Showing posts with label Education News. Show all posts
Showing posts with label Education News. Show all posts

നല്ല ശീലങ്ങൾ: ഭാഗം : 23ആത്മ വിശ്വാസത്തോടെ മുന്നോട്ട്...!

No comments

നല്ല ശീലങ്ങൾ:
 ഭാഗം : 23
ആത്മ വിശ്വാസത്തോടെ മുന്നോട്ട്...!


പ്രിയ വിദ്യാർത്ഥികളെ ,
മനസ്സു നന്നാവട്ടെ .
കഴിഞ്ഞ ദിവസം ആത്മവിശ്വാസം ഇല്ലാത്ത ആളുടെ രോദനം ഈ കുറിപ്പിലൂടെ നിങ്ങൾ വായിച്ചു . അദ്ദേഹത്തിന് ആത്മവിശ്വാസം കൈവന്നാൽ എങ്ങിനെ ഉണ്ടാവുമെന്ന് നമുക്ക് നോക്കാം . " ഞാൻ എൻജിനിയറിങ് ബിരുദധാരിയായ ഒരു യുവാവാണ് .ഇംഗ്ലീഷിൽ മോശമായതിനാൽ പ്ലസ് ടുവിൽ എത്തിയപ്പോൾ കുറച്ചു ബുദ്ധിമുട്ട് ഉണ്ടായി .മനസ്സു തളർന്നു .ഒന്നിനും കൊള്ളില്ലെന്ന തോന്നലൊക്കെ ഉണ്ടായി .പക്ഷേ ,അതു ഞാൻ തിരിച്ചറിഞ്ഞു .ആ ചിന്തയുമായി ഞാൻ കലഹിച്ചു ,പോരടിച്ചു .സത്യത്തിൽ പാഠ്യ വിഷയങ്ങൾ എനിക്ക് മറ്റുള്ളവരെക്കാൾ നന്നായി മനസ്സിലാകുമായിരുന്നു .എനിക്ക് കഴിയുമെന്ന വിശ്വാസത്തോടെ ഞാൻ പോരാടി .നല്ല മാർക്ക് വാങ്ങി .എൻജിനീയറിങ്ങിന്  പ്രവേശനം നേടി .എഴുപത്തിയഞ്ചു ശതമാനം മാർക്ക് വാങ്ങി .ആശയ വിനിമയത്തിൽ എനിക്ക് മികവ് പോരാ  .അതു കൊണ്ട് ചില അഭിമുഖങ്ങൾ നന്നായി ചെയ്യാൻ പറ്റിയില്ല .ഇതാണ് എന്റെ ഇപ്പോഴത്തെ പോരായ്മ .സാരമില്ല ,അത് ഞാൻ ശരിയാക്കും .താമസിയാതെ ഞാൻ നല്ല ജോലി വാങ്ങും ." 
ഓരോരുത്തർക്കും അവരവരെ കുറിച്ച് സ്വയം ഒരു വിലയിരുത്തലും ബോധ്യവും ഉണ്ടാകും .അതിന്റെ അടിസ്ഥാനത്തിൽ ആണ് ജീവിതത്തിലെ സകല കാര്യങ്ങളിലും നാം ഇടപെടുന്നത് .അവരവരെ കുറിച്ചും ,സ്വന്തം സാഹചര്യങ്ങളെ കുറിച്ചും ,സാധ്യതകളെ കുറിച്ചുമുള്ള ശരിയായ ധാരണകളാണ് ആത്മ ബോധം എന്നു പറയാം .ആത്മ ബോധത്തിൽ നിന്നാണ് ആത്മ വിശ്വാസമുണ്ടാകുന്നത് .തന്നെ കുറിച്ചു തന്നെയുള്ള ഉത്തമ ബോധ്യമാണ് അത് .അതിന്റെ അടിസ്ഥാനത്തിൽ ആണ് ഒരാളുടെ പെരുമാറ്റവും പ്രവൃത്തികളും .
മറ്റുള്ളവർ പരിഹസിക്കുകയോ കളിയാക്കുകയോ ചെയ്താലും നിങ്ങൾക്ക് ശരി എന്നു ബോധ്യമുള്ളത് ചെയ്യുക .കാര്യങ്ങൾ ഏറ്റെടുത്തു ചെയ്യുക .തെറ്റ് ബോധ്യപ്പെട്ടാൽ അത് അംഗീകരിക്കുക .തെറ്റിൽ നിന്നു പാഠങ്ങൾ പഠിക്കുക .സമയത്ത് ജോലികൾ ചെയ്തു തീർക്കുക .കാര്യങ്ങൾ തുറന്നു പറയുക .വേണ്ടാത്ത കാര്യങ്ങൾ തിരിച്ചറിഞ്ഞു നിരാകരിക്കുക .മറ്റുള്ളവർ പറയുന്നത് സഹിഷ്ണുതയോടെ കേൾക്കുക .ഔചിത്യത്തോടെ സംസാരിക്കുക .വിയോജിപ്പുകൾ പ്രസാദാത്മകമായും സൗമ്യമായും അവതരിപ്പിക്കുക .നല്ലത് ഭവിക്കട്ടെ .

               എ.ആർ കൊടിയത്തൂർ .
                 Ghss പെരിങ്ങൊളം .
                     കോഴിക്കോട്
                     

നല്ല ശീലങ്ങൾ , ഭാഗം :22ആത്മവിശ്വാസം അതല്ലേ എല്ലാം .

No comments
നല്ല ശീലങ്ങൾ , 
ഭാഗം :22
ആത്മവിശ്വാസം അതല്ലേ എല്ലാം .

പ്രിയ വിദ്യാർത്ഥികളെ ,
മനസ്സു നന്നാവട്ടെ .
ആത്മവിശ്വാസം ഇല്ലാത്ത ഒരാളെ നിങ്ങൾക്ക് പരിചയപ്പെടുത്താം .
" ഞാൻ എഞ്ചിനിയറിങ്ങ് ബിരുദധാരിയായ ഒരു യുവാവാണ് .എഴുപത്തിയഞ്ചു ശതമാനം മാർക്ക് നേടിയിട്ടുണ്ട് .പക്ഷേ , ജോലിക്കായുള്ള എല്ലാ അഭിമുഖത്തിലും ഞാൻ തോറ്റു പോകുന്നു .സ്കൂളിൽ പഠിച്ചത് മലയാളം മീഡിയത്തിലാണ് .അത്കൊണ്ട് തീരെ ധൈര്യമില്ല .എന്തോ ഒരു കുറവുള്ളത് പോലെ .പ്ലസ്‌ടു മുതൽ ഇങ്ങനെയാണ് .വിജയിക്കുമെന്ന വിചാരത്തോടെ പിന്നീട് ഒരു പരീക്ഷയും ഞാൻ എഴുതിയിട്ടില്ല .അത്കൊണ്ട് എനിക്ക് എപ്പോഴും ഉത്കണ്ഠയാണ് .ഇതൊക്കെയാണെങ്കിലും ഒരുവിധം മാർക്ക് എനിക്ക് കിട്ടുമായിരുന്നു .എന്റെ കഴിവിനേക്കാൾ ,ഭാഗ്യം കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് .സത്യമായിട്ടും എന്നെ ഒന്നിനും കൊള്ളില്ല .ആളുകളെ അഭിമുഖീകരിക്കാൻ എനിക്ക് ആത്മവിശ്വാസം ഇല്ല .ഞാനൊരു തികഞ്ഞ പരാജയമാണെന്ന് എനിക്ക് അറിയാം .അങ്ങനെയല്ലെന്ന് മാതാപിതാക്കളും അടുത്ത കൂട്ടുകാരും പറയാറുണ്ട് .ഒരു ക്ലാസ്സിലും തോൽക്കാതെ നല്ല മാർക്ക് വാങ്ങി എൻജിനീയറിങ് പാസ്സായില്ലേ എന്നാണ് ഇവരൊക്കെ പറയുന്നത് .എന്റെ മിടുക്ക് കൊണ്ടല്ല ഇതെന്ന് അവർക്ക് അറിയില്ലല്ലോ .എന്റെ കൂട്ടുകാർക്കുള്ള ഒരു വൈഭവവും എനിക്കില്ല .ഞാൻ ഒരു വട്ടപ്പൂജ്യമാണ് . "
ആത്മവിശ്വാസ തകർച്ചയുള്ള ഒരു വ്യക്തിയുടെ സങ്കടങ്ങളുടെ ചിത്രമാണിത് .
ആരോഗ്യകരമായ ആത്മവിശ്വാസം ജീവിത മുന്നേറ്റത്തിന്ന് പ്രേരണ നൽകുന്ന ഊർജ്ജമാണ് .ഇരുൾ വീഴ്‌ത്തുന്ന പ്രശ്നങ്ങൾക്കിടയിലും മനസ്സിൽ ശുഭാപ്‌തി വിശ്വാസം വിതറുന്ന വെളിച്ചമാണ് .രക്ഷപ്പെടാനുള്ള വഴികൾ തെളിയിക്കുന്ന ചൂണ്ടു പലകയുമാണ് ആത്മവിശ്വാസം .കൃത്യമായ സ്വയം മതിപ്പിൽ നിന്നാണ് ആരോഗ്യകരമായ ആത്മവിശ്വാസം മുള പൊട്ടുന്നത് .എല്ലാവരും അവനവനു ഒരു വില ഇടാറുണ്ട് .മറ്റുള്ളവർ ഒളിഞ്ഞും തെളിഞ്ഞുമൊക്കെ ചൊല്ലുന്ന വാക്കുകൾ ഇതിനെ സ്വാധീനിച്ചേക്കാം .അത്കൊണ്ട് നിരാശപ്പെടേണ്ട .തകർന്നു പോകാതെ കൊള്ളാവുന്ന നിരീക്ഷണങ്ങൾ ഉൾക്കൊണ്ടു തിരുത്താൻ ശ്രമിക്കാം .അതാണ് ശരിയായ വഴി .ശക്തിയെയും ശക്തികുറവിനെയും സമചിത്തതയോടെ ഉൾക്കൊള്ളുക .ഉള്ള കരുത്ത് ഫലപ്രദമായി ഉപയോഗിച്ചു ദൗർബല്യങ്ങളെ മറികടക്കുവാൻ പരിശ്രമിക്കണം .
സ്വയം മതിപ്പിനെയും ആത്മവിശ്വാസത്തെയും തകർക്കുന്ന ഒത്തിരി കാര്യങ്ങൾ ജീവിതത്തിൽ ഉണ്ടായികൊണ്ടിരിക്കും .പൊരുതുവാനുള്ള തന്റെടമുണ്ടെന്ന വിശ്വാസത്തെ ചങ്ങാതിയായി കൂട്ടി നേരിടുകയാണ് ചെയ്യേണ്ടത് .പോരായ്മകൾക്കിടയിലും നിങ്ങൾക്ക് ശക്തികൾ ഉണ്ടെന്ന് മനസിലാക്കുക .ഞാൻ കൊള്ളാവുന്ന വ്യക്തിയാണെന്ന് മനസ്സിലുറപ്പിച്ചു ,പ്രസാദാത്മകമായ ചിന്തകൾ മനസ്സിലേക്ക് വിന്യസിപ്പിക്കുക 

                എ .ആർ കൊടിയത്തൂർ ,
                    GHSS PERINGOLAM.
                         

നല്ല ശീലങ്ങൾ..! ഭാഗം : 21:! ശുഭാപ്‌തി വിശ്വാസത്തോടെ മുന്നേറുക....!

No comments

നല്ല ശീലങ്ങൾ..!
ഭാഗം  : 21:!
ശുഭാപ്‌തി വിശ്വാസത്തോടെ മുന്നേറുക....! 

പ്രിയ വിദ്യാർത്ഥികളെ ,
മനസ്സു നന്നാവട്ടെ .
നിങ്ങൾ ഭാവിയിൽ ആരാവണം എന്നു തീരുമാനിച്ചു കഴിഞ്ഞാൽ ,പിന്നെ ശുഭാപ്‌തി വിശ്വാസത്തോടെ മുൻഗമനം നടത്തണം .ഞാൻ വിചാരിച്ചത് എനിക്ക് എത്തിപ്പിടിക്കാൻ കഴിയുമെന്ന് ഉറച്ചു വിശ്വസിക്കണം .ഉറച്ച മനസ്സാന്നിധ്യത്തോടെയുള്ള മുന്നോട്ടുള്ള പ്രയാണം ,എല്ലാ പ്രശ്നങ്ങളെയും തട്ടിമാറ്റാൻ കഴിയും .
മുമ്പോട്ടുള്ള ജീവിതത്തിൽ പല പ്രയാസങ്ങളും ഉണ്ടാവും .വൈതരണികളെ പോസിറ്റീവ് മനസ്ഥിതിയോടെ നേരിടണം .ജീവിതത്തിൽ കടുത്ത പരീക്ഷണങ്ങൾ നേരിടുമ്പോഴും പുഞ്ചിരിയോടെ നേരിടുക എന്നത് വലിയ കഴിവാണ് .നബി തിരുമേനിയുടെ ചരിത്രം അങ്ങിനെയായിരുന്നു .സകലമാന പ്രശ്നങ്ങൾ നേരിടുമ്പോഴും പ്രവാചകനെ പുഞ്ചിരി തൂകുന്ന മുഖത്തോടെ കാണാമായിരുന്നു .
നല്ല മനസ്സോടെയും ,ഉദ്ദേശ ശുദ്ധിയോടെയും നമ്മുടെ ലക്ഷ്യ സ്ഥാനത്തെത്താൻ കഴിയും .
എനിക്ക് ഒന്നിനും കഴിയില്ല എന്നും ,എനിക്ക് ഒരു ഉയർച്ച ഉണ്ടാവില്ല എന്നും ഒരു കാരണവശാലും കരുതരുത് .നിരാശ എന്നൊന്ന് ഉണ്ടാവാനേ പാടില്ല .ഓരോരുത്തരിലും ധാരാളം കഴിവുകൾ അന്തർലീനമായിട്ടുണ്ട് .ആ കഴിവുകളെ കണ്ടെത്താനുള്ള ശ്രമമാണ് ആദ്യം നടത്തേണ്ടത് .സ്വയം തിരിച്ചറിയണം .സ്വന്തം കഴിവുകൾ മുന്നോട്ടു വരുമ്പോൾ ,കഴിവുകേടുകൾ ഉൾവലിയും .സ്വന്തം കഴിവുകളിൽ അഭിമാനം കൊണ്ടു മുന്നോട്ടു നീങ്ങുക .ഉന്നതങ്ങളിൽ വിരാചിക്കാം .
 

              എ.ആർ.കൊടിയത്തൂർ 
                   Ghss പെരിങ്ങൊളം 
                      9605848833
                         

നല്ല ശീലങ്ങൾ..! ഭാഗം :20..! വലിയ സ്വപ്നം കാണുക..!

No comments

നല്ല ശീലങ്ങൾ..!
ഭാഗം :20..!
വലിയ സ്വപ്നം കാണുക..!

