ധുവും സ്നേഹം ചൊരിഞ്ഞു കൊണ്ടേയിരിക്കുന്നു .കാനഡയിൽ ഒന്റാറിയോ എന്ന സ്ഥലത്ത് ഫുഡ്‌ ക്വാളിറ്റി അശ്യുറൻസ് ടെക്‌നീഷ്യൻ ആയി ജോലി ചെയ്യുന്ന മകൾ സിന്ധു മോൾ ഭർത്താവ്  CNC പ്രോഗ്രാമറായ വിനോദിനോടൊപ്പം കഴിയുന്നു. മകൾ സന്ധ്യാ റാണി ബാംഗ്ലൂരിൽ സീനിയർ ക്ലിനിക്കൽ ഡാറ്റാ കോർഡിനേറ്ററായി ജോലി ചെയ്യുന്നു.ഭർത്താവ് സുശാന്ത്‌ സൈബർ സെക്യൂരിറ്റി മാനേജരായി സേവനം ചെയ്യുന്നു.
സേവന നിരതനായിരുന്ന മാഷ് ഇന്നും മറ്റുള്ളവർക്ക് വേണ്ടിയാണ് ജീവിക്കുന്നത്. തികഞ്ഞ കോൺഗ്രസുകാരനായ സാർ വളരെ കാലം പൂതാടി ഗ്രാമ പഞ്ചായത്ത്‌ ഭരണ സമിതിയിൽ അംഗമായിരുന്നിട്ടുണ്ട്. അതിനിടയിൽ പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌ പദവികൾ അലങ്കരിച്ചിട്ടുണ്ട്.സെൻട്രൽ ടീ ബോർഡ് മെമ്പർ, സ്റ്റേറ്റ് കോപറേറ്റിവ് ബാങ്ക് മെമ്പർ, കോഴിക്കോട് ടെലിഫോൺ അഡ്വായ്‌സറി ബോർഡ് മെമ്പർ, വയനാട് ഡിസ്ട്രിക്ട് കോപ്പറേറ്റീവ് ബാങ്ക് മെമ്പർ തുടങ്ങിയ നിരവധി സ്ഥാനങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്.ഞങ്ങൾ കാണുന്ന അന്ന് മുതൽ മാഷിന്ന് ഒരു പണിയുണ്ട്. മറ്റുള്ളവരുടെ പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ചു കൊടുത്ത് അകന്നു നിൽക്കുന്നവരെ അടുപ്പിക്കാൻ മാഷ് ശ്രമിച്ചിരുന്നു ഇന്നും സാർ അക്കാര്യത്തിൽ ആത്മ നിർവൃതി അടയുന്നുണ്ട്.34വർഷക്കാലമായി  പൂതാടി സർവീസ് കോപ്പറേറ്റീവ് ബാങ്ക് മെമ്പറാണ്.14 വർഷം പ്രസിഡന്റ് സ്ഥാനത്ത്. ഇപ്പോഴും ആ പദവിയിൽ തുടരുന്നു.തന്റെ ജീവിത കാലം മുഴുവൻ ജന സേവനത്തിൽ ഏർപ്പെടാനാണ് വിശ്വൻ മാസ്റ്ററുടെ ഉള്ളിലിരിപ്പ്.
Don't Miss
© all rights reserved and made with by pkv24live