Peruvayal News

Peruvayal News

കനത്ത സുരക്ഷാ കവചത്തില്‍ ഛത്തീസ്ഗഡില്‍ വോട്ടെടുപ്പ് തുടങ്ങി; ആദ്യഘട്ടത്തില്‍ 18 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്

റായ്പൂര്‍: ഛത്തീസ്ഗഡില്‍ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. മാവോയിസ്റ്റ് ഭീഷണിയുള്ള സംസ്ഥാനത്തെ 18 സീറ്റിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പാണ് ഇന്ന നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും ഉള്‍പ്പടെയുള്ള പ്രമുഖരുടെ വാശിയേറിയ പ്രചരണത്തിന് ശേഷമാണ് സംസ്ഥാനത്ത് വോട്ടെപ്പ് തുടങ്ങിയത്. 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിനാണ് ഇന്ന് തുടക്കം കുറിക്കുന്നത്. മിച്ചമുള്ള 72 മണ്ഡലങ്ങളിലേക്ക് നവംബര്‍ 20നാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. മുഖ്യമന്തി രമണ്‍ സിംഗും രണ്ട് മന്ത്രിമാരും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ജനവിധി തേടുന്നവരില്‍ ഉള്‍പ്പെടും. നേരത്തെ കോണ്‍ഗ്രസിന് 12ഉം ബിജെപിക്ക് ആറും സീറ്റുകളാണ് സംസ്ഥാനത്തുനിന്നും ലഭിച്ചത്. വോട്ട് ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി കൊണ്ട് മിക്കയിടത്തും മാവോയിസ്റ്റുകള്‍ പോസ്റ്ററുകല്‍പതിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുക. കഴിഞ്ഞ തവണ ഒരു വോട്ടുപോലും ചെയ്യാത്ത 40 ബൂത്തുകളാണുണ്ടായിരുന്നത്. ബസ്തര്‍, രാജ്നന്ദ്ഗാവ് മേഖലകളില്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. മണ്ഡലങ്ങളില്‍ ഏറ്റവും ശ്രദ്ധാകേന്ദ്രം മുഖ്യമന്ത്രി രമണ്‍ സിംഗ് മല്‍സരിക്കുന്ന രാജ്നന്ദ്ഗാവ് ആണ്. നാലാംവട്ടം തെരഞ്ഞെടുപ്പിനിറങ്ങുന്ന രമണ്‍ സിംഗിനെ നേരിടുന്നത് ബിജെപിയും മുന്‍ ദേശീയ ഉപാദ്ധ്യക്ഷയും എ ബി വാജ്പേയിയുടെ അനന്തരവളുമായ കരുണ ശുക്ളയാണ്. സിപിഐ മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളും ബസ്തര്‍ മേഖലയിലാണ്. മധ്യപ്രദേശ്, മിസോറാം, രാജസ്ഥാന്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നവംബര്‍ 28നും ഡിസംബര്‍ ഏഴിനുമായി രണ്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
Don't Miss
© all rights reserved and made with by pkv24live