ഇന്ത്യൻ രാഷ്ട്രപതിയായിരുന്ന എ .പി .ജെ .അബ്ദുൽ കലാം എന്ന അവുൽ പകിർ ജൈനുലാബിദീൻ അബ്ദുൽ കലാം എപ്പോഴും  കുട്ടികളോട് പറയുന്ന ഒരു വാചകമുണ്ട് . " നിങ്ങൾ സ്വപ്നം കാണണം ." ചെറിയ സ്വപ്നമല്ല , വലിയ സ്വപ്നമാണ് കാണേണ്ടത് .
ഇനി നിങ്ങളോട് ഞാനൊന്ന് ചോദിച്ചോട്ടെ , നിങ്ങളുടെ പഠനം കഴിഞ്ഞാൽ ,നിങ്ങൾ ആരാവണം എന്നു നിങ്ങൾ തീരുമാനിച്ചിട്ടുണ്ടോ ?. ഇല്ല , എന്നായിരിക്കും ഭൂരിഭാഗം പേരുടെയും ഉത്തരം . ചെറുപ്പത്തിൽ തന്നെ തീരുമാനിക്കേണ്ട ഒരു കാര്യമാണിത് . ഉറക്കത്തിൽ ഉള്ള സ്വപ്നമല്ല ,ഉണർന്നിരിക്കുമ്പോഴാണ് ഈ സ്വപ്നം കാണേണ്ടത് .ഏറ്റവും ഉയർന്ന തലത്തിൽ ഓരോരുത്തരും എത്തണം .പോലീസുകാരാവാൻ സ്വപ്നം കാണുന്നവർ ,ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ ആവാനാണ് സ്വപ്നം കാണേണ്ടത് .അധ്യാപകൻ ആവാൻ സ്വപ്നം കാണുന്നവർ ,കോളേജ് ലക്ച്ചറർ ആവുമെന്നെങ്കിലും കരുതണം . സാധാരണ അധ്യാപക പദവി മോശമാണെന്നു ഇതിന്നർത്ഥമില്ല .
ആരാവണം എന്നു ഒരാൾ സ്വയം തീരുമാനിച്ചു കഴിഞ്ഞാൽ അതിനനുസരിച്ചു അദ്ദേഹം സ്വന്തം മനസ്സിനെ പാകപ്പെടുത്തും .മാനസികമായി തയ്യാറാവൽ ആണ് ഏറ്റവും പ്രധാനം .പിന്നെ ചിന്തയും പ്രവർത്തനവും എല്ലാം അതിനനുസരിച്ചു രൂപപ്പെടും .സ്വന്തത്തെ മെരുക്കിയെടുത്താൽ എല്ലാം ശരിയാവും .മഹാന്മാരെല്ലാം നിരന്തര പ്രവർത്തനത്തിലൂടെ മുന്നേറിയപ്പോൾ അവർ വിചാരിച്ച പദവികൾ കയ്യടക്കി .പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ലക്ഷ്യ ബോധം ഉണ്ടായാൽ ഭാവി ഭാസുരമാകും .എ .പി .ജെ അബ്ദുൽ കലാം എഴുതി വെച്ച പുസ്തകങ്ങൾ ഉണ്ട് .അവ സംഘടിപ്പിച്ചു വായിക്കുക .ശുഭാപ്തി വിശ്വാസത്തോടെ മുന്നേറുക .
  

         എ .ആർ .കൊടിയത്തൂർ ,
          GHSS പെരിങ്ങൊളം

                     

ഡോ. ബി ആര്‍ അംബേദ്കർ-ഇന്‍ഡ്യയുടെ ഭരണഘടനാ ശില്‍പ്പി

No comments

ഡോ. ബി ആര്‍ അംബേദ്കർ-
ഇന്‍ഡ്യയുടെ ഭരണഘടനാ ശില്‍പ്പി



ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പിയാണ് ഡോ. ഭീംറാവു അംബേദ്കർ . അദ്ദേഹത്തിന്റെ ജനനം 1891 ഏപ്രിൽ 14 നും മരണം 1956 ഡിസംബർ 6 നും ആയിരുന്നു. ദലിതരോടുള്ള സാമൂഹിക വിവേചനത്തിനെതിരെ പ്രചാരണം നടത്തിയ ഒരു ഇന്ത്യൻ നിയമജ്ഞൻ, സാമ്പത്തിക വിദഗ്ധൻ, രാഷ്ട്രീയക്കാരൻ, സാമൂഹിക പരിഷ്കർത്താവ് എന്നീ നിലകളില്‍ അദ്ദേഹം പ്രശസ്തനായിരുന്നു. ജാതിവ്യവസ്ഥയ്ക്ക് എതിരെയും തൊടുകൂടായ്മയ്ക്ക് എതിരേയും അദ്ദേഹം ജീവിതാവസാനം വരെ പോരാടി.ദളിത് ബുദ്ധമത പ്രസ്ഥാനം ആരംഭിച്ചത് ഡോ. അംബേദ്കർ ആണെന്ന് വിശ്വസിക്കപ്പെടുന്നു.സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ നിയമമന്ത്രിയായിരുന്നു അദ്ദേഹം. 1990 ൽ ഇന്ത്യയിലെ പരമോന്നത സിവിലിയൻ അവാർഡായ ഭാരതരത്ന മരണാനന്തര ബഹുമതിയായി ഡോ. അംബേഡ്കറിന് സമ്മാനിച്ചു.

രാഷ്ട്രീയ ആദർശങ്ങളും ഭരണസിദ്ധാന്തങ്ങളുമനുസരിച്ച് ഐക്യഭാരതത്തിന് ഏറ്റവും അനുയോജ്യമായി ഭരണഘടന രൂപപ്പെടുത്തുന്നതിനായി ഡോ. അംബേദ്കറിന്റെ നേതൃത്വത്തിൽ ഒരു ഭരണഘടനാ നിർമ്മാണസഭ രൂപീകൃതമായി. ജീവിതത്തില്‍ ഒരുപാട് സാമ്പത്തിക സാമൂഹിക പ്രതിസന്ധകള്‍ തരണം ചെയ്ത് പഠിച്ച് വന്ന അംബേദ്കര്‍ കലാലയ വിദ്യാഭ്യാസം കരസ്ഥമാക്ക‍ുന്ന ആദ്യത്തെ അധഃസ്ഥിതവർഗ്ഗക്കാരിൽ ഒരാളായിരുന്നു. കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ നിന്നും ലണ്ടൻ യൂണിവേഴ്‌സിറ്റിയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടുകയും നിയമം, സാമ്പത്തിക ശാസ്ത്രം, പൊളിറ്റിക്കൽ സയൻസ് എന്നിവയിൽ ഗവേഷണം നടത്തിയതിന് പണ്ഡിതനെന്ന നിലയിൽ പ്രശസ്തി നേട‍ുകയും ചെയ്തു. ഔദ്യോഗിക ജീവിതത്തിന്റെ തുടക്കത്തിൽ സാമ്പത്തിക ശാസ്ത്രജ്ഞൻ, പ്രൊഫസർ, അഭിഭാഷകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഇന്ത്യയിലെ അധഃസ്ഥിതരുടെ സാമൂഹിക സ്വാതന്ത്ര്യം, രാഷ്ട്രീയാവകാശങ്ങൾ എന്നിവ വിഷയമാക്കി അദ്ദേഹം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു തുടങ്ങി. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനങ്ങൾ പിൽക്കാല ജീവിതത്തെ അടയാളപ്പെടുത്തി; ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പ്രചാരണത്തിലും ചർച്ചകളിലും, ജേണലുകൾ പ്രസിദ്ധീകരിക്കുന്നതിലും, രാഷ്ട്രീയ അവകാശങ്ങളും ദലിതരുടെ സാമൂഹിക സ്വാതന്ത്ര്യവും വാദിക്കുന്നതിലും അദ്ദേഹം പങ്കാളിയായി. 1956-ൽ അദ്ദേഹം ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്തു, ദലിതരുടെ കൂട്ട പരിവർത്തനത്തിന് തുടക്കമിട്ടു.

ഗെയ്ക്ക്‍വാദിലെ മിലിട്ടറി സെക്രട്ടറിയായി നിയമിതനായെങ്കിലും ചുരുങ്ങിയ സമയത്തിനുള്ളിൽ അദ്ദേഹത്തിന് രാജിവെക്കേണ്ടി വന്നു. അദ്ദേഹം ഒരു സ്വകാര്യ അദ്ധ്യാപകനായി, അക്കൗണ്ടന്റായി ജോലി ചെയ്തു, ഒരു നിക്ഷേപ കൺസൾട്ടിംഗ് ബിസിനസ്സ് സ്ഥാപിച്ചു, പക്ഷേ അദ്ദേഹം തൊട്ടുകൂടാത്തവനാണെന്ന് കക്ഷികള്‍ അറിഞ്ഞപ്പോൾ അത് പരാജയപ്പെട്ടു. മുംബൈയിലെ സിഡൻഹാം കോളേജ് ഓഫ് കൊമേഴ്‌സ് ആന്റ് ഇക്കണോമിക്‌സിൽ പൊളിറ്റിക്കൽ ഇക്കണോമിക്സ് പ്രൊഫസറായ അദ്ദേഹം വിദ്യാർത്ഥികള്‍ക്ക് പ്രിയപ്പെട്ടവനായെങ്കില‍ും മറ്റ് പ്രൊഫസർമാർ അദ്ദേഹവുമായി കുടിവെള്ളം പങ്കിടുന്നത് പോല‍ും എതിർത്തു

Government of India Act 1919 തയ്യാറാക്ക‍ുന്ന സൗത്ത്ബറോ കമ്മിറ്റി മുമ്പാകെ ഹാജരാകാന്‍ ഡോ. അംബേദ്കറെ ക്ഷണിച്ചിരുന്നു. തൊട്ടുകൂടാത്തവർക്കും മറ്റ് മതവിഭാഗങ്ങൾക്കും പ്രത്യേക വോട്ടവകാശവും സംവരണവും സൃഷ്ടിക്കണമെന്ന് അംബേദ്കർ വാദിച്ചു. ബോംബെ ഹൈക്കോടതിയിൽ നിയമം അഭ്യസിക്കുന്നതിനിടയിൽ, തൊട്ടുകൂടാത്തവർക്ക് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനും അവരുടെ ജീവിത നിലവാരം ഉയർത്താനും അദ്ദേഹം ശ്രമിച്ചു. അധ:സ്ഥിതരുടെ വിദ്യാഭ്യാസ, സാമ‍ൂഹിക, സാമ്പത്തിക ഉന്നതിക്ക‍ും അവരുടെ ക്ഷേമത്തിനുമായി Bahishkrit Hitakarini Sabha എന്ന ഒര‍ു സ്ഥാപനം അദ്ദേഹം ആരംഭിച്ച‍ു. 1920 ജനുവരി 31 ന് അദ്ദേഹം മുംബൈയിൽ മൂക‍്നായക് എന്ന തന്റെ ആദ്യത്തെ പത്രം പ്രസിദ്ധീകരണം ആരംഭിച്ചു. പിന്നീട് അദ്ദേഹം മൂന്ന് പത്രങ്ങൾ കൂടി സ്ഥാപിച്ച‍ു - ബഹിഷ്കൃത് ഭാരത് (1927-1929), ജനത (1930-56), പ്രബുദ്ധ ഭാരത് (1956).



1927 ആയപ്പോഴേക്കും തൊട്ടുകൂടായ്മയ്‌ക്കെതിരെ സജീവമായ നീക്കങ്ങൾ നടത്താൻ അദ്ദേഹം തീരുമാനിച്ചു. പൊതു കുടിവെള്ള സ്രോതസ്സുകൾ തുറക്കുന്നതിനായി അദ്ദേഹം പൊതു മുന്നേറ്റങ്ങളും മാർച്ചുകളും ആരംഭിച്ചു. നഗരത്തിലെ പ്രധാന വാട്ടർ ടാങ്കിൽ നിന്ന് കുടിവെള്ളം എടുക്കുന്നതിനുള്ള ദലിത് സമൂഹത്തിന്റെ അവകാശത്തിനായി അദ്ദേഹം മഹാദില്‍ ഒരു സത്യാഗ്രഹം നടത്തി. 1927 ന്റെ അവസാനത്തിൽ നടന്ന ഒരു സമ്മേളനത്തില്‍ ജാതി വിവേചനത്തെയും തൊട്ടുകൂടായ്മയെയും ന്യായീകരിച്ചതിന് മനുസ്മൃതി (മനുവിന്റെ നിയമങ്ങൾ) ഗ്രന്ഥത്തെ ഡോ. അംബേദ്കർ പരസ്യമായി അപലപിച്ചു. 1932 ൽ ബ്രിട്ടീഷ് സര്‍ക്കാർ ദലിതര്‍ക്കായി പ്രത്യേക വോട്ടവകാശം പ്രഖ്യാപിച്ചു. പ്രത്യേക വോട്ടർമാരെ ഗാന്ധി ശക്തമായി എതിർത്തു, അത്തരമൊരു ക്രമീകരണം സമൂഹത്തെ ഭിന്നിപ്പിക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടു. ഇതിനെതിരെ യേര്‍വാദ ജയിലില്‍ ഗാന്ധിജി ഉപവാസം ആരംഭിച്ച‍ു. ഈ സാഹചര്യത്തില്‍ കോൺഗ്രസ് നേതാക്കളായ മദൻ മോഹൻ മാളവ്യ, പൽവങ്കർ ബലൂ എന്നിവര്‍ അംബേദ്കറുമായും അദ്ദേഹത്തിന്റെ അനുയായികളുമായും യെർവാഡയിൽ സംയുക്ത യോഗങ്ങൾ സംഘടിപ്പിച്ചു. 1932 സെപ്റ്റംബർ 25 ന് അംബേദ്കറും മദൻ മോഹൻ മാളവ്യയും തമ്മിൽ പൂന കരാർ എന്നറിയപ്പെടുന്ന കരാർ ഒപ്പിട്ടു. കരാര്‍ പ്രകാരം നിയമ നിര്‍മ്മാണ സഭകളില്‍ ദളിതര്‍ക്ക് 148 സീറ്റുകൾ സംവരണം ചെയ്‍തു. ബ്രിട്ടീഷ് പ്രധാനമന്ത്രി റാംസെ മക്ഡൊണാൾഡ് മുന്നോട്ടുവച്ച 71 സീറ്റ‍ുകള്‍ക്ക് പകരമായിരുന്നു ഇത്. ദലിത് സമ‍ൂഹത്തിന് സ്വന്തം സ്ഥാനാര്‍ത്ഥികളെ നാമനിര്‍ദ്ദേശം ചെയ്യാന്‍ ഇതില‍ൂടെ സാധിച്ച‍ു. ഈ ശ്രമങ്ങള‍ുടെ തുടര്‍ച്ചയായി അയിത്തജാതിക്കാരെ സൂചിപ്പിക്കാൻ പട്ടികജാതി, പട്ടികവർഗ്ഗക്കാർ എന്ന പദങ്ങള്‍ ഇന്ത്യാ ആക്റ്റ് 1935 പ്രകാരം നിലവില്‍ വന്നു.



