രാജ്യത്തെ 25ഓളം സ്ഥലങ്ങളുടെ പേരുമാറ്റുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി
ന്യൂഡൽഹി: രാജ്യത്തെ നഗരങ്ങളും ഗ്രാമങ്ങളും അടക്കം 25ഓളം സ്ഥലങ്ങളുടെ പേരുമാറ്റാൻ കേന്ദ്രസർക്കാർ കഴിഞ്ഞ ഒരു വർഷത്തിനിടെ അനുമതി നൽകിയതായി വെളിപ്പെടുത്തൽ. പശ്ചിമ ബംഗാളിന്റെ പേരുമാറ്റാനുള്ള നിർദേശം കേന്ദ്രത്തിന്റെ മുന്നിലുണ്ടെങ്കിലും ഇക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. പശ്ചിമ ബംഗാളിന്റെ പേര് ബംഗ്ലാ എന്നാക്കണമെന്നത് അടക്കമുള്ള നിർദേശങ്ങളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മുന്നിലുള്ളത്. ഉത്തർപ്രദേശിലെ അലഹബാദിന്റെ പേര് പ്രയാഗ്രാജ് എന്നാക്കുമെന്നും ഫൈസാബാദിന്റെ പേര് അയോധ്യ എന്നാക്കുമെന്നും പ്രഖ്യാപനമുണ്ടായെങ്കിലും ഇതുസംബന്ധിച്ച ശുപാർശകളൊന്നും ഇതുവരെ സംസ്ഥാന സർക്കാരിൽനിന്ന് ലഭിച്ചിട്ടില്ലെന്ന് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലുള്ള രാജമുൻഡ്രിയുടെ പേര് രാജാമഹേന്ദ്രവാരം എന്നാക്കുന്നതിനും ഒഡീഷയിലെ ഔട്ടർ വീലറിന്റെ പേര് എ.പി.ജെ അബ്ദുൾ കലാം ഐലൻഡ് എന്നാക്കുന്നതിനും അടക്കമുള്ളവയ്ക്കാണ് കേന്ദ്രസർക്കാർ അനുമതി നൽകിക്കഴിഞ്ഞത്. റെയിൽവെമന്ത്രാലയം, തപാൽ വകുപ്പ്, സർവെ ഓഫ് ഇന്ത്യ എന്നിവയുടെ അഭിപ്രായം ആരാഞ്ഞ ശേഷമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥലങ്ങളുടെ പേരുമാറ്റുന്നതിന് അനുമതി നൽകുന്നത്. മാറ്റാനുദ്ദേശിക്കുന്ന പുതിയ പേര് നിലവിൽ മറ്റുസ്ഥലങ്ങൾക്കൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാവും പേരുമാറ്റുക. എന്നാൽ സംസ്ഥാനങ്ങളുടെ പേര് മാറ്റുന്നതിന് ഭരണഘടനാ ഭേദഗതിതന്നെ വേണ്ടിവരും. എന്നാൽ, നഗരങ്ങളുടെയോ ഗ്രാമങ്ങളുടെയോ പേരുമാറ്റുന്നതിന് ഉത്തരവ് മാത്രം മതിയാവും. പശ്ചിമബംഗാളിന്റെപേര് ബംഗ്ലാ എന്നാക്കുന്നതിനുള്ള ശുപാർശ സംസ്ഥാന സർക്കാരിൽനിന്ന് ലഭിച്ചിരുന്നുവെങ്കിലും അയൽരാജ്യമായ ബംഗ്ലാദേശിന്റെ പേരുമായി സാദൃശ്യമുള്ളതിനാൽ ആഭ്യന്തര മന്ത്രാലയം ശുപാർശ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിരിക്കുകയാണ്. അഹമ്മദാബാദിന്റെ പേര് കർണാവതി എന്നാക്കി മാറ്റുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. തെലങ്കാനയിൽ ബിജെപി അധികാരത്തിലെത്തിയാൽ ഹൈദരാബാദ് അടക്കമുള്ള നഗരങ്ങളുടെ പേരുമാറ്റുമെന്ന് പാർട്ടി നേതാവ് രാജാ സിങ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. മുഗൾസരായ് റെയിൽവെ സ്റ്റേഷന്റെ പേര് ദീൻ ദയാൽ ഉപാധ്യായ സ്റ്റേഷൻ എന്നാക്കി മാറ്റുന്നതിന് കേന്ദ്രസർക്കാർ കഴിഞ്ഞവർഷം അനുമതി നൽകിയിരുന്നു. മുംബൈയിലെ ഛത്രപതി ശിവജി ടെർമിനൽസിന്റെ പേര് ഛത്രപതി ശിവജി മഹാരാജ് ടെർമിനൽസ്എന്നാക്കി മാറ്റുന്നതിനും അനുമതി നൽകിയിരുന്നു. ഒരു സംസ്ഥാനത്തിന്റെ പേര് അവസാനമായി മാറ്റിയത് 2011ലാണ്. ഒറീസയുടെ പേര് അന്ന് ഒഡീഷ എന്നാക്കി മാറ്റിയിരുന്നു. ബോംബെയുടെ പേര് 1995ലാണ് മുംബൈ എന്നാക്കി മാറ്റിയത്. 1996 ൽ മദ്രാസിന്റെ പേര് ചെന്നൈ എന്നാക്കി. 2001 ൽ കൽക്കട്ടയുടെ പേര് കൊൽക്കത്ത എന്നാക്കി. കർണാടകത്തിലെ ബാംഗ്ലൂർ അടക്കമുള്ളവയുടെ പേര് മാറ്റുന്നതിന് കേന്ദ്രം അനുമതി നൽകിയത് 2014 ലാണ്.
