ജീവകാരുണ്യ പ്രവര്‍ത്തകന്‍ സായിറാം ഭട്ട് അന്തരിച്ചു;
നിര്‍മ്മിച്ച് നല്‍കിയത് 260 ലേറെ വീടുകള്‍
കാസർകോട്: കാസർകോട്ടെ ജീവകാരുണ്യ പ്രവർത്തകൻ സായിറാം ഭട്ട് (85) അന്തരിച്ചു. നിർധനരായ 260ൽ അധികം ആളുകൾക്ക് വീട് നിർമ്മിച്ച് നൽകി ശ്രദ്ധേയനായ വ്യക്തിയായിരുന്നു സായിറാം.
ബദിയഡുക്ക കിളിങ്കാർ നടുമനയിലെ കൃഷ്ണഭട്ട്-ദുക്ഷമ്മ ദമ്പതിമാരുടെ മകനായി 1937 ജൂലായ് എട്ടിനായിരുന്നു ഗോപാലകൃഷ്ണ ഭട്ടെന്ന സായിറാം ഭട്ടിന്റെ ജനനം. പാരമ്പര്യ വൈദ്യവും കൃഷിയുമാണ് പ്രവർത്തനമേഖല. ഗീതാഞ്ജനേയ വ്യായാമശാല എന്ന പേരിൽ നീർച്ചാലിൽ സ്ഥാപനം ആരംഭിച്ചാണ് പൊതുസേവനരംഗത്ത് സജീവമായത്.
അമ്പതു വയസ്സു പിന്നിട്ടപ്പോഴാണ് സായിറാം ഭട്ട് വീടില്ലാത്തവർക്ക് താങ്ങായിത്തുടങ്ങിയത്. കാലവർഷത്തിൽ വീട് നഷ്ടപ്പെട്ട അബ്ബാസിന് വീടു നിർമിച്ചു നല്കിയായിരുന്നു കാരുണ്യവഴിയുടെ തുടക്കം. തീർഥാടനത്തിനായി സ്വരൂപിച്ച പണമെടുത്തായിരുന്നു 1995-ൽ ആദ്യത്തെ വീടു നിർമിച്ചതും താക്കോൽ സീതാംഗോളിയിലെ അബ്ബാസിനെ ഏല്പിച്ചതും.
സ്വന്തം വീടു നിർമിക്കുന്ന അതേ പ്രാധാന്യത്തോടെയാണ് സായിറാം 260ലധികം വീടുകളും നിർമിച്ചത്. ഗുണമേന്മ ഉറപ്പാക്കാൻ പറ്റാത്തതിനാൽ നിർമാണച്ചുമതല മറ്റാരെയും ഏല്പിക്കാതെ തൊഴിലാളികളോടൊപ്പം നിന്ന് വീട് പണിതു. കഷ്ടപ്പെടുന്നവരെ കണ്ടെത്തി ചുറ്റുപാടുകൾ മനസ്സിലാക്കിലാക്കിയായിരുന്നു ഓരോ വീടുകൾ സായിറാം നിർമിച്ച് നൽകിയത്.
നിരവധി കുടിവെള്ളപദ്ധതികൾ, 100ലധികം വീടുകളുടെ വൈദ്യുതീകരണം, നിരവധി യുവതികളുടെ കല്യാണം, വീട് വെക്കാൻ ഭൂമി, സ്കൂൾ കുട്ടികൾക്ക് യൂണിഫോം, പുസ്തകം, മെഗാ മെഡിക്കൽ ക്യാമ്പുകൾ തുടങ്ങി ഒട്ടേറെ കാര്യങ്ങളും സായിറാമിന്റെ പരോപകാര പ്രവർത്തന മേഖലകളായിരുന്നു.