1935 ൽ ഡോ. അംബേദ്കറിനെ ബോംബെയിലെ ഗവൺമെന്റ് ലോ കോളേജിന്റെ പ്രിൻസിപ്പലായി നിയമിച്ചു. ദില്ലി യൂണിവേഴ്സിറ്റിയിലെ രാംജാസ് കോളേജിന്റെ സ്ഥാപകനായ ശ്രീ റായ് കേദാർനാഥിന്റെ മരണശേഷം ഗവേണിംഗ് ബോഡിയുടെ ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചു. അദ്ദേഹം ബോംബെയിൽ താമസമാക്കുകയ‍ും 50,000 ലധികം പുസ്തകങ്ങളുള്ള ഒരു സ്വകാര്യ ലൈബ്രറി തന്റെ വീട്ടില്‍ ഒരുക്കുകയും ചെയ്തു.അതേ വർഷം അസുഖത്തെ തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ റമാബായി അന്തരിച്ചു. ഒക്ടോബർ 13 ന് നാസിക്കിൽ നടന്ന യെയോള പരിവർത്തന സമ്മേളനത്തിൽ അംബേദ്കർ മറ്റൊരു മതത്തിലേക്ക് പരിവർത്തനം ചെയ്യാനുള്ള ആഗ്രഹം പ്രഖ്യാപിച്ച‍ു.1936 ൽ ഡോ. അംബേദ്കർ ഇൻഡിപെൻഡന്റ് ലേബർ പാർട്ടി സ്ഥാപിച്ചു. 1937 ലെ ബോംബെ തിരഞ്ഞെടുപ്പിൽ കേന്ദ്ര നിയമസഭയിലേക്ക് 13 സംവരണ സീറ്റില‍ും , 4 ജനറൽ സീറ്റില‍ും മത്സരിച്ച് യഥാക്രമം 11, 3 സീറ്റുകൾ നേടി. 1952 ലെ ആദ്യ പൊതുതെരഞ്ഞെടുപ്പിൽ ബോംബെ നോർത്തില്‍ ഡോ. അംബേദ്കർ മത്സരിച്ചെങ്കിലും കോൺഗ്രസ് പാർട്ടി സ്ഥാനാർത്ഥിയായ നാരായൺ കജ്‌റോൽക്കറോട് പരാജയപ്പെട്ടു. പിന്നീട് ഡോ. അംബേദ്കർ രാജ്യസഭയിൽ അംഗമായി. ഭണ്ഡാരയിൽ നിന്ന് 1954 ലെ ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹം മല്‍സരിച്ച‍ു പരാജയപ്പെട്ട‍ു.1956 ഡിസംബർ 6 ന് ദില്ലിയിലെ വീട്ടിൽ വച്ച് അംബേദ്കർ ഇഹലോകവാസം വെടിഞ്ഞ‍ു.

ഒരു സാമൂഹിക-രാഷ്ട്രീയ പരിഷ്കർത്താവെന്ന നിലയിൽ ഡോ. അംബേദ്കര്‍ ആധുനിക ഇന്ത്യയെ ആഴത്തിൽ സ്വാധീനിച്ചു. അദ്ദേഹത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചിന്തകളെ സ്വാതന്ത്ര്യാനന്തര രാഷ്ട്രം ഉടനീളം ബഹുമാനിക്കുന്നു. അദ്ദേഹം വിത്തു പാകിയ സംരംഭങ്ങൾ ജീവിതത്തിന്റെ വിവിധ മേഖലകളെ സ്വാധീനിക്കുകയും സാമൂഹിക-സാമ്പത്തിക, വിദ്യാഭ്യാസ, നിയമപരമായ പ്രവർത്തനങ്ങളെ രാജ്യത്ത് ഉത്തേജിപ്പിക്കുകയ‍ും ചെയ്ത‍ു. വ്യക്തിസ്വാതന്ത്ര്യത്തിൽ തീവ്രമായി വിശ്വസിക്കുകയും ജാതി വ്യവസ്ഥയെ വിമർശിക്കുകയും ചെയ്തു. ബുദ്ധമതത്തിലേക്കുള്ള അദ്ദേഹത്തിന്റെ പരിവർത്തനം ഇന്ത്യയിലെയും വിദേശത്തെയും ബുദ്ധമത തത്ത്വചിന്തയോടുള്ള താൽപ്പര്യത്തെ പുനരുജ്ജീവിപ്പിച്ചു.


                   മുഹമ്മദ് ജാസിം കെ
                               

നല്ല ശീലങ്ങൾ: ഭാഗം : 19 !ഉഴപ്പിയാൽ ഖേദിക്കും:!

No comments

നല്ല ശീലങ്ങൾ:
 ഭാഗം  : 19 !
ഉഴപ്പിയാൽ ഖേദിക്കും:!

പ്രിയ വിദ്യാർത്ഥികളെ ,
മനസ്സു നന്നാവട്ടെ .
പഠിക്കേണ്ട സമയത്ത് പഠിക്കാഞ്ഞാൽ , പിന്നീട് ഖേദിക്കേണ്ടി വരും . ഓരോന്നിനും ഓരോ സമയമുണ്ട് .ചെയ്യേണ്ട കാര്യം ചെയ്യേണ്ട സമയത്തു തന്നെ ചെയ്യണം . ചെറുപ്പത്തിലേ പഠന കാര്യത്തിൽ താല്പര്യം ഉണ്ടാവണം . എന്നാൽ വലുതാവുമ്പോഴും ആ അഭിരുചി നിലനിൽക്കും .ചില കുട്ടികൾ ചെറുപ്പത്തിലേ ഉഴപ്പുന്നവരുണ്ട് . അവരിൽ അധികവും കുടുംബ സാഹചര്യമായിരിക്കും അങ്ങനെ അവരെ  ആക്കിത്തീർക്കുന്നത് .സാഹചര്യങ്ങളോട് പൊരുതി മുന്നേറിയവരും ധാരാളമുണ്ട് .കുട്ടികളിൽ ബുദ്ധി നിലവാരം വ്യത്യസ്തമായിരിക്കും . എല്ലാവരും എ .പി .ജെ .അബ്ദുൽ കലാമും ശകുന്തളാ ദേവിയും കല്പനാ ചൗളയും ഒന്നും ആവില്ലല്ലോ .ഓരോരുത്തരും അവരവരുടെ ബുദ്ധിമാനമനുസരിച്ചു ഓരോ തലത്തിൽ എത്തും .
ഓരോ ക്ലാസ്സിലും പഠിക്കുന്നവർക്ക് ഓർമ വേണം , എന്റെ നിയോഗം പഠിക്കലാണെന്നു . സ്കൂളിൽ സമരവും ബഹളവും ഉണ്ടായേക്കാം . പഠിപ്പു മുടക്കും പ്രകടനവും ഉണ്ടാവും . തന്റെ ധൗത്യം മറന്നു അവരിൽ ഒരുവനാകുന്നത് പഠന കാലത്ത് ക്ഷന്തവ്യമല്ല .അധ്യാപകർ ക്ലാസ്സ്‌ എടുക്കുമ്പോൾ ,അതിൽ ശ്രദ്ധിക്കാതെ മറ്റെന്തെങ്കിലും വേല ഒപ്പിക്കുന്നവരുണ്ട് .ഗുരുനാഥൻ പഠിപ്പിച്ചു പോകും .ശ്രദ്ധിക്കേണ്ടത് നിങ്ങളാണ് . ചില പാഠ ഭാഗങ്ങൾ കൃത്യമായി ശ്രദ്ധിക്കാഞ്ഞാൽ ഒരെത്തും പിടിയും കിട്ടില്ല .ഉഴപ്പാൻ പെട്ടെന്ന് കഴിയും .പരിഹാരത്തിന്ന് ഇത്തിരി പ്രയാസപ്പെടേണ്ടി വരും രക്ഷിതാക്കൾ പല പ്രതീക്ഷകൾ വെച്ചാണ് നിങ്ങളെ പഠിപ്പിക്കുന്നത് .അവരുടെ പ്രതീക്ഷകളെ തല്ലി തകർക്കരുത് .ദിശാ ബോധം കൈവന്ന് എല്ലാവരും നല്ലതിലേക്ക് എത്തട്ടെ .


             എ .ആർ .കൊടിയത്തൂർ ,
               GHSS പെരിങ്ങൊളം .
                    9605848833
                    

നല്ല ശീലങ്ങൾ : ഭാഗം :18 :ടെക്സ്റ്റ് ബുക്ക്‌ നിർബന്ധം

No comments

നല്ല ശീലങ്ങൾ  : 
ഭാഗം :18 :
ടെക്സ്റ്റ് ബുക്ക്‌ നിർബന്ധം 

പ്രിയ വിദ്യാർത്ഥികളെ ,
മനസ്സു നന്നാവട്ടെ .
സാറെന്താ ,ഇനിയും ഞങ്ങളെ പഠിക്കാൻ പഠിപ്പിക്കുകയാണോ , സത്യമായിട്ടും പലർക്കും പഠിക്കേണ്ടത് എങ്ങനെയെന്നു അറിഞ്ഞു കൂടാ , ചിലർ സ്കൂൾ വിട്ടു വന്നാൽ ,അല്ലെങ്കിൽ ഓൺലൈൻ ക്ലാസ്സ്‌ കഴിഞ്ഞാൽ നോട്ടു പുസ്തകത്തിൽ എഴുതാനുള്ളത്  മാത്രം എഴുതും .പഠന പ്രവർത്തനങ്ങൾ മാത്രം ചെയ്തു വെക്കും .ടെക്സ്റ്റ് ബുക്കുകൾ കൈ കൊണ്ട് തൊടില്ല . ഒട്ടേറെ പേർക്കും ടെക്സ്റ്റ് ബുക്ക്‌ തന്നെ ഉണ്ടാവില്ല .ആൺകുട്ടികൾ മിക്കവരും ടെക്സ്റ്റ് ബുക്ക്‌ വിരോധികളായിരിക്കും .ഉണ്ടെങ്കിൽ തന്നെ ബുക്കിന്റെ ഭാരം കൊണ്ട് സ്കൂളിലേക്ക് അവർ വഹിക്കില്ല . ടെക്സ്റ്റ് ബുക്ക്‌ നിർബന്ധം പിടിക്കുന്ന അധ്യാപകരുടെ ക്ലാസ്സിൽ  പെൺകുട്ടികളിൽ നിന്നും അഡ്ജസ്റ്റ് ചെയ്യും .അല്ലെങ്കിൽ ക്ലാസ്സിന്റെ ഏതെങ്കിലും മൂലക്ക് തിരുകി വെക്കും . പഠിക്കാൻ മടിച്ചു ബുക്ക്‌ വീട്ടിൽ കൊണ്ടു പോവില്ല .
എന്തിനാണ് സർക്കാർ ഇത്രയും സംഖ്യ മുടക്കി ടെക്സ്റ്റ് ബുക്ക്‌ അച്ചടിക്കുന്നത് .പലർക്കും സൗജന്യമായി ആണ് പുസ്തകങ്ങൾ ലഭിക്കുന്നത് .പഠിക്കാൻ തീരുമാനിച്ചവർക്ക് എന്തായാലും ടെക്സ്റ്റ് ബുക്ക്‌ വേണം .ടെക്സ്റ്റ് ബൂക്കിലൂടെ പോയാൽ മാത്രമേ പഠനം പൂർണമാവൂ .ഓരോ ദിവസവും പഠിപ്പിക്കുന്നത് അന്നന്നു പഠിക്കുക .ടെക്സ്റ്റ് ബുക്കാണ് പഠനത്തിന്ന് ആധാരമാക്കേണ്ടത് .വായിക്കുമ്പോൾ പ്രധാന പോയന്റുകൾ പെൻസിൽ കൊണ്ട് വരക്കുക , പരീക്ഷക്ക്‌ വായിക്കുമ്പോൾ ആ പോയന്റിൽ ഊന്നൽ നൽകാം . നല്ല പഠിതാക്കളാവുക .
 
              എ .ആർ .കൊടിയത്തൂർ 
                 Ghss peringolam 
                   9605848833
                       

നല്ല ശീലങ്ങൾ: ഭാഗം : 17:പരിസ്ഥിതിയുടെ കാവലാളാവുക

No comments

നല്ല ശീലങ്ങൾ:
 ഭാഗം : 17:
പരിസ്ഥിതിയുടെ കാവലാളാവുക 

പ്രിയ വിദ്യാർത്ഥികളെ ,
മനസ്സു നന്നാവട്ടെ .
പരിസ്ഥിതി സംരക്ഷണം നമ്മുടെ ഏവരുടെയും ബാധ്യതയാണ് . നമുക്ക് വേണ്ടിയും വരും തലമുറക്ക് വേണ്ടിയും ഈ ഭൂമിയെ നാം കാത്തു സൂക്ഷിക്കണം .
ജീവൻ നില നിൽക്കുന്ന  പ്രപഞ്ചത്തിലെ ഒരേ ഒരിടമാണ് ഭൂമി .ജൈവ മണ്ഡലം ഭൂമിക്ക് മാത്രമുള്ള പ്രത്യേകതയാണ് .മറ്റെല്ലാ ഗ്രഹങ്ങളിൽ നിന്നും വ്യത്യസ്തമായി ഭൂമിയെ വർണ പ്രപഞ്ചമാക്കുന്നത് ജീവനാണ് .
" മലരണിക്കാടുകൾ തിങ്ങിവിങ്ങി 
മരതക കാന്തിയിൽ മുങ്ങി മുങ്ങി "
എന്ന് മഹാകവി ചങ്ങമ്പുഴ കേരളത്തെ പറ്റി പാടിയിരുന്നുവെങ്കിൽ ,ഇന്ന് ജ്ഞാനപീഠ ജേതാവായ കവി ഒ .എൻ .വിയെ കൊണ്ട് ഭൂമിക്കൊരു ചരമ ഗീതം എഴുതിച്ചു നാം .
" ഇനിയും മരിക്കാത്ത ഭൂമി 
ഇതു നിന്റെ ശാന്തി ഗീതം 
ഇതു നിന്റെ (എന്റെയും )ചരമ ശുശ്രൂഷയ്ക്ക് 
ഹൃദയത്തിലിന്നേ കുറിച്ച് ഗീതം "
പ്രകൃതിയുടെ ഭാഗമാകുന്നതിന്ന് പകരം പ്രകൃതിയെ ആക്രമിക്കുകയും കീഴ്പെടുത്തുകയും ചെയ്യുന്ന ജീവിത രീതി മനുഷ്യൻ കൈ കൊണ്ടതോടെ അന്ത്യ സൂചകങ്ങളായ നിരവധി സംഭവങ്ങൾ പ്രകൃതിയിലുണ്ടായി .സാമ്പത്തിക നേട്ടത്തിന് വേണ്ടി എന്തും ചെയ്യാമെന്ന ധാർഷ്ട്യ മനോഭാവം കാലാവസ്ഥാ വ്യതിയാനത്തിന്നും ആഗോള താപനത്തിന്നും കാരണമായ ഹരിത ഗൃഹ വാതകങ്ങളുടെ അതിരറ്റ ഉല്പാദനത്തിന്ന് ഇടയാക്കി .ഇത് സംബന്ധിച്ച മുന്നറിയിപ്പ് തൃണവത്കരിച്ചു മുന്നോട്ടു പോയത് കാരണം ആഗോള താപനില ഉയർന്നു കൊണ്ടിരിക്കുന്നു .ഇത് കാരണം പ്രളയക്കെടുതികളും വരൾച്ചയും വർധിച്ചു വരുന്നു .
പെയ്യുന്ന മഴ മണ്ണിലിറങ്ങാൻ കഴിയാത്ത വിധം പലയിടത്തും കെട്ടിടങ്ങളും ടാറിട്ട റോഡുകളും ആധിക്യമായതിനാൽ ശാസ്ത്രീയമായ രീതിയിൽ ജലം സംഭരിക്കാനുള്ള പുതിയ മാർഗങ്ങൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ് . മഴക്കുഴി നിർമിച്ചും കയ്യാല കെട്ടിയും ബണ്ടുകൾ നിർമിച്ചും വെള്ളം മണ്ണിലേക്ക് ഇറക്കാവുന്നതാണ് .പെയ്യുന്ന മഴയുടെ നല്ലൊരു ശതമാനം ഭൂമിയിലേക്ക് ഇറക്കാനുള്ള സംവിധാനം ഒരുക്കിയാൽ വെള്ള പ്രശ്നത്തിന്ന് ഒരളവ് വരെ പരിഹാരമുണ്ടാകും .
വ്യവസായങ്ങളുടെ വ്യാപനത്തിന്റെ ഫലമായി അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട് .
പ്രകൃതി സംരക്ഷണം ജീവ സംരക്ഷണമാണ് .പ്രകൃതിയെ സംരക്ഷിക്കാനും മരങ്ങൾ വെച്ചു പിടിപ്പിക്കാനുമുള്ള അവബോധം വിദ്യാർത്ഥികളായ നിങ്ങളിൽ വളരണം .ജല മലിനീകരണത്തിന്ന് എതിരെ നിങ്ങൾ പ്രവർത്തിക്കണം . ഉപദ്രവകാരിയായ പ്ലാസ്റ്റിക്കിനെ തീർത്തും നിത്യ ജീവിതത്തിൽ നിന്നും മാറ്റി നിർത്താനും പ്ലാസ്റ്റിക് മാലിന്യത്തിന്നെതിരെ വേണ്ടത് ചെയ്യാനും തയ്യാറാവണം .നീർത്തട സംരക്ഷണം നടത്താനും ഔഷധ തോട്ട നിർമ്മാണം നടത്താനും നിങ്ങൾ തയ്യാറായാൽ ,അതായിരിക്കും വലിയ മാതൃക .ഭാവി തലമുറ പരിസ്ഥിതിയുടെ കാവലാളാകുക .

               എ .ആർ.കൊടിയത്തൂർ 
                   Ghss പെരിങ്ങൊളം ,
                    9605848833.
                   arkodiyathur@gmail.com

നല്ല ശീലങ്ങൾ :ഭാഗം : 16 പ്രകൃതിയെ ചൂഷണം ചെയ്യരുത്

No comments
നല്ല ശീലങ്ങൾ :
ഭാഗം : 16
പ്രകൃതിയെ ചൂഷണം ചെയ്യരുത് 
---------------------------
പ്രിയ വിദ്യാർത്ഥികളെ ,
മനസ്സു നന്നാവട്ടെ .
പ്രപഞ്ചവും മറ്റു സംവിധാനങ്ങളും മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും വേണ്ടിയാണ് ഒരുക്കിയിട്ടുള്ളത് .ഭൂമിയിലുള്ള ജീവികൾക്കെല്ലാം ഉപയോഗിക്കാൻ വേണ്ടിയാണ് ഭൂമിയെ സംവിധാനിച്ചതും ഒരുക്കിയതും .
എന്നാൽ ,മനുഷ്യ കരങ്ങളുടെ പ്രവർത്തന ഫലമായി ആഗോള താപനത്തിന്റെ ദുരിതങ്ങൾ അനുഭവിക്കുമ്പോഴും നാം ചിന്തിക്കുന്നില്ല , നമ്മുടെ സാധാരണ ജീവിതത്തിന് വേണ്ടിയാണോ നാം പ്രകൃതിയെ ചൂഷണം ചെയ്യുന്നത് .എന്നും ധൂർത്തും പൊങ്ങച്ചവും കൈമുതലാക്കിയ മനുഷ്യൻ ആർഭാട ഭരിതമായ ജീവിതം നയിക്കാൻ വേണ്ടി പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യുന്നു .മനുഷ്യരല്ലാത്ത ഒരൊറ്റ ജീവജാലങ്ങളും സ്വന്തം അത്യാവശ്യങ്ങൾക്കപ്പുറം പ്രകൃതിയെ ചൂഷണം ചെയ്യാറില്ല .ആവശ്യത്തിനുള്ള വീടല്ല നാം പണിയുന്നത് .അലമാരകളും ഫർണീച്ചറുകളും അനാവശ്യമായി ഉണ്ടാക്കിച്ചു വെക്കുന്നു .ചുമരും കോണിയും മരം കൊണ്ടു തന്നെ വേണമെന്ന് വാശി പിടിക്കുന്നു .മലയാളിയുടെ പ്രത്യേകത തന്നെ ,മറ്റൊരാളെ അനുകരിക്കുക എന്നതാണല്ലോ .അപ്പുറത്തുള്ള പണക്കാരൻ ഉണ്ടാക്കിയതിനേക്കാൾ മുന്തിയ വീട് എനിക്കും ഉണ്ടാക്കണമെന്ന ത്വരയാണ് പലർക്കും .ഉള്ള മരങ്ങളൊക്ക കൊത്തിമുറിച്ചാലും നമ്മുടെ ആർത്തി അടങ്ങുന്നില്ല .മണി മാളികങ്ങളും കോൺഗ്രീറ്റ് സൗധങ്ങളും കൊണ്ട് ഭൂമി നിറക്കുന്നവരാണ് ഏറെയും .ഭൂമി കിട്ടാത്തപ്പോൾ ആകാശം മുട്ടുന്ന ഫ്ളാറ്റുകളാണ് കെട്ടിപൊക്കുന്നത് .
"കാടെവിടെ മക്കളേ 
മേടെവിടെ മക്കളേ 
കാട്ടു പുൽത്തകിടിയുടെ 
വേരെവിടെ മക്കളേ 
കാട്ടു പൂഞ്ചോലയുടെ 
കുളിരെവിടെ മക്കളേ 
കാറ്റുകൾ പുലർന്ന
പൂങ്കാവെവിടെ മക്കളേ "
അയ്യപ്പ പണിക്കർ തൊടുത്തു വിടുന്ന ചോദ്യ ശരങ്ങൾ വന്നു തറക്കുന്നത് എവിടെയാണ്  ?
വിദ്യാർത്ഥികൾ ഇക്കാര്യങ്ങൾ മനസ്സിലാക്കി മുന്നോട്ടു പോവുക ,പ്രകൃതി ചൂഷണത്തിന്നെതിരെ ശക്തമായ ബോധവൽകരണം നടക്കട്ടെ . നാഷണൽ സർവീസ് സ്കീമിന്റെയും ദേശീയ ഹരിത സേനയുടെയും റെഡ് ക്രോസിന്റെയും സ്കൗട്ട് ആൻഡ് ഗൈഡ്‌സിന്റെയും സ്കൂൾ പോലീസ് കേഡറ്റിന്റെയും മറ്റും  പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .ചൂഷകരിൽ നിന്നും ഭൂമിയെ രക്ഷിക്കുക .വരും തലമുറയും ഇവിടെ നന്നായി ജീവിക്കട്ടെ .

                  എ.ആർ .കൊടിയത്തൂർ 
                      GHSS PERINGOLAM ,
                           9605848833

കോവി‍ഡ് കാലം നിരാശ വേണ്ട. സന്തോഷം മതി:മുഹമ്മദ് ജാസിം കെ

No comments

കോവി‍ഡ് കാലം നിരാശ വേണ്ട. സന്തോഷം മതി:
മുഹമ്മദ് ജാസിം കെ

കോവിഡ്-19 മഹാമാരിയുടെ കാലത്താണ് നാം ജീവിച്ചു കൊണ്ടിരിക്കുന്നത് .
ഏറിയും കുറഞ്ഞും ഇന്ന് രോഗ ഭീതി നിലനിൽക്കുന്നു. കോവിഡ് രോഗികളുടെ എണ്ണം ദിവസവും നാം കേൾക്കുന്നു. ശുഭ പ്രതീക്ഷയുടെ നാളുകൾ വീണ്ടും നമ്മുടെ ജീവിതത്തിൽ കടന്നു വന്നിരിക്കുന്നു. പക്ഷെ ചില വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും അധ്യാപകരിലും ഒക്കെ ചെറിയ രീതിയിൽ നിരാശ പടർന്നിരിക്കുന്നു. സ്‌കൂൾ കോളേജ് ക്യാംപസുകളിലേക്ക് പോകാനാകാതെ മൊബൈൽ ഫോൺ, ടെലിവിഷൻ സ്‌ക്രീനുകൾക്ക് മുൻപിൽ കുടുങ്ങിയ വിദ്യാഭ്യാസ രീതി ചിലരിൽ അസ്വസ്ഥത സൃഷിക്കുന്നു . കോവിഡ് വാക്‌സിൻ പരീക്ഷണങ്ങൾ വിജയകരമാണ് എന്ന രീതിയിൽ വാർത്തകൾ വന്നു കൊണ്ടിരിക്കുന്നു . അടുത്ത കാലത്ത് തന്നെ നമുക്ക് ലഭ്യമാകും എന്ന് കരുതാം. 

കോവിഡ് -19 ലോകമെമ്പാടും കാര്യമായ ദുരിതമുണ്ടാക്കി. രോഗം ബാധിച്ച കേസുകളിൽ പ്രകടമായ ശാരീരിക ലക്ഷണങ്ങൾ കൂടാതെ, ഇത് പൊതു മാനസികാരോഗ്യത്തിന് ഗുരുതരമായ നാശനഷ്ടമുണ്ടാക്കി. മറ്റ് രാജ്യങ്ങളെപ്പോലെ ഇന്ത്യയും വൈറസ് പകരുന്നത് തടയുന്നതിനും രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ നടപ്പാക്കി. വിഷാദം, ഉത്കണ്ഠ, സമ്മർദ്ദം, കുടുംബ സമ്പന്നത എന്നിവയുടെ ലക്ഷണങ്ങളെക്കുറിച്ചുള്ള ഒരു ഗവേഷണം ഇന്‍ഡ്യയില്‍ നടന്നു വരുന്നു. ലോക്ക്ഡൗൺ കാലത്ത് ആവശ്യമായ വിഭവങ്ങള്‍ ഇല്ലാത്ത ആളുകളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചതെന്ന് ഫലങ്ങൾ സൂചിപ്പിച്ചു. കൂടാതെ കുടുംബ സമ്പന്നത, സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവയുമായി നെഗറ്റീവ് ബന്ധമുള്ളതായി കണ്ടെത്തി. വ്യത്യസ്ത തൊഴിലുകളിൽ, വിദ്യാർത്ഥികളെയും ആരോഗ്യ പരിപാലന വിദഗ്ധരെയും മറ്റുള്ളവരേക്കാൾ കൂടുതൽ സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവ അനുഭവിക്കുന്നതായി കണ്ടെത്തി. നിലവിലെ സാഹചര്യം ഉണ്ടായിരുന്നിട്ടും, മാനസികാരോഗ്യ വിദഗ്ധർക്ക് ദുരിത സമയങ്ങളിലും സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവ സാധാരണ ശ്രേണിയിലാണെന്ന് കണ്ടെത്തി. 
നിരാശയിൽ നിന്ന് കരകയറാൻ എളുപ്പമാര്‍ഗ്ഗമൊന്നുമില്ല. ആദ്യപടി സ്വീകരിക്കുന്നതിനുള്ള ആർജ്ജവും പ്രചോദനവും കണ്ടെത്തുന്നത് കഠിനമായിരിക്കും. നാം ആഗ്രഹിക്കുന്നതിലും കൂടുതൽ നമ്മ‍ുടെ  മാനസികാവസ്ഥയിൽ നമ‍ുക്ക് നിയന്ത്രണമുണ്ട്. നിങ്ങൾ വിഷാദത്തിലായിരിക്കുമ്പോൾ, എല്ലാം നെഗറ്റീവിറ്റി ലെൻസിലൂടെ ഫിൽട്ടർ ചെയ്യുന്നു. അത് തിരിച്ചറിയുന്നതിലൂടെ, നിങ്ങളുടെ ഫോക്കസ് മാറ്റാനും കൂടുതൽ ശുഭാപ്തിവിശ്വാസം തോന്നുന്നതിനുള്ള ആദ്യപടി സ്വീകരിക്കാനും നിങ്ങൾക്ക് കഴിയും.സ്വയം ശ്രദ്ധ തിരിക്കുക. നിങ്ങൾ വിഷാദത്തിലായിരിക്കുമ്പോഴോ ജോലിയില്ലാത്തപ്പോൾ അല്ലെങ്കിൽ നിങ്ങളുടെ സോഷ്യൽ നെറ്റ്‌വർക്കിൽ നിന്ന് ഒറ്റപ്പെടുമ്പോഴോ, നിങ്ങളുടെ തലയിൽ വീണ്ടും വീണ്ടും ഓടുന്ന നെഗറ്റീവ് ചിന്തകൾ ഒരിക്കലും അവസാനിക്കുന്നില്ലെന്ന് തോന്നാം. എന്നാൽ നിങ്ങളുടെ ജീവിതത്തിന് അർത്ഥവും ലക്ഷ്യവും നൽകുന്ന എന്തെങ്കിലും ശ്രദ്ധ കേന്ദ്രീകരിച്ച് നിങ്ങൾക്ക് ഈ അവസ്ഥ മാറ്റാന്‍ കഴിയും. ഒരു പുതിയ ഭാഷയോ സംഗീതോപകരണമോ പോലെ നിങ്ങൾ എപ്പോഴും പഠിക്കാൻ ആഗ്രഹിക്കുന്ന എന്തെങ്കിലും ഉണ്ടോ? അല്ലെങ്കിൽ ഒരുപക്ഷേ നിങ്ങൾ എല്ലായ്പ്പോഴും ഒരു നോവൽ എഴുതാനോ പാചകം ചെയ്യാനോ നിങ്ങളുടെ സ്വന്തം പച്ചക്കറികൾ വളർത്താനോ ആഗ്രഹിക്കുന്നുണ്ടോ? ഒരു പ്രോജക്റ്റിലോ ലക്ഷ്യത്തിലോ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, ചെറിയ ഒന്ന് പോലും, നെഗറ്റീവ് ചിന്തകളിൽ നിന്നും വേവലാതികളിൽ നിന്നും നിങ്ങൾക്ക് സ്വാഗതാർഹമായ ഇടവേള നൽകാം - ഒപ്പം നിങ്ങളുടെ ദിവസങ്ങൾക്ക് അർത്ഥബോധം ചേർക്കുകയും ചെയ്യും.

സന്തോഷത്തിന്റെ ലളിതമായ ഉറവിടങ്ങൾ കണ്ടെത്തുക. ആസ്വദിക്കാൻ നിങ്ങളെ നിർബന്ധിക്കാൻ കഴിയില്ലെങ്കിലും, ദിവസം മുഴുവൻ നിങ്ങളുടെ മാനസികാവസ്ഥ വർദ്ധിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യാൻ നിങ്ങളെത്തന്നെ പ്രേരിപ്പിക്കാം. സംഗീതം കേൾക്കാൻ ശ്രമിക്കുക , നൃത്തം ചെയ്യുക അല്ലെങ്കിൽ YouTube- ൽ തമാശയുള്ള വീഡിയോകൾ അല്ലെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ട പരിപാടിയ‍ുടെ എപ്പിസോഡുകൾ കണ്ടുകൊണ്ട് ചിരിക്കാൻ ഒരു കാരണം കണ്ടെത്തുക. പ്രകൃതിയിൽ സമയം ചെലവഴിക്കുന്നത് - അത് പാർക്കിൽ നടക്കുകയാണെങ്കിലും, കടൽത്തീരത്ത് സഞ്ചരിക്കുകയാണെങ്കിലും അല്ലെങ്കിൽ കാൽനടയാത്ര പോകുകയാണെങ്കിലും സമ്മർദ്ദം ലഘൂകരിക്കാനും നിങ്ങളുടെ മുഖത്ത് പുഞ്ചിരി വിടാനും കഴിയും, നിങ്ങൾ തനിച്ചാണെങ്കിൽ പോലും. അല്ലെങ്കിൽ നിങ്ങളുടെ കുട്ടികളുമായോ വളർത്തുമൃഗങ്ങളുമായോ കളിക്കാൻ ശ്രമിക്കുക - അവർക്ക് നിങ്ങൾ ആഗ്രഹിക്കുന്നത്ര പ്രയോജനം ലഭിക്കും. നിങ്ങളുടെ വാർത്താ ഉപഭോഗം പരിമിതപ്പെടുത്തുക. അമിതമായ സംവേദനാത്മക വാർത്തകൾ‌ അല്ലെങ്കിൽ‌ വിശ്വസനീയമല്ലാത്ത സോഷ്യൽ മീഡിയ കവറേജ് നിങ്ങളുടെ നിഷേധാത്മകതയെയും ഭയത്തെയും വർദ്ധിപ്പിക്കും. നിങ്ങൾ എത്ര തവണ വാർത്തകളോ സോഷ്യൽ മീഡിയകളോ പരിശോധിക്കുന്നുവെന്നത് പരിമിതപ്പെടുത്തുകയും സ്വയം ഒതുങ്ങുകയും ചെയ്യുക. വളരെയധികം അല്ലെങ്കിൽ വളരെ കുറച്ച് ഉറങ്ങുക, ഭക്ഷണം അല്ലെങ്കിൽ വ്യായാമം ഒഴിവാക്കുക, നിങ്ങളുടെ സ്വകാര്യ പരിചരണം അവഗണിക്കുക എന്നിവ നിങ്ങളുടെ വിഷാദരോഗത്തിന് കാരണമാകുന്നു. ഒരു ദൈനംദിന ദിനചര്യ സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്യുക, മറുവശത്ത്, നിങ്ങൾ ഒറ്റയ്ക്കാണെങ്കിലും ജോലിക്ക് പുറത്താണെങ്കിലും നിങ്ങളുടെ ദിവസത്തിന് ഘടന ചേർക്കുന്നു. ഓരോ ദിവസവും വ്യായാമം ചെയ്യുന്നതിനും പുറത്ത് സമയം ചെലവഴിക്കുന്നതിനും സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തുന്നതിനും നിശ്ചിത സമയങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുക.

നിങ്ങൾ വിഷാദത്തിലായിരിക്കുമ്പോൾ, പ്രത്യേകിച്ച് ഈ ഭയാനകമായ സമയത്ത്, ജീവിതത്തിലെ എല്ലാം നിറം മങ്ങിയതും നിരാശാജനകവുമാണെന്ന് തോന്നാം. എന്നാൽ ഇരുണ്ട ദിവസങ്ങളിൽപ്പോലും, നിങ്ങൾക്ക് നന്ദിയുള്ളവരായിരിക്കാവുന്ന ഒരു കാര്യം കണ്ടെത്താൻ സാധാരണയായി സാധിക്കും . ഉദാഹരണത്തിന് സൂര്യാസ്തമയത്തിന്റെ സൗന്ദര്യം അല്ലെങ്കിൽ ഒരു സുഹൃത്തിൽ നിന്നുള്ള ഒരു ഫോൺ കോൾ. ഇത് നിസ്സാരമായി തോന്നുമെങ്കിലും നിങ്ങളുടെ കൃതജ്ഞത അംഗീകരിക്കുന്നത് നെഗറ്റീവ് ചിന്തയിൽ നിന്ന് ആശ്വാസം നൽകുകയും നിങ്ങളുടെ മാനസികാവസ്ഥയെ ശരിക്കും വർദ്ധിപ്പിക്കുകയും ചെയ്യും. മറ്റുള്ളവരുമായി ഇടപഴകുന്നതിന് പുതിയ വഴികൾ കണ്ടെത്തുക

സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും വ്യക്തിപരമായി കണ്ടുമുട്ടുന്നത് ഇപ്പോൾ നമ്മിൽ പലർക്കും ഇപ്പോഴും ബുദ്ധിമുട്ടാണ്. ഒരു വീഡിയോ ലിങ്കിലൂടെയോ ഫോണിലൂടെയോ വാചകത്തിലൂടെയോ ചാറ്റ് ചെയ്യുന്നത് നിങ്ങളെ കൂടുതൽ ബന്ധിപ്പിച്ചതായി അനുഭവിക്കാൻ സഹായിക്കും. ഉറ്റ ചങ്ങാതിമാരുമായും കുടുംബവുമായും ബന്ധപ്പെടുക, പഴയ ചങ്ങാതിമാരെ തിരികെ കണ്ടെത്താന്‍ ഈ അവസരം ഉപയോഗിക്കുക, അല്ലെങ്കിൽ ആളുകളുടെ ഗ്രൂപ്പുകളുമായി ഓൺ‌ലൈൻ ഒത്തുചേരൽ ഷെഡ്യൂൾ ചെയ്യുക. 
ഇത്തരം ആത്മാര്‍ത്ഥമായ പരിശ്രമങ്ങളില‍ൂടെ നിരാശയും ആശങ്കകളും അകറ്റാനും സാധാരണ ജീവിതത്തിലർക്ക് തിരികെ വരാന‍ും നിങ്ങൾക്ക്   കഴിയ‍ും. ഈ കാലവ‍ും കടന്ന് പോക‍ും. വീണ്ട‍ും വസന്തം വര‍ും. പ‍ുഴകള്‍ ഇനിയ‍ും ഒഴ‍ുക‍ും. നാം സ‍ുരക്ഷിതരായിരിക്ക‍ുക, സന്ത‍ുഷ്‍ടരായിരിക്ക‍ുക. ഉത്തമ പൗരന്‍മാരായി നമ്മ‍ുടെ കര്‍മ്മങ്ങളില്‍ വ്യാപൃതരാവ‍ുക. നാളെകള്‍ നമ്മ‍ുടേതാണ്.

നല്ല ശീലങ്ങൾ:ഭാഗം : 15 വൃത്തിയും വെടിപ്പും വേണം

No comments

നല്ല ശീലങ്ങൾ:
ഭാഗം  : 15  
വൃത്തിയും വെടിപ്പും വേണം 

പ്രിയ വിദ്യാർത്ഥികളെ ,
മനസ്സു നന്നാവട്ടെ .
എല്ലാ മതങ്ങളും വൃത്തിയായി നടക്കണമെന്ന് അനുശാസിക്കുന്നുണ്ട് . വൃത്തി വിശ്വാസത്തിന്റെ ഭാഗമാണ് എന്നത് ഒരു മഹത് വചനമാണ് .
മുടിയും താടിയും ജട കുത്തി നടക്കുന്നവരെ ആരും ഇഷ്ടപ്പെടില്ല . ഇന്നത്തെ ചില യുവാക്കൾ പെൺകുട്ടികളെ പോലെ മുടി വളർത്തുന്നുണ്ട് . പ്രത്യേക ഹെയർ ബാൻഡ് വെച്ചു ഒതുക്കി വെക്കുകയാണിവർ . ചിലർ പിന്നിലേക്ക് ഒതുക്കി കെട്ടി വെക്കുന്നു . ആണും പെണ്ണും തിരിയാത്ത കാലം . കേരളീയ വേഷ വിധാനത്തിൽ ഇതു പോലെ കോലം കെട്ടൽ  കാണാൻ കഴിയില്ല . ചില യുവാക്കളുടെ കയ്യിൽ തണ്ടയും ചരടും കാണാം .കാതു കുത്തിയവരും ഉണ്ട് . മൊത്തത്തിൽ വൃത്തിയും വെടിപ്പും ഇല്ലാത്ത മട്ട് .രക്ഷിതാക്കളുടെയും അധ്യാപകരുടെയും വാക്കുകൾക്ക് യാതൊരു വിലയും കൽപ്പിക്കുന്നില്ല .
സ്വന്തം ശരീരവും മറ്റവയവങ്ങളും വൃത്തിയായി കൊണ്ടു നടക്കൽ അത്യന്താപേക്ഷിതമാണ് . സ്ത്രീകളെ പോലെ ആണുങ്ങൾ മുടി നീട്ടുന്നത് ക്ഷന്തവ്യമല്ല . എല്ലാറ്റിനും ഓരോ വ്യവസ്ഥിതിയുണ്ട് . ആണും പെണ്ണും കെട്ട കോലം കെട്ടാതിരിക്കലല്ലേ നല്ലത് .
നമ്മുടെ വീടും പരിസരവും വൃത്തിയായി കൊണ്ടു നടക്കണം . വൃത്തിഹീനമായാൽ രക്ഷിതാക്കൾ മാത്രമല്ല അതിനുത്തരവാദികൾ .വീട്ടിലെ ഓരോ അംഗവും ഇക്കാര്യം ശ്രദ്ധിച്ചാൽ കാര്യം എളുപ്പമാകും .ഉറക്കിൽ നിന്നും എഴുന്നേറ്റു വരുമ്പോൾ തന്നെ വിരിയും പുതപ്പും മടക്കി ഒതുക്കി വെക്കുക . പഠന മുറിയിൽ പഠനോപകരണങ്ങൾ ഒതുക്കത്തോടെയും വൃത്തിയിലും വെക്കുക . എല്ലാറ്റിനും അടുക്കും ചിട്ടയും വേണം .
ഒരാൾ നമ്മുടെ വീട്ടിൽ വന്നാൽ , അയാൾക്ക് നമ്മെ പറ്റി മതിപ്പ് തോന്നണം . നിങ്ങൾ താടിയും മുടിയും നീട്ടുകയും ,പഠനോപകരണങ്ങൾ വാരിവലിച്ചിടുകയും ചെയ്താൽ ,മറ്റുള്ളവർക്ക് നിങ്ങളെ പറ്റി അവജ്ഞയാണ് തോന്നുക . ടോയ്‌ലറ്റും ബാത്റൂമും വാഷിംഗ് ബേസിനും മറ്റും കഴുകി വൃത്തിയാക്കാൻ അമ്മയെ തന്നെ കാത്തിരിക്കരുത് .വീട്ടിലെ എല്ലാ അംഗങ്ങൾക്കും ആ പണി ചെയ്യാം .
പറമ്പിലും മറ്റും കെട്ടി നിൽക്കുന്ന വെള്ളം ഉണ്ടാവരുത് . ഇതിൽ കൊതുക് വളർന്നു പകർച്ചവ്യാധികൾ പടരാൻ ഇടയാകും . മുറ്റം മുറ്റമായി തന്നെ നിൽക്കട്ടെ ,കാടു നിറയരുത് . വൃത്തികേട്  എവിടെ കണ്ടാലും അതില്ലാതാക്കാനുള്ള മാർഗം കണ്ടെത്തണം . മലിന ജലം തുറസ്സായ സ്ഥലത്തേക്ക് ഒഴുക്കരുത് . മണ്ണിര കമ്പോസ്റ്റ് പോലുള്ളവ ഉണ്ടായാൽ അടുക്കള അവശിഷ്ടങ്ങൾ അതിലിടാം . അത് പിന്നീട് വളമായി ഉപയോഗിക്കാം .ഈ വൃത്തിയും വെടിപ്പും ക്ലാസ്സ്‌ റൂമിലും സ്കൂൾ പരിസരത്തും ഉണ്ടാവണം .വൃത്തി മാന്യതയുടെ അടയാളമാണ് .
ചുറു ചുറുക്കുള്ള കുട്ടികളാവുക .

             എ.ആർ.കൊടിയത്തൂർ 
                  Ghss പെരിങ്ങൊളം ,
                      കോഴിക്കോട് ,
                      9605848833
                          

നല്ല ശീലങ്ങൾ:ഭാഗം : 14പ്ലാസ്റ്റിക് വില്ലനാണ്!സൂക്ഷിക്കുക

No comments

നല്ല ശീലങ്ങൾ:
ഭാഗം : 14
പ്ലാസ്റ്റിക് വില്ലനാണ്!
സൂക്ഷിക്കുക 

പ്രിയ വിദ്യാർത്ഥികളെ ,
മനസ്സു നന്നാവട്ടെ .
പ്ലാസ്റ്റിക് നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു . മാറ്റി നിർത്തിയാലും മാറാതെ നമ്മോടൊപ്പം ഉണ്ടാവും ഈ പ്ലാസ്റ്റിക് വില്ലൻ . പേനയും ബ്രഷും കസേരയും എന്നു വേണ്ട , നാം ഉപയോഗിക്കുന്ന ഭൂരിഭാഗവും പ്ലാസ്റ്റിക് കൊണ്ടു നിർമിക്കപ്പെട്ടതാണ് . അതിൽ പലതും നമുക്ക് മാറ്റി നിർത്താൻ കഴിയില്ല .
പ്ലാസ്റ്റിക് മാലിന്യത്തെയാണ് നാം സൂക്ഷിക്കേണ്ടത് . ഒരിക്കൽ കടയിൽ പോയി സാധനങ്ങൾ വാങ്ങിയാൽ അഞ്ചെട്ട് കവറുകൾ നമ്മുടെ വീട്ടിലെത്തും . ബിസ്കറ്റും മിട്ടായിയും പഞ്ചസാരയും ശർക്കരയുമെല്ലാം കവറിലാണ് പൊതിയുന്നത് . കവർ വ്യാപകമാവുന്നതിനു മുമ്പ് ഇവയൊക്കെ കടലാസിലാണ് പൊതിഞ്ഞിരുന്നത് .
 കടയിൽ നിന്നെത്തുന്ന കവറുകളെല്ലാം അലക്ഷ്യമായി എറിഞ്ഞാൽ നമ്മുടെ വീടിന്റെ പരിസരം പ്ലാസ്റ്റിക് കൊണ്ടു നിറയും . ഒരിക്കലും മണ്ണിൽ ലയിക്കാത്ത പ്ലാസ്റ്റിക് , മണ്ണിനടിയിൽ പെട്ടാൽ മരങ്ങളുടെ വേരോട്ടം തടയും . പ്ലാസ്റ്റിക്കിൽ വെള്ളം കെട്ടി നിന്നാൽ കൊതുകുകൾ പെരുകും .അത് മാരക രോഗങ്ങൾക്ക്
 കാരണമാകും .
ഇനി ,പ്ലാസ്റ്റിക് ഒഴിവാക്കാൻ അത് കത്തിച്ചാലോ  ? ഡയോക്സിൻ എന്ന മാരക വിഷ വാതകം നാം ശ്വസിക്കേണ്ടി വരും .കേരളത്തിലെ പല ഗ്രാമ പഞ്ചായത്തുകളിലും പ്ലാസ്റ്റിക് കവറുകൾ നിരോധിച്ചിട്ടുണ്ട് ,ആശ്വാസകരം തന്നെ . എന്നാൽ പൂർണ തോതിൽ പ്ലാസ്റ്റിക് കവറുകളുടെ വർജിക്കൽ നടന്നിട്ടില്ല .ഫ്ളക്സിന് പകരം വിനയൽ ആണ് ഉപയോഗിക്കുന്നത് .പരിസ്ഥിതി സൗഹൃദമായതിനാൽ അതും ആശ്വാസമാണ് .
വിദ്യാർത്ഥികളായ നിങ്ങൾ പ്ലാസ്റ്റിക് മാലിന്യത്തിന്നെതിരെ രംഗത്തിറങ്ങണം . വീട്ടുപരിസരങ്ങളിൽ പ്ലാസ്റ്റിക് കവറുകൾ വലിച്ചെറിയാതിരിക്കുക . പറമ്പിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒരുമിച്ചു കൂട്ടി ചാക്കുകളിലാക്കുക .പ്ലാസ്റ്റിക് കവറുകളും മറ്റും ഒരുമിച്ചു കൂട്ടിയത് കൊണ്ടു പോവാനുള്ള സംവിധാനം ഗ്രാമ പഞ്ചായത്തുകളിലുണ്ട് .
സാധനങ്ങൾ വാങ്ങാൻ അങ്ങാടിയിലേക്ക് പോകുമ്പോൾ ഒരു തുണി സഞ്ചിയോ ബിഗ് ഷോപ്പറോ കയ്യിൽ കരുതുക .എന്നാൽ കുറച്ചു കവറുകൾ നമ്മുടെ വീട്ടിലെത്താതിരിക്കും .ഒരു വലിയ കവർ അടുക്കളയിലോ മറ്റോ തൂക്കിയിടുക . വീട്ടിലെത്തുന്ന പ്ലാസ്റ്റിക് കവറുകൾ അതിൽ നിക്ഷേപിക്കുക . എന്നിട്ട് ചാക്കിലേക്ക് മാറ്റുക .ക്രമേണ വില്ലനായ പ്ലാസ്റ്റിക്കിനെ നമുക്ക് അകറ്റി നിർത്താം . 
ശുദ്ധ ജലം മലിനമാക്കുന്നതിൽ പ്ലാസ്റ്റിക് വലിയ പങ്കു വഹിക്കുന്നുണ്ട് .വെള്ളത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കെട്ടി കിടന്ന് വെള്ളം മലിനമാക്കുന്നു . പ്ലാസ്റ്റിക് വയറ്റിലെത്തി കന്നുകാലികളും മൃഗങ്ങളും ചത്തൊടുങ്ങുന്ന വാർത്തകളും നാം വായിക്കാറുണ്ട് .
പ്ലാസ്റ്റിക് ഉപയോഗം കുറക്കുക , പരിസ്ഥിതിയുടെ കാവലാളാവുക .


               എ.ആർ.കൊടിയത്തൂർ 
                  GHSS പെരിങ്ങൊളം ,
                      കോഴിക്കോട് ,
                        9605848833.
                            

വിവിധ സ്കോളർഷിപ്പുകളുടെ അവസാന തിയ്യതികൾ'

No comments



വിവിധ സ്കോളർഷിപ്പുകളുടെ അവസാന തിയ്യതികൾ

✳️ പ്രീ മെട്രിക് സ്കോളർഷിപ്പ് ഫോർ മൈനോറിറ്റീസ്
 അവസാന തിയ്യതി : നവംബർ 30

✳️ പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ് ഫോർ മൈനോറിറ്റീസ്
അവസാന തിയ്യതി :
നവംബർ :30

✳️ മെറിറ്റ് കം മീൻസ് സ്കോളർഷിപ്
അവസാന തിയ്യതി :
നവമ്പർ 30

✳️ പ്രീ മെട്രിക് ഫോർ സ്റ്റുഡന്റസ് വിത്ത്‌ ഡിസബിലിറ്റീസ്
അവസാന തിയ്യതി:
നവമ്പർ 30

✳️ പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ് ഫോർ സ്റ്റുഡന്റസ് വിത്ത്‌ ഡിസബിലിറ്റീസ്
അവസാന തിയ്യതി :
നവമ്പർ :30

✳️ സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്
അവസാന തിയ്യതി :
നവമ്പർ 30

✳️ സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ്
(ഒന്നാം വർഷ ഡിഗ്രി, PG വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം)
അവസാന തിയ്യതി :
ഡിസംബർ :1

✳️ ഡിസ്ട്രിക്ട് മെറിറ്റ് സ്കോളർഷിപ്പ്
(2020 SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ ലഭിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം)
അവസാന തിയ്യതി :
ഡിസംബർ 1

✳️ മെറിറ്റ് സ്കോളർഷിപ് ടു ദി ചിൽഡ്രൻ ഓഫ് സ്കൂൾ ടീച്ചേർസ്
(HSE/VHSE ഒന്നാം വർഷ വിദ്യാർഥികളായ പ്രൈമറി/സെക്കണ്ടറി  അധ്യാപകരുടെ മക്കൾക്ക് അപേക്ഷിക്കാം)
അവസാന തിയ്യതി :
ഡിസംബർ 1

✳️ ഹിന്ദി സ്കോളർഷിപ്പ്
അവസാന തിയ്യതി :
ഡിസംബർ 1

✳️ മുസ്ലിം നാടാർ ഗേൾസ് സ്കോളർഷിപ്പ്
അവസാന തിയ്യതി :
ഡിസംബർ 1

✳️ സംസ്‌കൃത സ്കോളർഷിപ്പ്
അവസാന തിയ്യതി :
ഡിസംബർ :1

✳️ സുവർണ ജൂബിലി മെറിറ്റ് സ്കോളർഷിപ്പ്
അവസാന തിയ്യതി :
ഡിസംബർ 1 

✳️ ബ്ലൈൻഡ്/PH സ്കോളർഷിപ്പ്
അവസാന തിയ്യതി
ഡിസംബർ 1

✳️ മ്യൂസിക് ഫൈൻ ആർട്സ് സ്കോളർഷിപ്പ്
അവസാന തിയ്യതി:
ഡിസംബർ 1

✳️ സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ്, ഡിസ്റ്റിക്ട് മെറിറ്റ് സ്കോളർഷിപ്പ്, മെറിറ്റ് സ്കോളർഷിപ്പ് ടു ദി ചിൽഡ്രൻ ഓഫ് ദി സ്കൂൾ ടീച്ചേർസ്, ഹിന്ദി സ്കോളർഷിപ്പ്, മുസ്ലിം നാടാർ ഗേൾസ് സ്കോളർഷിപ്പ്, സംസ്‌കൃത സ്കോളർഷിപ്പ്, സുവർണ ജൂബിലി മെറിറ്റ് സ്കോളർഷിപ്പ്, ബ്ലൈൻഡ്/PH സ്കോളർഷിപ്പ്, മ്യൂസിക്  ഫൈൻ ആർട്സ് സ്കോളർഷിപ്പ് എന്നിവയുടെ പുതുക്കൽ
അവസാന തിയ്യതി :
ഡിസംബർ 1

✳️ APJ അബ്ദുൽ കലാം സ്കോളർഷിപ്പ്
(ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട പോളിടെക്നിക് വിദ്യാർത്ഥികൾക്ക്)
അവസാന തിയ്യതി : ഡിസംബർ 9

✳️ NTSE അപേക്ഷ
അവസാന തിയ്യതി:
നവംബർ 25

✳️ ബീഗം ഹസ്രത് മഹൽ സ്കോളർഷിപ്പ്(മൌലാന സ്കോളർഷിപ്പ്)
അവസാന തിയ്യതി :
നവമ്പർ :28

✳️ PM ഫൌണ്ടേഷൻ ടാലന്റ് സെർച്ച്‌ എക്സാമിനേഷൻ
അവസാന തിയ്യതി :
നവമ്പർ 30

നല്ല ശീലങ്ങൾ , ഭാഗം : 13 മരങ്ങളെ കെട്ടിപിടിക്കുക

No comments
നല്ല ശീലങ്ങൾ , ഭാഗം : 13
മരങ്ങളെ കെട്ടിപിടിക്കുക


നല്ല ശീലങ്ങൾ , ഭാഗം : 13
മരങ്ങളെ കെട്ടിപിടിക്കുക
പ്രിയ വിദ്യാർത്ഥികളെ ,
മനസ്സു നന്നാവട്ടെ .
സൗദി അറേബ്യയിൽ മരം മുറിച്ചാൽ 59 കോടി രൂപ പിഴയും , 10 കൊല്ലം തടവും ലഭിക്കും . റിയാദിൽ നിന്നുള്ള വാർത്ത ഇങ്ങനെ : അനധികൃതമായി മരം മുറിക്കുന്നവർക്ക് 10 വർഷം തടവോ 3കോടി റിയാൽ (59 കോടി രൂപ )പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുമെന്ന് സൗദി അറേബ്യ .
മരം മുറിക്കുന്നതിനു പുറമെ ,ഔഷധ സസ്യം ,ചെടികൾ എന്നിവ വേരോടെ പിഴുതെടുക്കുകയോ ,ഇലകൾ ഉരിയുകയോ ചെയ്യുക ,മരത്തിന്റെ കടക്കലുള്ള മണ്ണ് നീക്കുക എന്നിവയെല്ലാം പരിസ്ഥിതി നിയമ പ്രകാരം കുറ്റകരമാണെന്നും വ്യക്തമാക്കി .
വിഷൻ 2030തിനോട് അനുബന്ധിച്ചു ഹരിതവല്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി .ഒരു കോടി മരങ്ങൾ നടുന്ന ആദ്യ ഘട്ട പദ്ധതി 2021 ഏപ്രിലിൽ പൂർത്തിയാകും .മരുഭൂമിയിലെ വർത്തമാനം ആണിത് .
നമ്മുടെ കൊച്ചു കേരളത്തിൽ എല്ലാ നിയമവും കാറ്റിൽ പറത്തിയാണ് മരം മുറിക്കുന്നത് .കൊച്ചു കൊച്ചു മരങ്ങളുടെ നേർക്ക് കോടാലി ഓങ്ങുമ്പോൾ നമുക്ക് യാതൊരു മനക്കുത്തും നേരിടുന്നില്ല . വീട് നിർമാണത്തിന് നാം ആവശ്യത്തിനും അല്ലാതെയും മരം കൊത്തിമുറിക്കുന്നു . വീടിന്റെ ചുമരും കോണിയും മട്ടുപ്പാവുമെല്ലാം മരം തന്നെയാവണമെന്ന് വാശി പിടിക്കുന്നവരുണ്ട് .ഒരു മരം മുറിക്കുമ്പോൾ നാം എത്ര മരം വെച്ചു പിടിപ്പിക്കുന്നുണ്ട് ? .മരങ്ങൾ വെട്ടി മാറ്റുമ്പോൾ ,നമുക്ക് ശ്വസിക്കേണ്ട ഓക്സിജൻ ആണ് നാം ഇല്ലാതാക്കുന്നത് എന്ന് ഓർക്കുന്നുണ്ടോ .മനുഷ്യന്റെ അത്യാർത്തിയാണ് എല്ലാ പാരിസ്ഥിതിക പ്രശ്നങ്ങൾക്കും കാരണം .
കേരള വനം വകുപ്പ് എല്ലാ വർഷവും പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ സൗജന്യമായി നൽകുന്നുണ്ട് . അത് വാങ്ങി നമ്മൾ കുഴിച്ചിടുക , വേണ്ട രൂപത്തിൽ പരിപാലിക്കുക .വിദ്യാർത്ഥികളായ നിങ്ങൾ ഇടക്ക് ഫോറസ്റ്റുകൾ സന്ദർശിക്കുക .പ്രകൃതി ആസ്വദിക്കുക .
ഭൂമിയുടെ അവകാശികൾ ആരെല്ലാം ആണെന്ന് വൈക്കം മുഹമ്മദ്‌ ബഷീർ ,തന്റെ നോവലിലൂടെ നമുക്ക് മുമ്പിൽ അനാവൃതമാക്കുന്നുണ്ട് .നാമെല്ലാത്ത ഒരുപാട് പേർ ഭൂമിയിൽ ഉണ്ട് .അവർക്ക് വേണ്ടിയും , വരാനുള്ളവർക്കു വേണ്ടിയും മരങ്ങളെ നാം കാത്തു സംരക്ഷിക്കണം .മരങ്ങളെ നാം കെട്ടിപ്പിടിക്കുക ,ആർത്തിയുള്ള മനുഷ്യരിൽ നിന്നും സംരക്ഷിക്കുക .
-എ .ആർ .കൊടിയത്തൂർ .
GHSS PERINGOLAM
9605848833.


നല്ല ശീലങ്ങൾ ഭാഗം :12 കൃഷിയെ പരിചരിക്കാം .

No comments
നല്ല ശീലങ്ങൾ
  ഭാഗം :12
കൃഷിയെ പരിചരിക്കാം .


പ്രിയ വിദ്യാർത്ഥികളെ ,
മനസ്സു നന്നാവട്ടെ .
നിങ്ങളുടെ രക്ഷിതാക്കൾ ചെറിയ തോതിലെങ്കിലും കൃഷി ചെയ്യുന്നവരായിരിക്കും .ഈ കൊറോണ കാലത്ത് പ്രത്യേകിച്ചും .ഇപ്പോൾ പലരും കൃഷിയിലേക്ക് തിരിഞ്ഞിട്ടുണ്ട് .ചിലർ മീൻ വളർത്താൻ പഠിച്ചു .കോഴിയെ പോറ്റുന്നവരും ഉണ്ട്  .കാട കൃഷിയും ചെയ്യുന്നവരുണ്ട് .
എന്തായാലും വിഷ രഹിത പച്ചക്കറികൾ ഉപയോഗിക്കാമല്ലോ . പോഷക സമ്പുഷ്ടമായ കാട മുട്ടയും കോഴി മുട്ടയും തിന്നാൻ കിട്ടിയ അവസരമാണ് . ശുദ്ധ ജലത്തിൽ വളരുന്ന മത്സ്യം പലരുടെയും ഇഷ്ട ഭോജ്യമാണ് .
നിങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ ഉണ്ടെങ്കിലും ഒഴിവ് സമയത്ത് നിർബന്ധമായും കൃഷിയെ പരിചരിക്കണം . ഗെയിം കളിക്കുന്നതിനേക്കാൾ മനസികോല്ലാസം കൃഷി പരിചരിക്കുന്നതിലൂടെ ലഭിക്കും . മനുഷ്യർ സ്ഥിരമായി കൃഷിയുടെ അടുത്തു ചെന്ന് ,അവ പരിചാരിച്ചാൽ പെട്ടെന്ന് വളരും 
മനുഷ്യ ശരീരത്തിൽ  നിന്നും എന്തോ ഒന്ന് ചെടിയിലേക്ക് ലഭിക്കുന്നുണ്ട് , അത് കൊണ്ടാണ് ,അവ വേഗത്തിൽ വളരുന്നത് .ഒരുദാഹരണം പറയാം .നെൽ വയലുകളിൽ ആൾക്കാർക്ക് നടക്കാനുള്ള വരമ്പുകളുണ്ടാവും , ആൾ പെരുമാറ്റമുള്ള വരമ്പുകളുടെ ഇരു വശവുമുള്ള നെല്ല് നന്നായി വളർന്നിട്ടുണ്ടാവും .
നിങ്ങളുടെ വീടുകളിൽ നിർബന്ധമായും ചില പച്ചക്കറികൾ ഉണ്ടാക്കണം .സ്ഥലമില്ല എന്നു പറയരുത് . മുറ്റത്തും ടെറസിലും ഗ്രോ ബാഗിലോ ചാക്കിലോ വലിയ പാത്രങ്ങളിലോ മണ്ണ് നിറച്ചു കൃഷി ചെയ്യാം .ഒരു കൊട്ട മണ്ണ് ,ഒരു കൊട്ട ചാണക പൊടി , ഒരു കൊട്ട ചകിരി ച്ചോർ എന്ന അനുപാതത്തിലാണ് മണ്ണൊരുക്കേണ്ടത് . രാവിലെയും വൈകുന്നേരവും  നനച്ചു കൊടുക്കണം .നന്നായി പരിചരിച്ചാൽ നല്ല വിളവ് ലഭിക്കും .
കൃഷി ചെയ്യുമ്പോൾ മാരക കീടനാശിനികളും രാസ വളങ്ങളും പ്രയോഗിക്കപ്പെടുന്ന ചില കൃഷിയിനങ്ങളുണ്ട് .നേന്ത്രപ്പഴം , കറിവേപ്പില , കാബേജ് ,കോളിഫ്ലവർ തുടങ്ങിയവ കടയിൽ നിന്നും വാങ്ങാതിരിക്കുന്നതാണ് നല്ലത് . വീട്ടിൽ നിർബന്ധമായും ഉണ്ടാക്കേണ്ട ചിലയിനങ്ങളുണ്ട് . പപ്പായ ,മുരിങ്ങ ,കറിവേപ്പില ,ചീരകൾ , മല്ലി ചപ്പ് ,പൊതീന ,ഇഞ്ചി ,മഞ്ഞൾ ,ചേമ്പ് , ചേന തുടങ്ങിയ ഇനങ്ങൾ സ്ഥലം ഉള്ളതിനനുസരിച്ചു കൃഷി ചെയ്യാം , ജൈവ കൃഷി രീതി ആയിരിക്കണം സ്വീകരിക്കേണ്ടത് .വെള്ളവും വളവും നൽകി നിങ്ങൾ വിദ്യാർത്ഥികൾ കൃഷിയെ പരിപാലിക്കുക .നമുക്ക് വിഷ രഹിത ഭക്ഷണം കഴിക്കാം 



          എ.ആർ.കൊടിയത്തൂർ
               Ghss പെരിങ്ങൊളം ,
                9605848833


കുട്ടികൾക്ക് കുട്ടിത്തം ഒരവകാശമാണ്..കളിപ്പാട്ടം പൊട്ടിക്കുന്നവനാണ് കുട്ടി.

No comments

കുട്ടികൾക്ക് കുട്ടിത്തം ഒരവകാശമാണ്..
കളിപ്പാട്ടം പൊട്ടിക്കുന്നവനാണ് കുട്ടി.
ചുമരിൽ വരക്കുന്നവനാണ് കുട്ടി..
ചുമർ വൃത്തികേടാവുകയല്ല  മറിച്ച് കോറി വരച്ച് കോറി വരച്ച് അവൻ ജീവിതത്തിലേക്ക് കേറി വരികയാണ്.
കാരണം 'പൊട്ടാതെ തകരാതെ അലമാരയിലിരിക്കുന്ന കളിപ്പാട്ടങ്ങൾ പൊട്ടിത്തകർന്നു പോയ ഒരു ബാല്യത്തിന്റെ സൂചനകളാണ്..
വളർത്തലല്ല വളരാൻ അനുവദിക്കലാണ് വേണ്ടത്...

G๑๑d  ℳ๑➰ทïทg.....

നല്ല ശീലങ്ങൾ ഭാഗം:11:ആരോഗ്യം സംരക്ഷിക്കൂ

No comments


നല്ല ശീലങ്ങൾ  
ഭാഗം:11:
ആരോഗ്യം സംരക്ഷിക്കൂ 

പ്രിയ വിദ്യാർത്ഥികളെ ,
മനസ്സു നന്നാവട്ടെ ,
ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാവുകയുള്ളൂ .പഠനത്തോടൊപ്പം സ്വന്തം ശരീരത്തിന്റെ ആരോഗ്യവും സംരക്ഷിക്കണം . ചെറിയ കുട്ടികളോട് പറയുന്ന പോലെ പറഞ്ഞു തുടങ്ങാം .രണ്ടു നേരവും നന്നായി പല്ലു തേക്കണം .രാത്രി കിടക്കുന്നതിനു മുമ്പ് പല്ലു തേച്ചില്ലെങ്കിൽ പല്ലിന്റെ ആരോഗ്യം ഇല്ലാതാകും .ഉറക്കിൽ നിന്നും ഉണർന്നു പല്ല് തേച്ചതിനു ശേഷം ഒരു ഗ്ലാസ്‌ ശുദ്ധ ജലം കുടിക്കുക , ഇത് ശരീരത്തിന് നല്ലതാണ് . കുളിക്കുമ്പോൾ ,വെള്ളം സുലഭമായ സമയത്തു ആസ്വദിച്ചു കുളിക്കുക .വെള്ളം തലയിൽ ഒഴിക്കുന്നതിന്നു മുമ്പ് , വായ നിറയെ വെള്ളം ആക്കുക .ഇത് കുളി കഴിഞ്ഞതിനു ശേഷമേ തുപ്പിക്കളയാവൂ .തലയും മുഖവുമായി ബന്ധപെട്ട അസുഖങ്ങൾ വരാതിരിക്കും .
വൈകുന്നേരങ്ങളിൽ അൽപ സമയം കളിക്കണം .ക്രിക്കറ്റ്‌ കളിക്കേണ്ട എന്നാണ് എന്റെ പക്ഷം , ഫുട്ബാൾ ,വോളിബോൾ ,ബാസ്കറ്റ് ബോൾ , ഷട്ടിൽ തുടങ്ങിയ കളികൾ കൊണ്ട് കിട്ടുന്ന ശാരീരിക വ്യായാമം , ക്രിക്കറ്റ്‌ കളി  കൊണ്ടു കിട്ടില്ല . വികസിത രാജ്യങ്ങളിൽ ക്രിക്കറ്റ്‌ കളി കുറവാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത് .വികസ്വര രാഷ്ട്രങ്ങളിലെ ജനങ്ങളുടെ സമയം  ക്രിക്കറ്റ് കളി കവർന്നെടുക്കുന്നു എന്നാണ് എന്റെ അഭിപ്രായം .
കളി കഴിഞ്ഞു ,അൽപ്പം വിശ്രമിച്ചു കുളിക്കുക .അപ്പോൾ രണ്ടു നേരം കുളിയായി .കളിക്കുന്നതിനിടയിൽ കാലിനോ മറ്റോ മുറിവ് പറ്റിയാൽ ആശുപത്രിയിലേക്ക് ഓടേണ്ട .മുറിവ് പറ്റിയ ഇടം ,നന്നായി കഴുകി തുടച്ചു വീട്ടിലുള്ള മഞ്ഞൾ പൊടി പുരട്ടുക .ചുവന്ന ഇലയുള്ള ഔഷധ ചെടിയായ  'മുറിപൂട്ടി ' വീട്ടിൽ വളർത്തണം .ഇതിന്റെ ഇല നന്നായി ചതച്ചു നീര് ആക്കിയാൽ ,ചെറിയ മുറിവുകളെല്ലാം പെട്ടെന്ന് ഉണങ്ങും .മഞ്ഞൾ കൃഷി ചെയ്യുമല്ലോ .
മൈലാഞ്ചി നല്ലൊരു ഔഷധമാണ് . മൈലാഞ്ചിയും പച്ചമഞ്ഞളും അരച്ചു തേച്ചാൽ കുഴി നഖം പോലുള്ളത് പിന്നെ കാണില്ല .പല്ലു വേദന വന്നാൽ വെള്ളുള്ളി ചൂടാക്കി വെച്ചാൽ മതി .ഇങ്ങനെ കുറേ ഒറ്റ മൂലികളുണ്ട് .മുറിവെണ്ണ ,ഉരഗുളിക ,താലീസ പത്രാതി ചൂർണ്ണം ഇവ വീട്ടിലുണ്ടാവുന്നത് വളരെ നല്ലതാണ് .വൃത്തി യായി നടക്കുക .നല്ല ഭക്ഷണം കഴിക്കുക .
വീട്ടിലെ പണികളിൽ സഹായിക്കുക ,അച്ഛൻ കച്ചവടക്കാരനാണെങ്കിൽ ,തിരക്കുള്ള വൈകുന്നേരങ്ങളിൽ അച്ഛനെ സഹായിക്കാം .എപ്പോഴും അച്ഛന്റെ കൂടെ ആവരുത് എന്നു മാത്രം .അമ്മയെ അടുക്കള പണിയിൽ ,പെൺകുട്ടികൾ മാത്രമല്ല സഹായിക്കേണ്ടത് . ആൺകുട്ടികൾക്കും ആവാം . അടിച്ചു വാരലും പാത്രം കഴുകലും സ്ത്രീകൾക്കു മാത്രം സംവരണം ചെയ്തതല്ല .മഹാത്മാ ഗാന്ധിയും പ്രവാചക തിരുമേനിയും വീട്ടിലെ എല്ലാ പണികളും എടുത്തിരുന്നു . എല്ലാ പണിയിലും നാം ആത്മ സംതൃപ്തി കണ്ടെത്തണം .
വ്യക്തി ,കുടുംബം ,സമൂഹം - എല്ലാം സൽ പന്ഥാവിൽ ആവട്ടെ .
  

              എ .ആർ.കൊടിയത്തൂർ 
                   GHSS പെരിങ്ങൊളം
                           

നല്ല ശീലങ്ങൾ ഭാഗം - 10 ആഹ്ലാദം പങ്കു വെക്കുക

No comments
നല്ല ശീലങ്ങൾ 
ഭാഗം - 10
ആഹ്ലാദം പങ്കു വെക്കുക 

സൗഭാഗ്യപ്രദമായ ജീവിതം നയിക്കണമെന്ന് ആഗ്രഹമില്ലാത്ത ഒരു മനുഷ്യ ജീവിയും ഈ ഭൂമുഖത്തു ഉണ്ടാവില്ല . സന്തോഷം അന്വേഷിച്ചു കൊണ്ട് പരക്കം പായുന്ന ജനങ്ങളെ മാത്രമാണ് ഇന്ന് എവിടെ നോക്കിയാലും കാണാൻ കഴിയുക . അത് കണ്ടെത്താൻ പലർക്കും സാധിക്കുന്നില്ല എന്നതാണ് പരമാർത്ഥം . ഇതിനെ കുറിച്ച് ഒരു പുരാണ കഥയുണ്ട് .
ഒരു കാലത്ത് ലോകത്തിലുള്ള മനുഷ്യരെല്ലാം വളരെ ആഹ്ലാദ ഭരിതരായിട്ടാണ് ജീവിതം നയിച്ചു വന്നത് . കാലക്രമേണ അവർ തങ്ങളുടെ ആനന്ദം ദുർവിനിയോഗം ചെയ്തു തുടങ്ങി . ഇത് മനസ്സിലാക്കിയ ബ്രഹ്‌മാവ്‌ മനുഷ്യരിൽ നിന്നും ' ആനന്ദം ' എടുത്തു മാറ്റി .അത് അവർക്ക് കണ്ടു പിടിക്കാനാവാത്ത എവിടെയെങ്കിലും ഒളിച്ചു വെക്കണമെന്ന് തീരുമാനിച്ചു . അദ്ദേഹം ദേവകണങ്ങളെ വിളിച്ചു കൂട്ടി ഒരാലോചന നടത്തി .മനുഷ്യൻ കണ്ടുപിടിക്കാതെ ഇത് ഒളിച്ചു വെക്കേണ്ട സ്ഥാനം എവിടെയാണെന്നുള്ളതാണ് പ്രശ്നം .
പലരും പല അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു ." ഭൂമിക്കടിയിൽ അവന്റെ ആനന്ദം ഒളിച്ചു വെക്കാം  " ഇന്ദ്രൻ പറഞ്ഞു .
" നല്ല കാര്യം , അവൻ ഭൂമി പിളർന്നു അത് കണ്ടുപിടിക്കും  " ബ്രഹ്മാവിന് ആ അഭിപ്രായത്തോട് യോജിക്കാനായില്ല .
" മനുഷ്യന്റെ സന്തോഷം ഭൂമിയിലുള്ള ഏറ്റവും ആഴം കൂടിയ കടലിൽ താഴ്ത്തിയിടാം " മഹേശ്വരൻ അഭിപ്രായപ്പെട്ടു .
" മനുഷ്യനെ നിങ്ങൾ മനസ്സിലാക്കിയിട്ടില്ല , അവൻ കടലുകളെല്ലാം അരിച്ചു പെറുക്കി അത് കണ്ടെടുക്കും " ബ്രഹ്മാവ് അതിനോടും വിയോജിച്ചു . ഇതുപോലെ പല അഭിപ്രായങ്ങളും വന്നെങ്കിലും , അതൊന്നും പ്രയോഗികമാവുകയില്ലെന്ന് മനസ്സിലാക്കിയ സ്രഷ്ടാവ് , തീരുമാനങ്ങൾ ഒന്നുമെടുക്കാതെ സഭ പിരിച്ചു വിടാനൊരുങ്ങി . അപ്പോഴാണ് ബ്രഹ്മാവിന് പുതിയൊരു ആശയം തോന്നിയത് .
" നമുക്കൊരു കാര്യം ചെയ്യാം . മനുഷ്യന്റെ സന്തോഷം അവനിൽ തന്നെ ഒളിച്ചു വെക്കാം .അവൻ അതിന് വേണ്ടി ഭൂലോകം മുഴുവൻ തിരഞ്ഞു നടക്കും . അത് അവനിൽ തന്നെ കുടികൊള്ളുന്നുണ്ടെന്ന സത്യം അവനൊട്ടു മനസ്സിലാക്കുകയുമില്ല ."
ദേവന്മാർ ഒന്നിച്ചു ഈ അഭിപ്രായത്തെ പിന്താങ്ങി . അന്നു മുതൽ ആനന്ദം കണ്ടെത്താൻ  മനുഷ്യൻ കരയിലും കടലിലും ആകാശത്തുമെല്ലാം പരതി നടക്കുകയാണ് . അത് അവനിൽ തന്നെയുണ്ടെന്നുള്ള പരമാർത്ഥം ആ പാവം മനസ്സിലാക്കുന്നുമില്ല .
മനുഷ്യന്റെ യഥാർത്ഥ സ്വഭാവം വെളിപ്പെടുത്തുന്നതാണ് ഈ പുരാണ കഥ .
എല്ലാവർക്കും ആവശ്യം  ആനന്ദവും സുഖവുമാണ് . പക്ഷെ ,അത് എങ്ങനെ സ്വായത്തമാക്കാം എന്ന കാര്യത്തിൽ മാത്രം ബഹുഭൂരിപക്ഷം പേരും അജ്ഞരാണ് താനും . പലരും പലതിലും സുഖം തേടുന്നു . ചിലർ ധനത്തിൽ , മറ്റു ചിലർ പേരിലും പെരുമയിലും , വേറെ ചിലർ മദ്യത്തിലും മദിരാക്ഷിയിലും . ആഹ്ലാദം ശരിയായ മാർഗ്ഗത്തിലൂടെയാണ് തേടേണ്ടത് .
വീട്ടിൽ എല്ലാവരും ഒന്നിച്ചിരുന്നു സംസാരിക്കാനും സമയം കണ്ടെത്തണം .കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുക . അപ്പോഴെങ്കിലു മൊബൈൽ ഫോണിൽ നിന്നും അകന്നു നിൽക്കാം . ഒന്നിച്ചു ഭക്ഷണം കഴിക്കുമ്പോൾ ഒഴിവാക്കാൻ പറ്റുന്ന ഓൺലൈൻ പരിപാടികൾ ഒഴിവാക്കുക .
മനസ്സിന്നു സമാധാനവും ശാന്തിയും ലഭിക്കുമ്പോഴുള്ള ഉള്ളു തുറന്ന ആഹ്ലാദം മനുഷ്യ ജീവിതത്തിന്റെ മുൻഗമനത്തിന്ന് വളരെയേറെ ഉപകാരപ്പെടും . വിദ്യാർത്ഥികളായ നിങ്ങൾ മാതാപിതാക്കളുമായും മുതിർന്ന ആൾക്കാരുമായും സ്നേഹിതന്മാരുമായും ആഹ്ലാദം പങ്കിടുക .
നാം ആത്മാവബോധം ഉള്ളവരായിരിക്കുകയും  നമ്മോട് തന്നെ സൗഹാർദ്ദത്തിൽ കഴിഞ്ഞു കൂടുകയും ചെയ്യുക . സൗഭാഗ്യത്തിനുള്ള മാർഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണിത് .സ്വയം അംഗീകരിക്കുക .ആത്മ വിശ്വാസമുള്ള ഒരാൾക്ക് മാത്രമേ ഏത് കാര്യത്തിലും വിജയം നേടുവാൻ സാധ്യമാവുകയുള്ളൂ .
എല്ലാവർക്കും നല്ലത് ഭവിക്കട്ടെ .

             എ .ആർ.കൊടിയത്തൂർ
                     

നല്ല ശീലങ്ങൾ :ഭാഗം : 9 സൗമ്യ ഭാവം വിരിയട്ടെ .

No comments

നല്ല ശീലങ്ങൾ   - ഭാഗം  : 9
സൗമ്യ ഭാവം വിരിയട്ടെ .

മുഖ പ്രസന്നതയും സൗമ്യ സ്വഭാവവും വശ്യമായ പുഞ്ചിരിയും ഏതൊരാളിലും സ്വാധീനം ചെലുത്തും . തഴുകി തലോടുന്ന വാക്കുകളിലൂടെയും , സ്നേഹമസൃണമായ പെരുമാറ്റത്തിലൂടെയും,  വിട്ടുവീഴ്ചയോടെയും മറ്റുള്ളവരുമായി സംവദിക്കുമ്പോൾ നമ്മുടെ സാന്നിധ്യം ആർക്കും അരോചകമാവില്ല . എന്നല്ല മിക്ക ആളുകളും നമ്മുടെ സാമീപ്യം ആഗ്രഹിക്കുകയും ചെയ്യും . പരുഷമായ പെരുമാറ്റത്തിലൂടെ എന്തെങ്കിലും കാര്യം നേടാൻ ശ്രമിച്ചാൽ , അത് ലഭ്യമാവുമെങ്കിലും അതിന്റെ പേരിൽ അവിടെ ഒരു വെറുപ്പും അകൽച്ചയും രൂപപ്പെടും .എന്നാൽ സൗമ്യമായിട്ടാണ് സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതെങ്കിൽ സ്നേഹവും അടുപ്പവും വർധിക്കുകയാണ് ചെയ്യുക . 
അഹംഭാവമാണ് മനുഷ്യരെ ഹൃദ്യമായ പെരുമാറ്റത്തിൽ നിന്നും  അകറ്റി നിറുത്തുന്നത് . സ്നേഹവും സഹാനുഭൂതിയും കനിവും അനുകമ്പയും കവിഞ്ഞൊഴുകുന്ന വിധം ആളുകളോട് പെരുമാറുമ്പോഴാണ് അത് ചേതോഹരമാകുന്നത് .അല്ലായെങ്കിൽ അത് വികൃതവും വഷളത്തരവുമായിരിക്കും . ഒന്നു മനം തുറന്നു പുഞ്ചിരിക്കാൻ പോലും പിശുക്ക് കാണിക്കുന്നവരാണ് പലരും . യഥാർത്ഥത്തിൽ സ്വന്തം മുഖം വികൃതമാക്കുകയാണ് അത്തരക്കാർ ചെയ്യുന്നത് . മനുഷ്യരോട് മാത്രമല്ല , മൃഗങ്ങളോടും സ്വഭാവത്തിലും പെരുമാറ്റത്തിലുമെല്ലാം സൗമ്യത മുഖമുദ്രയാക്കുക എന്നത് നമ്മുടെ സൗന്ദര്യം വർധിപ്പിക്കുമെന്ന് മാത്രമല്ല , അതൊരു മഹാഭാഗ്യവുമാണ് . ആ സൗന്ദര്യത്തിലേക്ക് ജനങ്ങൾ  ആകൃഷ്ടരാകും . സൗമ്യതയുടെ അഭാവത്തിൽ ആളുകൾ നമ്മിൽ നിന്നും പരമാവധി അകലം പാലിക്കും .
ഒരാൾ പ്രഭാഷണം നടത്തുമ്പോൾ അയാളെ ഉറ്റു നോക്കി ആളുകൾ ശ്രദ്ധാപൂർവം കേട്ടിരിക്കുന്നത് എന്തു കൊണ്ടാണ്  ? മറ്റൊരാൾ സംസാരിക്കുമ്പോൾ ആളുകൾ പരസ്പരം സംസാരത്തിൽ മുഴുകുന്നത് ,അല്ലെങ്കിൽ മൊബൈൽ ഫോണിലെ സന്ദേശങ്ങൾ വായിച്ചു കൊണ്ടിരിക്കുന്നത് എന്തു കൊണ്ടാണ്  ? 
അതാണ് സംസാര വൈഭവം , സൗമ്യ ഭാവം . മറ്റുള്ളവരോട് പെരുമാറാനുള്ള ആളുകളുടെ കഴിവും പ്രാപ്തിയും വ്യത്യസ്തമായിരിക്കും . സൗമ്യമായ പെരുമാറ്റമാണ് നിങ്ങൾ  മറ്റുള്ളവർക്ക് മുമ്പിൽ കാഴ്ച്ച വെക്കുന്നതെങ്കിൽ , നിങ്ങളെ പറ്റി നല്ലൊരു രൂപം അവരുടെ മനസ്സിൽ പതിയും . സൗമ്യത നമ്മുടെ വ്യക്തിത്വത്തിന് മാറ്റു കൂട്ടും . പ്രായമായവരോട് പ്രത്യേകിച്ചും സൗമ്യമായി ഇടപെടുക . വല്യച്ചനും വല്യമ്മക്കും  നിങ്ങളിൽ നിന്നും കൺകുളിർമ്മ ലഭിക്കട്ടെ . നിങ്ങളുടെ സ്വഭാവം നന്നായാൽ നിങ്ങളുടെ മാതാപിതാക്കൾ ആത്മസംതൃപ്തി നുകരും .
എന്നെന്നും നമ്മിൽ സൗമ്യഭാവം വിരിയട്ടെ .
  


എ .ആർ .കൊടിയത്തൂർ 
GHSS PERINGOLAM ,
9605848833

നല്ല ശീലങ്ങൾ: ഭാഗം :8.കോപത്തെ നിയന്ത്രിക്കുക

No comments

നല്ല ശീലങ്ങൾ: 
 ഭാഗം :8.
കോപത്തെ നിയന്ത്രിക്കുക 

പ്രിയ വിദ്യാർത്ഥികളെ ,
മനസ്സു നന്നാവട്ടെ .
ദേഷ്യം പിടിക്കാത്തവർ ഉണ്ടാവില്ല .എന്നാൽ ചിലർ ക്ഷമാലുക്കളായി  കോപത്തെ നിയന്ത്രിക്കും . ചിലർക്ക് കോപം തലയിൽ കയറി ഭ്രാന്ത് പിടിക്കും .കോപത്തെ നിയന്ത്രിക്കാൻ കഴിയുന്നവരാണ് അധികമാളുകളും .
അസഭ്യ പദം പറയുക , ചീത്ത പറയുക  , തെറി വിളിക്കുക , ഇടിച്ചു താഴ്ത്തി സംസാരിക്കുക ,ആഭാസകരമായ ആംഗ്യങ്ങൾ കാട്ടുക ,പ്രത്യേക സന്ദർഭത്തിൽ കൂവുക  ........തുടങ്ങി പല തരത്തിൽ തന്റെ ഉള്ളിലുള്ള വികാര വിക്ഷോഭത്തെ കോപിഷ്ഠർ വെളിവാക്കുന്നു .
പാമ്പിന് കോപം വന്നാൽ തല പൊക്കി ചീറ്റും , കാള ഇടഞ്ഞാൽ കൊമ്പ് കുലുക്കും , ഗോറില്ല പല്ലിളിക്കും , പൂച്ച നഖം പുറത്തു കാട്ടും .മനുഷ്യന് ദേഷ്യം വന്നാൽ എങ്ങിനെയൊക്കെയാവും പ്രതികരണം . അലറുക ,പല്ലു കടിക്കുക , മുഷ്ടി ഉയർത്തുക ,തല്ലുക , തൊഴിക്കുക , മേശയിൽ ഇടിക്കുക , ചീത്ത പറയുക : ഇങ്ങനെ പലവിധമായിരിക്കും ദേഷ്യത്തിന്റെ പ്രതികരണങ്ങൾ .
കോപം സ്ഥിര സ്വഭാവമായി കൊണ്ടു നടക്കുന്ന ഒരു കൂട്ടരുണ്ട് . മൂക്കിൻ തുമ്പത്തായിരിക്കും അവരുടെ ശുണ്ഠി . എല്ലാ കാര്യത്തിനും അവർ ദേഷ്യം പിടിക്കും . എന്തു ചോദിച്ചാലും ദേഷ്യത്തോടെ ആയിരിക്കും അവർ പ്രതികരിക്കുക .ഏതു നേരവും കോപം വെറുതെയങ്ങ് കേറി വരും . മറ്റുള്ളവർക്ക് ദേഷ്യം തോന്നാത്ത പല കാര്യങ്ങളും ഇത്തരം ആളുകൾക്ക് കലിയുടെ കാരണമാകും .
കോപം ജ്വലിച്ചുയരുന്ന വേളയിൽ എന്തു പറയുന്നുവെന്നോ , എന്തു പ്രവർത്തിക്കുന്നുവെന്നോ പലർക്കും ഓർമയുണ്ടാവില്ല . നാവിൽ വരുന്നത് പറയുകയും , തോന്നുന്നത് പ്രവർത്തിക്കുകയും ചെയ്യും .ഹയർ സെക്കന്ററി അധ്യാപകനായ എനിക്ക് ഇത്തരം ചില കുട്ടികളിൽ നിന്നും ചില അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് . ചെറിയൊരു കാര്യം മതി ചിലർക്ക് ദേഷ്യം വരാൻ .
" മല്ലയുദ്ധം ജയിക്കുന്നവനല്ല , ദേഷ്യം വരുമ്പോൾ ആത്മ നിയന്ത്രണം പാലിക്കുന്നവനാണ് കരുത്തനെന്നു പ്രവാചകൻ പഠിപ്പിക്കുന്നു .
ചിലർ ദേഷ്യത്തെ അമർത്തിപിടിക്കാറുണ്ട് . ടെലിവിഷൻ ഓഫ് ചെയ്തു പുസ്തകമെടുത്തു പഠിക്കാൻ മോനോട് അച്ഛൻ പറയുന്നു .അവന്ന് അതത്ര ഇഷ്ടമായില്ല . ഫുട്ബാൾ മത്സരമാണ് , കാണാതിരിക്കാൻ മനസ്സു വരുന്നില്ല .അച്ഛൻ ശബ്ദമുയർത്തുന്നു .മകൻ ഉള്ളിലമർത്തിയ ദേഷ്യത്തോടെ റിമോട്ട് സോഫയിൽ എറിഞ്ഞിട്ട് പഠന മുറിയിലേക്ക് പോകുന്നു . അവന്റെ ദേഷ്യം മാറുന്നില്ല . ദേഷ്യത്തെ അമർത്തിപ്പിടിച്ചതാണ് .കോപം അമർത്തി വെക്കുന്നതും മൂടി വെക്കുന്നതും വലിയ പ്രശ്നങ്ങളുണ്ടാക്കും .
കോപിഷ്ഠരെ പ്രകോപിപ്പിക്കുന്ന കാരണങ്ങൾ എന്താണെന്നു മനസ്സിലാക്കി , അതിൽ നിന്നും അകന്നു നിന്നാൽ കോപം ഒഴിവാക്കാം . കോപം ഉള്ളിൽ നുരയിട്ടു പൊന്തുമ്പോൾ തന്നെ തിരിച്ചറിഞ്ഞു അതിനെ നിയന്ത്രിക്കാനാവണം . കോപത്തെ വരുതിയിൽ ആക്കാനുള്ള ഒരു മാർഗം തന്റെ ശ്രദ്ധ മറ്റു കാര്യത്തിലേക്ക് തിരിക്കുക എന്നതാണ് .കോപത്തിന്റെ ചൂട് കുറക്കാൻ ദീർഘമായി ശ്വാസോച്ഛാസം ചെയ്യുന്നത് വളരെ പ്രയോജനകരമാണ് . വഴക്കിട്ട സ്ഥലത്തു നിന്നും മാറിപ്പോകുന്നത് ദേഷ്യത്തെ കുറക്കും .ദേഷ്യം വരുമ്പോൾ പാട്ടു കേൾക്കുന്നതും പ്രയോജനകരമാണ് . കോപത്തെ മെരുക്കാൻ തണുത്ത വെള്ളം കുടിക്കുന്നത് ഉപകാരപ്പെടും . കയ്യും മുഖവും കഴുകിയാലും കോപത്തിന് ശമനം ലഭിക്കും .മുസ്‌ലിംകളുടെ പ്രാർത്ഥനക്കു മുമ്പുള്ള അംഗസ്നാനം നടത്തുന്നത് കോപത്തെ ശമിപ്പിക്കുമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു .
 വീടാണ് സംസ്കാരത്തിന്റെ കളിത്തൊട്ടിൽ . കൂടുമ്പോൾ സന്തോഷം , പിരിയുമ്പോൾ വീണ്ടും കാണാനും , അടുത്തിരിക്കാനുമുള്ള  ആഗ്രഹം . അതാണ് കുടുംബങ്ങളെ കൂട്ടിയിണക്കേണ്ട ഹൃദയ വികാരം . അവിടെ ദേഷ്യപ്പെടാനുള്ള അവസരമുണ്ടാക്കരുത് . ഇണക്കത്തിനിടെ പിണക്കം വേണ്ട . മനുഷ്യ ജീവിതം കുറച്ചു കാലമാണ് . അതിനിടയിൽ വെറുക്കാൻ സമയമില്ല .അന്യോന്യം അംഗീകരിക്കുന്നതിലൂടെ പല അഭിപ്രായ വ്യത്യാസങ്ങൾക്കും പരിഹാരം കാണാനാകും .
കോപത്തെ വരുതിയിലാക്കുക .
  

               എ.ആർ.കൊടിയത്തൂർ 
                      പള്ളിത്തൊടിക 
             സൗത്ത് കൊടിയത്തൂർ ,
                        9605848833
                     
Don't Miss
© all rights reserved and made with by pkv24live